ദേശീയപാതയിൽ കാർ അപകടം: 5 സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

Mail This Article
അമ്പലപ്പുഴ ∙ എറണാകുളത്തു ജോലി കിട്ടിയ യുവാവും യാത്രയാക്കാൻ പുറപ്പെട്ട സുഹൃത്തുക്കളുമടങ്ങിയ, തിരുവനന്തപുരത്തു നിന്നുള്ള അഞ്ചംഗ സംഘം ദേശീയപാതയിൽ ഇന്നലെ പുലർച്ചെ കാർ അപകടത്തിൽ മരിച്ചു. പുലർച്ചെ 1.45ന് കാക്കാഴം മേൽപാലത്തിൽ വച്ച് എതിരെ വന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.

തിരുവനന്തപുരം മുട്ടടയിൽ വാടകയ്ക്കു താമസിക്കുന്ന കോട്ടയം മഞ്ഞാമറ്റം മൂഴുർ കുതിരക്കാട്ടിൽ പരേതനായ ചാക്കോയുടെ മകൻ സുമോദ് (42), നെയ്യാറ്റിൻകര ആനാവൂർ ആലത്തൂർ കാപ്പുകാട്ടുകുളത്തിൻകരയിൽ മോഹനൻ–അനിത ദമ്പതികളുടെ മകൻ മനുമോൻ (24), നെയ്യാറ്റിൻകര ആലത്തൂർ മച്ചകുന്നുമേലെ പുത്തൻവീട്ടിൽ യേശുദാസ്–ഷീജ ദമ്പതികളുടെ മകൻ വൈ.ഷിജിൻദാസ് (24), നെയ്യാറ്റിൻകര ആലത്തൂർ അമ്പാട്ട് അനിഴത്തിൽ ഗോപകുമാർ– ബിന്ദു ദമ്പതികളുടെ മകൻ പ്രസാദ് (24), കൊല്ലം മൺറോതുരുത്ത് കിടപ്രം വടക്ക് അരുൺ നിവാസിൽ പരേതനായ അനിരുദ്ധന്റെയും രാധാമണിയുടെയും മകൻ അമൽ (28) എന്നിവരാണു മരിച്ചത്.
സുമോദിന്റെ സംസ്കാരം ഇന്നു 11.30നു കോട്ടയം യഹോവായുടെ സാക്ഷികളുടെ രാജ്യഹാളിൽ ചരമശുശ്രൂഷയ്ക്കു ശേഷം പുതുപ്പള്ളി കാഞ്ഞിരത്തുംമൂട്ടിലുള്ള സെമിത്തേരിയിൽ. സുമോദിന്റെ ഭാര്യ ജസ്മി (വിജിലൻസ്, തിരുവനന്തപുരം), മകൾ അക്സ.
Read also: ചികിത്സയ്ക്കു നാട്ടുകാർ പണം പിരിച്ചു രക്ഷപ്പെടുത്തിയ ആൾക്ക് ക്രിസ്മസ് ബംപറിൽ ഒരു കോടി
മനുമോനെ എറണാകുളത്തു കൊണ്ടുവിടാൻ വരികയായിരുന്നു സുഹൃത്തുക്കൾ. ആന്ധ്രപ്രദേശിൽ നിന്നു കായംകുളത്തേക്കു വരികയായിരുന്ന അരി ലോറിയുടെ മുന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. സ്ഥിരം അപകട മേഖലയായ കാക്കാഴം ഭാഗത്തെ റോഡിന്റെ വളവോ കാർ ഓടിച്ചയാൾ ഉറങ്ങിപ്പോയതോ ആകാം അപകടകാരണമെന്നു മോട്ടർ വാഹന വകുപ്പും പൊലീസും അറിയിച്ചു.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. നാലുപേർ സംഭവസ്ഥലത്തും അമൽ നാലരയോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു. നാട്ടുകാരും പിന്നാലെയെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് ഏറെ പരിശ്രമിച്ചാണു കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
ഷിജിൻദാസ്, പ്രസാദ്, സുമോദ്, അമൽ എന്നിവർ തിരുവനന്തപുരം വിഎസ്‌എസ്‌സി കന്റീൻ ജീവനക്കാരാണ്. ഞായറാഴ്ച വൈകിട്ട് ഇവർ കളിയിക്കാവിളയ്ക്കു സമീപം വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു മടങ്ങുമ്പോഴാണു മറ്റൊരു സുഹൃത്തായ മനുമോനെ കണ്ടത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ആക്കാനാണു കാറിൽ കയറ്റിയതെങ്കിലും എറണാകുളം വരെ പോയിവരാമെന്നു പെട്ടെന്നു തീരുമാനിക്കുകയായിരുന്നു.
English Summary: 5 dead after car–lorry collide at Ambalapuzha