എയർബാഗ് കീറിമുറിച്ച് പുറത്തെടുത്തു; പക്ഷേ..; കൊല്ലം സുധി പോയി, നടുക്കത്തിൽ ആരാധകർ
Mail This Article
കയ്പമംഗലം (തൃശൂർ) ∙ നടൻ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണു മലയാള സിനിമാ–ടെലിവിഷൻ സമൂഹം. ടിവി പരിപാടികളിലൂടെ സിനിമയിലെത്തി ജീവിതം പച്ചപിടിപ്പിക്കുന്നതിന്റെ തിരക്കിനിടയിലാണ് അപകടവും വിയോഗവും. പുലർച്ചെ പനമ്പിക്കുന്നിലെ അപകട സ്ഥലത്തേക്ക് ആദ്യമെത്തിയത് സമീപവാസികളും നാട്ടുകാരുമാണ്.
അപകടത്തിൽപെട്ട കാറിന്റെ മുൻസീറ്റിലായിരുന്നു സുധി. കാർ ഓടിച്ചിരുന്നത് ഉല്ലാസ് അരൂരും. പനമ്പിക്കുന്നിലെ ചെറിയ വളവു തിരിഞ്ഞെത്തിയ പിക്കപ് വാനിലേക്കു കാർ ഇടിച്ചുകയറുകയായിരുന്നു. കാറിനുള്ളിൽ നിന്ന് എയർബാഗ് കീറിയാണ് സുധിയെ പുറത്തെത്തിച്ചത്. സുധി അപ്പോൾ തന്നെ അബോധാവസ്ഥയിലായിരുന്നു. ഡ്രൈവറായ ഉല്ലാസിനെ പുറത്തിറക്കി കസേരയിൽ ഇരുത്തിയെന്നും നാട്ടുകാർ പറഞ്ഞു. അപ്പോഴേക്കും ഒട്ടേറെപ്പേർ രക്ഷാപ്രവർത്തനത്തിനെത്തി.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്. വാനിനു കാര്യമായ കേടുപാടില്ല. രക്ഷാപ്രവർത്തനത്തിന് എത്തിയവർ അറിയിച്ചതിനെത്തുടർന്ന് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. കാറിലുണ്ടായിരുന്നവരെ 3 ആംബുലൻസുകളിലാണ് കൊടുങ്ങല്ലൂർ എആർ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
രാവിലെയോടെ സുധിയുടെ മരണം സ്ഥിരീകരിച്ചു. തലയ്ക്കേറ്റ ഗുരുതര പരുക്കാണു മരണകാരണമെന്നു കരുതുന്നു. ഹൃദയസ്തംഭനം ഉണ്ടായതായും സൂചനയുണ്ട്. തുടർന്നു കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചെങ്കിലും തലയ്ക്കു പരുക്കുള്ളതിനാൽ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
English Summary: Kollam Sudhi car accident death