ADVERTISEMENT

തിരുവനന്തപുരം ∙ എം. ശിവശങ്കറെ മുഖ്യമന്ത്രി പിണറായി വിജയൻ കൈവിട്ടതു വൻ സമ്മർദങ്ങൾക്കൊടുവിൽ. ശിവശങ്കറിലേക്കു നീളുന്ന കസ്റ്റംസ്, എൻഐഎ അന്വേഷണം എവിടേക്കൊക്കെ തുളഞ്ഞുകയറുമെന്ന വലിയ ചോദ്യമാണ് ഇനി സിപിഎമ്മിനും സർക്കാരിനും മുന്നിൽ.

സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു ശിവശങ്കറെ നീക്കിയ ശേഷം ഒൻപതാം ദിവസമാണ് സസ്പെൻഷൻ. ചീഫ് സെക്രട്ടറി തല അന്വേഷണം പ്രഖ്യാപിച്ച് അഞ്ചാം ദിവസവും.

നടപടി ഇത്രയും നീണ്ടുപോകരുതായിരുന്നുവെന്നു കരുതിയവർ സിപിഎമ്മിലും സിപിഐയിലുമുണ്ട്. സസ്പൻഷൻ, വകുപ്പ് തല അന്വേഷണം, സ്വപ്ന സുരേഷിനായി പൊലീസ് അന്വേഷണം എന്നീ കാര്യങ്ങൾ തുടക്കത്തിലേ പ്രഖ്യാപിച്ചുവെങ്കിൽ സർക്കാർ ഇത്രയും പ്രതിരോധത്തിലാകുമായിരുന്നില്ലെന്നു വിചാരിക്കുന്നവർ ഇടതു നേതൃത്വത്തിലുണ്ട്.

എന്നാൽ നിരപരാധിത്വം മുഖ്യമന്ത്രിയോട് ആവർത്തിച്ചാണു ശിവശങ്കർ ഓഫിസിൽനിന്നു പോയത്. സൗഹൃദബന്ധത്തിനപ്പുറം തെറ്റു ചെയ്തിട്ടില്ലെന്ന വിശദീകരണം തിരക്കിട്ട നടപടിയിൽനിന്നു മുഖ്യമന്ത്രിയെ വിലക്കി. ആരോപണങ്ങൾ തുടരെ ഉയർന്നതോടെ ശിവശങ്കറിനെ സർക്കാർ സംരക്ഷിക്കുന്നുവെന്ന പ്രതീതി തിരുത്തണമെന്നു സിപിഎം ആവശ്യപ്പെട്ടു. സ്പ്രിൻക്ലർ വിവാദം വന്നപ്പോൾ തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സിപിഎം നേതൃത്വത്തോട് അക്കാര്യം ആവർത്തിച്ചു. കണ്ണൂരിലായിരുന്ന കോടിയേരി ബാലകൃഷ്ണൻ ബുധനാഴ്ച തിരിച്ചെത്തിയശേഷം കാനവുമായി വീണ്ടും ഫോണിൽ സംസാരിച്ചു. ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തതോടെ വകുപ്പുതല റിപ്പോർട്ടിന്മേൽ എത്രയും വേഗം നടപടിയുണ്ടാകുമെന്നു പാർട്ടിക്കു പിണറായി ഉറപ്പു നൽകി. ഇന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കെ മുഖ്യമന്ത്രി നടപടി പ്രഖ്യാപിച്ചു.

കള്ളക്കടത്തുമായി ശിവശങ്കറിന് ബന്ധമുണ്ടോയെന്നു കസ്റ്റംസും അതു ഭീകരബന്ധത്തിലേക്കു നീളുമോയെന്ന് എൻഐഎയുമാണ് ഇനി നോക്കേണ്ടത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം എന്തു തന്നെയായാലും, സ്വന്തം സർക്കാർ നടത്തിയ അന്വേഷണത്തിൽ വിശ്വസ്തനായിരുന്ന സെക്രട്ടറി തെറ്റുകാരനാണെന്നു പിണറായി വിജയനു ബോധ്യപ്പെട്ടിരിക്കുന്നു. ഇന്റലിജൻസ് സംവിധാനവും സെക്രട്ടേറിയറ്റിൽ ഇലയനങ്ങിയാൽ അറിയാനുള്ള പാർട്ടിതല വിവരശേഖരണ സംവിധാനവുമെല്ലാം പരാജയപ്പെട്ടോ എന്ന ചോദ്യം ഉയരും. സസ്പെൻഷനൊപ്പം പ്രാധാന്യമുള്ളതാണു ശിവശങ്കർ നടത്തിയ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള തീരുമാനവും. സ്വന്തം വകുപ്പിനു കീഴിൽ സ്വപ്നയുടെതല്ലാതെ വേറെയും വഴിവിട്ട നിയമനങ്ങൾ നടന്നുവെന്നു പ്രാഥമികമായി മുഖ്യമന്ത്രിക്കു ബോധ്യപ്പെട്ടു.

ഒഴിവാക്കി, ഘട്ടം ഘട്ടമായി

തുടക്കത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം: സ്വപ്ന സുരേഷുമായുള്ള സൗഹൃദബന്ധം എന്ന തെറ്റു മാത്രമാണു ശിവശങ്കർ ചെയ്തത്. നിയമപരമായി എന്തെങ്കിലും തെറ്റു ചെയ്തതായി വിവരമില്ല. എന്നാൽ, ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ഓഫിസിൽ നിന്നു മാറ്റിനിർത്തുകയാണ്.

തുടർന്നും ആക്ഷേപങ്ങൾ വന്നതോടെ അന്വേഷിക്കാൻ സമിതിയെ വച്ചപ്പോഴും സസ്പെൻഡ് ചെയ്യാനുള്ള അടിസ്ഥാനപരമായ വസ്തുതകൾ സർക്കാരിനു മുന്നിലില്ലെന്നു മുഖ്യമന്ത്രി .

കസ്റ്റംസ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ നടപടി സൂചനകൾ: ‘തെറ്റു ചെയ്താൽ ആരെയും സംരക്ഷിക്കില്ല, റിപ്പോർട്ട് വരട്ടെ.’

ബുധനാഴ്ച: ‘റിപ്പോർട്ട് വേഗത്തിലാക്കും. കർക്കശ നടപടിയുണ്ടാകും.’

English Summary: Chief Minister Pinarayi Vijayan suspends M. Sivasankar

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com