പ്രായം കൂടുതൽ, കിടന്ന് ഉറങ്ങാൻ വയ്യ; ഗജമുത്തശ്ശി താരയ്ക്ക് ചാരി നിന്നുറങ്ങാൻ മെത്ത
Mail This Article
ഗുരുവായൂർ ∙ താരയ്ക്ക് കിടന്നുറങ്ങാനാവില്ല. കിടന്നാൽ എഴുന്നേൽക്കാനായില്ലെങ്കിലോ എന്ന ഭയമാണ് ഈ ഗജമുത്തശ്ശിക്ക്. അതുകൊണ്ടു ചാരി നിന്നുറങ്ങാൻ മെത്ത തയാറാക്കിയിരിക്കുകയാണ് ദേവസ്വം അധികൃതർ.
1975 ജൂണിൽ പുന്നത്തൂർക്കോട്ട ആനത്താവളം തുറക്കുമ്പോൾ താര ഗുരുവായൂരിൽ ഉണ്ടായിരുന്നു. അന്നത്തെ പിടിയാനകളിൽ അവശേഷിക്കുന്ന താരമാണ് താര. പുന്നത്തൂർക്കോട്ടയിലെ രേഖകളിൽ 70 വയസ്സാണു താരയ്ക്ക്. സർക്കസ് കലാകാരിയായിരുന്ന താരയെ ഉടമ കെ.ദാമോദരൻ 1957 ൽ ആണ് ഗുരുവായൂരിൽ നടയ്ക്കിരുത്തുന്നത്. അപ്പോൾത്തന്നെ ആനയ്ക്കു നല്ല പ്രായമുണ്ടായിരുന്നതായി അന്നത്തെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.
പ്രായം കൂടുമ്പോൾ നാട്ടാനകൾ കിടന്നുറങ്ങുന്നതു കുറയ്ക്കുമെന്നു പാപ്പാൻമാർ ചൂണ്ടിക്കാട്ടുന്നു. പിന്നെ നിന്നാണ് ഉറക്കം. കാട്ടിൽ ആനകൾ നിന്ന് ഉറങ്ങാൻ ശീലിച്ചവരാണ്. നാട്ടാനകൾ മനുഷ്യൻ നൽകുന്ന സുരക്ഷിതത്വത്തിൽ 40% ഉറക്കം കിടന്നു കൊണ്ടാകും. പക്ഷേ, പ്രായം കൂടുന്നതോടെ കിടന്നുള്ള ഉറക്കം കുറയും.
കിടന്നുറങ്ങി എഴുന്നേൽക്കുമ്പോഴുള്ള ആയാസം കുറയ്ക്കാനായി നന്ദിനി എന്ന പിടിയാനയ്ക്ക് ഫൈബർ മാറ്റ് വാങ്ങാനും പദ്ധതിയുണ്ട്. ശരീരഭാരം മുഴുവൻ പേറി മുതുകിന്റെ അറ്റം ഊന്നി എഴുന്നേൽക്കുമ്പോൾ പ്രായം ചെന്ന ആനകൾക്കു തൊലി പൊട്ടാനും മറ്റുമുള്ള സാധ്യത കണക്കിലെടുത്താണ് മാറ്റ് കൊണ്ടുവരുന്നത്. 1.75 ലക്ഷം രൂപയാണ് ഒരാനയ്ക്കുള്ള മാറ്റിനു ചെലവ്.
English Summary : Bed for old elephant thara