നയന സൂര്യന്റെ മരണകാരണം ഹൃദയാഘാതമെന്ന് മെഡിക്കൽ ബോർഡ്

Mail This Article
തിരുവനന്തപുരം ∙ സംവിധായിക നയന സൂര്യന്റെ മരണ കാരണം ശരീരത്തിലെ മുറിവുകൾ അല്ലെന്നും ഹൃദയാഘാതമാണെന്നും മെഡിക്കൽ ബോർഡിന്റെ പ്രാഥമിക നിഗമനം. ഹൃദയപേശികളിലേക്കുള്ള രക്തത്തിന്റെ ഒഴുക്കു തടസപ്പെട്ടാണ് ഈ രീതിയിൽ മരണം സംഭവിക്കുകയെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പതോളജി വിദഗ്ധരും ഇതു സ്ഥിരീകരിച്ചു.
കഴുത്തു ഞെരിഞ്ഞാണു നയനയുടെ മരണം എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളി. മരണകാരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന നിഗമനത്തിൽ ബോർഡിന് എത്താനായില്ലെന്നാണ് അറിയുന്നത്. കൊലപാതകത്തിലേക്കു നയിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തി.
നയനയുടെ മരണം സംഭവിച്ചതു പെട്ടെന്നല്ലെന്നും 2 മുതൽ 6 മണിക്കൂർ വരെ എടുത്തു മരണം സംഭവിച്ചതാകാമെന്നുമാണു പ്രാഥമിക വിലയിരുത്തൽ. ഇതിലേക്കു നയിച്ച കാരണങ്ങൾ മെഡിക്കൽ ബോർഡ് പരിശോധിച്ചു വരികയാണ്. നയന കിടന്ന മുറിയുടെ വാതിൽ അകത്തുനിന്നു കുറ്റിയിട്ടിരുന്നുവെന്ന ഫൊറൻസിക് റിപ്പോർട്ടും വിദഗ്ധർ പരിശോധിച്ചു. മറ്റാരാളുടെ സാന്നിധ്യം നയനയുടെ മുറിയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നയനയ്ക്കു മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനു മരുന്നു കഴിച്ചിരുന്നു.
പൊലീസ് സർജൻമാരായ ഡോ.പി.ബി.ഗുജ്റാൾ, ഡോ.എ.കെ.ഉൻമേഷ്, ഡോ. രഞ്ജു രവീന്ദ്രൻ, ഡോ.ബി.കൃഷ്ണൻ എന്നിവരെ കൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫൊറൻസിക് മെഡിസിൻ, സൈക്യാട്രി, പതോളജി വിഭാഗം മേധാവിമാരും ഉൾപ്പെട്ടതായിരുന്നു മെഡിക്കൽ ബോർഡ്.
ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനാൽ സുഹൃത്തുക്കൾ നയനയുടെ മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തു കയറിയെന്നായിരുന്നു സാക്ഷിമൊഴി. സാക്ഷികളുടെ സാന്നിധ്യത്തിൽ ഈ രംഗം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പുനരാവിഷ്കരിച്ചിരുന്നു. നയന കഴിച്ച മരുന്നുകളും മെഡിക്കൽ ബോർഡ് പരിശോധിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ബോർഡ് ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് നൽകും. 2019 ഫെബ്രുവരി 24നാണു വാടകവീട്ടിലെ മുറിയിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
English Summary: Medical Board Report in Nayana Sooryan's Death