സിഎംആർഎലിനു വേണ്ടി വ്യവസായ നയത്തിൽ വെള്ളം ചേർത്തു; പാളി

Mail This Article
കൊല്ലം ∙ ധാതുമണൽ ഖനനം പൊതുമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തുമെന്ന ഒന്നാം പിണറായി സർക്കാരിന്റെ 2018 ലെ വ്യവസായ– വാണിജ്യ നയം സിഎംആർഎൽ (കൊച്ചി മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) നിയന്ത്രണത്തിൽ രൂപീകരിച്ച കമ്പനിക്കു വേണ്ടി അട്ടിമറിക്കാൻ നീക്കം നടത്തിയതിന്റെ വിവരങ്ങൾ പുറത്തുവന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും സിഎംആർഎൽ 1.72 കോടി രൂപ നൽകിയതു വിവാദമായതിനു പിന്നാലെയാണ് ഇക്കാര്യവും ചർച്ചയായത്.
സിഎംആർഎൽ പ്രമോട്ടർമാരായി രൂപീകരിച്ച കേരള റെയർ എർത്‌സ് ആൻഡ് മിനറൽസ് ലിമിറ്റഡിനു (കെആർഇഎംഎൽ) വേണ്ടിയായിരുന്നു ഈ നീക്കങ്ങൾ. കേരള വ്യവസായ വികസന കോർപറേഷനും (കെഎസ്ഐഡിസി) കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്‌സ് ലിമിറ്റഡും (ഐആർഇ) ചേർന്ന സംയുക്ത സംരംഭമാണെന്ന പേരിൽ കെആർഇഎംഎലിനു ഖനനാനുമതി നൽകാനാണ് ശ്രമം നടന്നത്. എന്നാൽ, കെആർഇഎംഎൽ സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനിയോ കോർപറേഷനോ അല്ലെന്ന് അന്നത്തെ വ്യവസായ– മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ കെ.ബിജു വിയോജനക്കുറിപ്പ് എഴുതിയതോടെ ആ നീക്കം പാളി. ബിജുവിനെ രായ്ക്കുരാമാനം ആ പദവിയിൽ നിന്നു മാറ്റിയാണ് സർക്കാർ അരിശം തീർത്തത്.
കരിമണൽ ഖനനത്തിനു കെആർഇഎംഎലിനു 2004 സെപ്റ്റംബറിൽ അന്നത്തെ സർക്കാർ അനുമതി നൽകിയെങ്കിലും വിവാദങ്ങളെത്തുടർന്ന് ഉത്തരവ് മരവിപ്പിച്ചിരുന്നു. ഇതിനെതിരെ കെആർഇഎംഎൽ സുപ്രീം കോടതിയെ സമീപിച്ചു. അപേക്ഷ പരിഗണിക്കണമെന്നായിരുന്നു 2016 ഏപ്രിലിലെ കോടതി നിർദേശം. എന്നാൽ, മോണോസൈറ്റ് അടങ്ങിയ കരിമണൽ ഖനനം ചെയ്യാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്കു മാത്രമേ അധികാരമുള്ളൂവെന്നു 2019 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവന്നു. കേന്ദ്ര നിയമം ചൂണ്ടിക്കാട്ടി സ്വകാര്യ കമ്പനിക്കു ഖനനാനുമതി നൽകാനാവില്ലെന്നു മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഫയലിലെഴുതിയതോടെയാണ് ആ നീക്കം നിലച്ചത്.
എൽഡിഎഫിന്റെ 2016 ലെ പ്രകടനപത്രികയിൽ പറയുന്നത്:
∙ കേരളത്തിന്റെ ഖനിജങ്ങൾ പൊതു ഉടമസ്ഥതയിലാക്കുകയും ഖനനത്തിനു ശക്തമായ സാമൂഹിക നിയന്ത്രണ സംവിധാനം കൊണ്ടുവരികയും ചെയ്യും.
2018 ലെ വ്യവസായ– വാണിജ്യ നയം പറയുന്നത്:
∙ ധാതുമണൽ ഖനനം പൊതുമേഖലയിൽ മാത്രമായി പരിമിതപ്പെടുത്തും.
English Summary:CMRL- Government Nexus