കേരളത്തിൽ ദേശീയപാത 66 ന് 14,260 കോടി കൂടി; 373 കി.മീ 4-6 വരിയാക്കും
Mail This Article
ന്യൂഡൽഹി ∙ കേരളത്തിൽ ദേശീയപാത 66 ന്റെ (മുംബൈ-കന്യാകുമാരി) വികസനത്തിന് 14,260 കോടി രൂപയുടെ 9 പദ്ധതി കൂടി. 373 കിലോമീറ്റർ റോഡാണ് 4–6 വരിപ്പാതയാക്കി മാറ്റുന്നത്. ഇതിൽ 4671 കോടി ചെലവു പ്രതീക്ഷിക്കുന്ന 118 കിലോമീറ്റർ ഭാഗം 3 പദ്ധതികളിലായി ഈ സാമ്പത്തിക വർഷം തന്നെ ടെൻഡർ ചെയ്യും.ഇന്നലെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്ത പദ്ധതികൾക്കു പുറമേയാണിത്. ചില പദ്ധതികൾക്കു ഭൂമി ഏറ്റെടുത്തു കിട്ടാത്തതു കാരണം നടപടികൾ വൈകുന്നതായി അധികൃതർ പറഞ്ഞു.
രാജ്യത്ത് പദ്ധതിത്തുകയെക്കാൾ അധികം തുക ഭൂമി ഏറ്റെടുക്കാൻ വേണ്ട ഏക സംസ്ഥാനമാണു കേരളം. സാഗർമാല പദ്ധതിയിലുൾപ്പെടുത്തി 119 കിലോമീറ്റർ പോർട്ട് കണക്ടിവിറ്റി റോഡുകളും വീതികൂട്ടുന്നുണ്ട്. അഴീക്കൽ, ബേപ്പൂർ, കൊല്ലം, കൊച്ചി പോർട്ടുകളുമായി ബന്ധിപ്പിച്ചാണിത്.
ഭാരത്‌മാലയിൽ 7 റോഡുകൾ
7 പദ്ധതികളിലായി 847.44 കിലോമീറ്റർ റോഡ് ഭാരത്‌മാല പദ്ധതിയിലുൾപ്പെടുത്തി നിർമിക്കാനുദ്ദേശിക്കുന്നുണ്ട്. കൊച്ചി–തേനി, കൊല്ലം – ചെങ്കോട്ട, കോഴിക്കോട്– പാലക്കാട്, കുട്ട– മലപ്പുറം എന്നിവ ഇതിലുൾപ്പെടും. ഇവയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. നിലവിൽ നാലുവരിപ്പാതയുള്ള അരൂർ– തുറവൂർ തെക്ക് 13 കിലോമീറ്റർ റോഡ് ആറുവരി എലിവേറ്റഡ് ഹൈവേയാക്കി മാറ്റാനും ഉദ്ദേശ്യമുണ്ട്.
Content Highlights: National Highway projects Kerala