ADVERTISEMENT

കോട്ടയം ∙ പുതുപ്പള്ളി ഉറപ്പിച്ചു പറഞ്ഞു, ഉമ്മൻ ചാണ്ടിക്കു തുടർച്ച ചാണ്ടി ഉമ്മൻ തന്നെ. ആൾക്കൂട്ടങ്ങളുടെ പ്രിയനേതാവായിരുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാടിനെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളി വോട്ടാൾക്കൂട്ടമായി മാറിയപ്പോൾ ഭൂരിപക്ഷവും റെക്കോർഡിലെത്തി: 37,719 വോട്ട്. 

53 വർഷം നാടിനെ നയിച്ച ഉമ്മൻ ചാണ്ടിയുടെ 53-ാം ഓർമദിനത്തിലുള്ള സ്നേഹാഞ്ജലി കൂടിയായി ഈ ഉജ്വലവിജയം. ഒപ്പം, പുതുപ്പള്ളിയുടെ ജനഹൃദയങ്ങളിലേക്ക് അതിവേഗം നടന്നു കയറിയ പുതുനായകനുള്ള മിന്നുന്ന സ്നേഹസമ്മാനവും. 1970 മുതൽ ഉമ്മൻ ചാണ്ടി പേരിന്റെ പര്യായമായി കൊണ്ടുനടന്ന മണ്ഡലം ഇനി മകന്റെ പേര് ഒപ്പം ചേർക്കുന്നു. സിറ്റിങ് സീറ്റ് യുഡിഎഫ് നിലനിർത്തിയതോടെ നിയമസഭയിൽ അംഗബലത്തിൽ മാറ്റമില്ല: എൽഡിഎഫ് 99, യുഡിഎഫ് 41. 

∙ 2016 ലും 2021 ലും ഉമ്മൻ ചാണ്ടിയോടു പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് മൂന്നാം മത്സരത്തിൽ ചാണ്ടി ഉമ്മനോടും പരാജയപ്പെട്ടു. 

∙ 2021 ൽ 54,328 വോട്ടു നേടിയ എൽഡിഎഫിന് ഇത്തവണ 42,425 വോട്ടു മാത്രം. യുഡിഎഫ് വോട്ട് 63,372 ൽ നിന്ന് 80,144 ലേക്ക് ഉയർന്നു. 

∙ 2021 ൽ 11,694 വോട്ടു നേടിയ എൻഡിഎ ഇക്കുറി 6,558 ലേക്ക് ഒതുങ്ങി. ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ സ്ഥാനാർഥി ജി. ലിജിൻ ലാലിനു കെട്ടിവച്ച പണം നഷ്ടമായി. 

∙ ചാണ്ടി മറികടന്നത് 2011 ൽ ഉമ്മൻ ചാണ്ടി നേടിയ 33,225 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം. 2021ൽ 9,044 വോട്ടായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം. 

∙ ആകെ കിട്ടിയ വോട്ടിലും ചാണ്ടി പിതാവിന്റെ റെക്കോർഡ് മറികടന്നു. 

∙ ഉപതിരഞ്ഞെടുപ്പിലൂടെ കന്നിവിജയം നേടിയവരിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷമെന്ന റെക്കോർഡും ഇനി ചാണ്ടിക്ക്. 

∙ 8 പഞ്ചായത്തുകളിലും ചാണ്ടി ഉമ്മന് വ്യക്തമായ ഭൂരിപക്ഷം. 2021 ൽ മണർകാട് പഞ്ചായത്തിൽ എൽഡിഎഫായിരുന്നു മുന്നിൽ. 

∙182 ബൂത്തുകളിൽ ഒരേയൊരു ബൂത്തിൽ മാത്രം ജെയ്ക്കിന് ഭൂരിപക്ഷം: മീനടം പഞ്ചായത്തിലെ 153–ാം നമ്പർ ബൂത്തിൽ 160 വോട്ടിന്റെ ലീഡ്. 

∙ ചാണ്ടി ഉമ്മൻ തിങ്കളാഴ്ച രാവിലെ 10ന് നിയമസഭാ ഹാളിൽ സത്യപ്രതിജ്ഞ ചെയ്ത് നിയമസഭാംഗമാകും. 

സെഞ്ചറി അകലെ; സർക്കാരിനു തിരിച്ചടി

തൃക്കാക്കരയ്ക്കു ശേഷം വീണ്ടും ഒരു ഉപതിര‍ഞ്ഞെടുപ്പിൽക്കൂടി റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണു കോൺഗ്രസ്. തുടർച്ചയായ 2 തോൽവികൾ സിപിഎമ്മിനു തിരിച്ചടിയുമായി. 99 എംഎൽഎമാരുള്ള എൽഡിഎഫിന് നിയമസഭയിൽ 100 തികയ്ക്കുക എന്ന സ്വപ്നം തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയിലും വഴുതിമാറി. 

ഉമ്മൻ ചാണ്ടിയുടെ ഓർമ നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരായ രാഷ്ട്രീയ വിവാദങ്ങളും പ്രതിഫലിച്ചു. വികസനം ചർച്ച ചെയ്യുമെന്നു പറഞ്ഞു തുടങ്ങിയ തിരഞ്ഞെടുപ്പു പ്രചാരണം വ്യക്തിപരമായ ആരോപണങ്ങളിലേക്കും സൈബർ കേസുകളിലേക്കും വഴിമാറുന്ന കാഴ്ചയും പുതുപ്പള്ളിയിൽ കണ്ടു. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെയും സൈബർ ആക്രമണമുണ്ടായി. തനിക്കു നേരെയും സൈബർ ആക്രമണം ഉണ്ടായെന്നു കാട്ടി എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിന്റെ ഭാര്യ ഗീതു തോമസും പൊലീസിനെ സമീപിച്ചു. 

ജെയ്ക്കിന്റെ ബൂത്തിലും ചാണ്ടി

കോട്ടയം ∙ ജെയ്ക്കിന്റെ ബൂത്തിലും ചാണ്ടി ഉമ്മന് ലീഡ്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് വോട്ടുചെയ്ത മണർകാട് ഗവ. എൽപി സ്കൂളിലെ 72–ാം ബൂത്തിൽ ചാണ്ടി ഉമ്മൻ 484 വോട്ട് നേടി. ജെയ്ക്കിന് 338 വോട്ടു മാത്രമാണു ലഭിച്ചത്. 146 വോട്ടിന്റെ ലീഡ്. 

മന്ത്രി വി.എൻ.വാസവന്റെ പാമ്പാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലും ചാണ്ടി ഉമ്മനാണു ലീഡ്: 241 വോട്ട്. ചാണ്ടി: 471, ജെയ്ക്: 230. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ സ്വന്തം ബൂത്തായ 126 ൽ ചാണ്ടി ഉമ്മന് 379 വോട്ടിന്റെ ലീഡാണുള്ളത്. ചാണ്ടി: 485, ജെയ്ക്: 106. 

വോട്ട് നില

ആകെ വോട്ട് 1,76,417 

പോൾ ചെയ്തത് 1,31,036 

ചാണ്ടി ഉമ്മൻ (കോൺഗ്രസ്) 80,144 

ജെയ്ക് സി.തോമസ് (സിപിഎം) 42425 

ജി.ലിജിൻ ലാൽ (ബിജെപി) 6558 

ലൂക്ക് തോമസ് (ആം ആദ്മി) 835 

പി.കെ.ദേവദാസ് (സ്വതന്ത്രൻ) 60 

ഷാജി (സ്വതന്ത്രൻ) 63 

സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) 78 

നോട്ട 400 

അസാധു 473 

ഭൂരിപക്ഷം 37,719 

English Summary : Chandy Oommen wins in Oommen Chandy's Puthuppally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com