ചിന്തൻ ശിബിരം തീരുമാനങ്ങൾ 6 മാസമായി ഫ്രീസറിൽ
Mail This Article
കോഴിക്കോട്∙ കെപിസിസി ചിന്തൻ ശിബിരത്തിൽ കോൺഗ്രസ് സംഘടനാ സംവിധാനം പരിഷ്കരിക്കാനായി തയാറാക്കിയ നിർദേശങ്ങൾ ആറു മാസമായിട്ടും നടപ്പായില്ല. ചിന്തൻ ശിബിര തീരുമാനങ്ങൾ നടപ്പാക്കാനായി രൂപീകരിക്കുമെന്ന പറഞ്ഞ സമിതി പോലും ഇതുവരെ രൂപീകരിച്ചില്ല. സമിതിയുടെ ഘടന സംബന്ധിച്ചു മുതിർന്ന നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് കാരണം.
ജൂലൈ 22, 23 തീയതികളിൽ കോഴിക്കോട് നടന്ന ചിന്തൻ ശിബിരത്തിൽ രാഷ്ട്രീയം, സംഘടന, സാമ്പത്തികം, ഔട്ട് റീച്ച്, മിഷൻ 24 എന്നീ 5 ഉപസമിതികൾ 2 മാസം ചർച്ച ചെയ്തു തയാറാക്കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്തിമ നിർദേശങ്ങൾ തയാറാക്കിയത്. ‘കോഴിക്കോട് പ്രഖ്യാപനങ്ങൾ’ എന്ന പേരിൽ കെപിസിസി പ്രസിഡന്റ് അവതരിപ്പിച്ച ഈ നിർദേശങ്ങൾ നടപ്പാക്കാൻ ഒരു സമിതിയെ ചുമതലപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
ശിബിരം അംഗീകരിച്ച സംഘടനാ രേഖയനുസരിച്ച് ബൂത്ത് മുതൽ ബ്ലോക്ക് കമ്മിറ്റി വരെയുള്ള പുനഃസംഘടന ഒക്ടോബർ 15നു മുൻപ് പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ താഴേത്തട്ടിലെ പുനഃസംഘടനയിലേക്ക് പാർട്ടി ഇതുവരെ കടന്നിട്ടില്ല. ജംബോ കമ്മിറ്റികൾ ഒഴിവാക്കാനായി ബൂത്ത് മുതൽ ഡിസിസി വരെ ഓരോ സമിതിയിലെയും ഭാരവാഹികളുടെ എണ്ണം ഉൾപ്പെടെ ചിന്തൻ ശിബിരം അംഗീകരിച്ചിരുന്നു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ചിന്തൻ ശിബിര തീരുമാനങ്ങൾ നടപ്പാക്കുന്നതിനെ ബാധിച്ചതെന്നു കെപിസിസി ഭാരവാഹികൾ പറയുന്നു. ഭാരത് ജോഡോ യാത്രയുടെ സബ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പിന്നീടുള്ള പ്രവർത്തനങ്ങളെ ബാധിച്ചു.
English Summary: Chintan Shivir decision in freezer for the last 6 months