ADVERTISEMENT

തിരുവനന്തപുരം∙ സംഗീതനാടക അക്കാദമിക്കുവേണ്ടി നടൻ മുരളിയുടെ ശിൽപം പൂർത്തിയാക്കാൻ താൽപര്യമുണ്ടായിരുന്നുവെന്നും എന്നാൽ നിർമാണം തുടരാൻ അനുമതി നിഷേധിച്ചെന്നും ശിൽപി വിൽസൺ പൂക്കോയി. ആദ്യഘട്ടം കളിമണ്ണിൽ പൂർത്തിയാക്കിയപ്പോൾ കോവിഡ് കാലമായിരുന്നതിനാൽ അക്കാദമി ഭാരവാഹികൾക്കു നേരിട്ടു  വിലയിരുത്താൻ കഴിഞ്ഞില്ല. ശിൽപത്തിന്റെ ചിത്രം അയച്ചു കൊടുത്തപ്പോൾ തെറ്റില്ലെന്നു പറയുകയും നിർമാണം തുടരാൻ നിർദേശിക്കുകയും ചെയ്തു.

ഇതിനിടെ എറണാകുളത്ത് എരൂരിലുള്ള സ്റ്റുഡിയോയിൽ  അജ്ഞാതസംഘം ആക്രമിച്ച് ശിൽപം തകർത്തു. പിന്നീട് അക്കാദമി രണ്ടാമതൊരു ചിത്രം നൽകിയതുവച്ചു നിർമാണം ആരംഭിക്കുകയുമായിരുന്നു. കളിമണ്ണിലുള്ള ജോലി പൂർത്തിയായപ്പോൾ പരിശോധിക്കാനെത്തിയത് കലയുമായി ബന്ധമില്ലാത്ത സാങ്കേതിക വിദഗ്ധരായിരുന്നു.

Read also: നടൻ മുരളിയുടെ പ്രതിമ കുളമായി, എങ്കിലും ശിൽപിയെ ‘വെറുതേ വിട്ടു’; 5.70 ലക്ഷം എഴുതിത്തള്ളി

മുരളിയുമായി സാദൃശ്യമില്ലെന്ന ഇവരുടെ ശുപാർശ അക്കാദമി ചെയർമാനായിരുന്ന നേമം പുഷ്പരാജും ശരിവച്ചു. 19 ലക്ഷത്തിന് കരാർ ഏറ്റെടുത്ത ജോലിക്ക് മുൻകൂറായി 5,70,000 രൂപയാണ് കൈപ്പറ്റിയത്. ഇത് അടിയന്തരമായി തിരിച്ചു നൽകാനും ആവശ്യപ്പെട്ടു. സ്വന്തമായി വീടു പോലുമില്ലാത്ത തന്റെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടിയാണ് രൂപ തിരിച്ചടയ്ക്കുന്നത് ഒഴിവാക്കണമെന്ന് അക്കാദമിയോട് അപേക്ഷിച്ചതെന്നും വിൽസൺ പറ‍ഞ്ഞു.

കുമാരകോടിയിലെ ആശാന്റെ ശിൽപം, ആലപ്പുഴ പുന്നപ്ര വയലാർ ശിൽപം, രാജാകേശവദാസന്റെ ശിൽപം തുടങ്ങി ഒട്ടേറെ ശിൽപങ്ങൾ ചെയ്ത തനിക്ക് മുരളിയുടെ ശിൽപത്തിനായി 3 വർഷം ചെലവഴിക്കേണ്ടിവന്നു. ഒടുവിൽ മാനഹാനി മാത്രമാണ് പ്രതിഫലമായി കിട്ടിയത്. ശിൽപത്തിന്റെ കരാർ ലഭിക്കുന്നതിലും ജോലികൾ തടസ്സപ്പെടുത്തുന്നതിലും ഒരു സംഘം ആസൂത്രിതമായി ശ്രമം നടത്തിയെന്നും വിൽസൺ ആരോപിച്ചു.

ശിൽപം ഏറ്റുവാങ്ങിയില്ല

‘ശിൽപം സംഗീതനാടക അക്കാദമി വളപ്പിലേക്കു കൊണ്ടുവന്നിട്ടില്ല. നിർമ‍ാണഘട്ടത്തിൽ തന്നെ ഉത്തരവാദപ്പെട്ടവർ ശിൽപം നിർമിക്കുന്ന സ്ഥലത്തു പോയി പരിശോധിക്കുകയും രൂപസാമ്യം ഇല്ലാത്തതിനാൽ അത് സ്ഥാപിക്കാനാവില്ലെന്ന് അറിയിക്കുകയും ചെയ്തു.’ – കരിവെള്ളൂർ മുരളി, അക്കാദമി സെക്രട്ടറി

അതു വേറെ ശിൽപം

‘ഇപ്പോൾ അക്കാദമി വളപ്പിൽ ഉള്ളത് കൽപ്രതിമയാണ്. ഇതു മുരളിക്ക് ആദരാഞ്ജലിയായി, ‘ലങ്കാലക്ഷ്മി’ നാടകത്തിലെ രാവണരൂപത്തെ ശിൽപി രാജൻ കരിങ്കല്ലിൽ തീർത്തതാണ്. ഇതിന് 50,000 രൂപയിൽ താഴെ മാത്രമാണ് അക്കാദമിക്കു ചെലവായത്.’ – സി.രാവുണ്ണി, മുൻ സെക്രട്ടറി

English Summary: Actor Murali statue controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com