ADVERTISEMENT

മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസ്സ് മറ്റന്നാൾ കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് ആരംഭിക്കുകയാണ്. നവകേരള സദസ്സിൽ നടക്കുന്നതെന്ത്? പൊതുജനങ്ങൾ‌ക്ക് ഈ പരിപാടികൊണ്ടുള്ള നേട്ടമെന്ത്?

യാത്ര എന്തിന് ?

സമസ്ത മേഖലയിലെയും പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച്‌ നടത്തുന്ന ബഹുജന സദസ്സും അടങ്ങുന്ന പരിപാടിയാണ് നവകേരള സദസ്സ്. ഫയലിലും മറ്റും കുരുങ്ങിക്കിടക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുകയും പരിപാടിയുടെ ലക്ഷ്യമാണ്. എന്നാൽ, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുകയും സർക്കാർ ജനങ്ങൾ‌ക്ക് ഒപ്പമുണ്ടെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടി യാത്രയ്ക്കുണ്ട്.

യാത്രയിൽ ആരൊക്കെ?

മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും ഒറ്റ ബസിൽ ഓരോ നിയോജക മണ്ഡലത്തിലും എത്തുംവിധമാണ് ആസൂത്രണം. എന്നാൽ, എല്ലാ മണ്ഡലങ്ങളിലും എല്ലാ മന്ത്രിമാരും എത്താൻ ഇടയില്ല. മുഖ്യമന്ത്രിയും ചില മണ്ഡലങ്ങളിൽ എത്തിയേക്കില്ല. മറ്റു പരിപാടികളുടെയും ഒൗദ്യോഗിക ചുമതലകളുടെയും തിരക്കനുസരിച്ചായിരിക്കും അന്തിമ യാത്രാപരിപാടി.

സദസ്സ് എങ്ങനെ ? 

ഒരു ദിവസം 4 മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. ചില ദിവസങ്ങളിൽ മണ്ഡലങ്ങളുടെ എണ്ണം കുറയും. രാവിലെ ജില്ലാ കേന്ദ്രത്തിൽ അന്നത്തെ മണ്ഡലങ്ങളിലെ വിശിഷ്ട വ്യക്തികളും മുഖ്യമന്ത്രിയും മന്ത്രിമാരും ചേർ‌ന്നു പ്രഭാതയോഗം. 15 മിനിറ്റ് മുഖ്യമന്ത്രി പ്രസംഗിക്കും. പങ്കെടുക്കുന്നവർക്ക് അഭിപ്രായങ്ങൾ പറയാൻ 45 മിനിറ്റ്. മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിയോ അതിനോടു പ്രതികരിക്കും.

പരാതികൾക്ക് 7 കൗണ്ടർ

രാവിലെ 11, ഉച്ചയ്ക്കു ശേഷം 3, വൈകിട്ട് 4.30, 6 എന്നീ സമയങ്ങളിൽ നിയോജക മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡലസദസ്സ് നടക്കും. ഇവിടെ പൊതുജനങ്ങളിൽനിന്നു പരാതി സ്വീകരിക്കാൻ 7 കൗണ്ടറുകളുണ്ടാകും. മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കുന്ന ചടങ്ങ് ആരംഭിക്കുന്നതിനു മുൻപും കഴിഞ്ഞതിനു ശേഷവുമാണ് കൗണ്ടറുകളിൽ പരാതി സ്വീകരിക്കുക. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്കു പ്രത്യേകം കൗണ്ടറുകളുണ്ട്. മണ്ഡല സദസ്സ് ആരംഭിക്കുന്നതിന് 3 മണിക്കൂർ മുൻപു പരാതികൾ സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിച്ചതിനു ശേഷമേ കൗണ്ടറുകൾ അടയ്ക്കൂ. പരാതികളിൽ പൂർണമായ വിലാസവും മൊബൈൽ നമ്പറും ഇ–മെയിൽ വിലാസവും നൽകണം. കൈപ്പറ്റ് രസീത് നൽകും. സദസ്സ് നടക്കുന്ന സ്ഥലത്ത് 5,000 പേർക്ക് ഇരിപ്പിടം. വാഹന പാർക്കിങ്, ശുദ്ധജലം, ശുചിമുറി, പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ.

പരാതികളുടെ ഭാവി?

ജില്ലാതല ഉദ്യോഗസ്ഥർ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പരാതി തീർപ്പാക്കി വിശദമായ മറുപടി നൽകി പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. കൂടുതൽ നടപടികൾ ആവശ്യമുള്ള പരാതികൾ പരമാവധി നാലാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കും. ഇത്തരം സാഹചര്യങ്ങളിൽ പരാതി കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളിൽ പരാതിക്കാരന് ഇടക്കാല മറുപടി നൽകും. സംസ്ഥാന തലത്തിൽ തീരുമാനിക്കേണ്ട വിഷയമാണെങ്കിൽ 45 ദിവസത്തിനുള്ളിൽ പരിഹരിക്കും. പരാതികൾക്ക് മറുപടി തപാലിലൂടെ നൽകും.

ചെലവ് എങ്ങനെ?

പരിപാടിയുടെ ചെലവിന്റെ ഒരു ഭാഗം സർക്കാർ വഹിക്കും. ബാക്കി സ്പോൺസർഷിപ്പിലൂടെ കണ്ടെത്തും. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പണം പിരിക്കുന്നുണ്ട്.

സംഘാടകർ

ഓരോ മണ്ഡലത്തിലെയും എംഎൽഎക്കാണു പരിപാടിയുടെ മുഖ്യ ചുമതല. യുഡിഎഫ് പിന്മാറിയ സാഹചര്യത്തിൽ ആ മണ്ഡലങ്ങളിലെ ചുമതലക്കാരെ ജില്ലാ എൽഡിഎഫ് യോഗങ്ങൾ ചേർന്നു നിശ്ചയിച്ചിട്ടുണ്ട്.

കലാപരിപാടികൾ

മണ്ഡല സദസ്സ് നടക്കുന്ന വേദികളിൽ ജനങ്ങളെ ആകർ‌ഷിക്കാനായി വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

വീട്ടിലെത്തും ക്ഷണക്കത്ത്

പരിപാടിക്കു പങ്കാളിത്തവും സഹകരണവും തേടിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ കത്ത് സംഘാടകർ ഓരോ വീട്ടിലും എത്തിക്കും. കൂടാതെ ‘വീട്ടുമുറ്റ സദസ്സുകളും’ നടത്തുന്നുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഈ കൂട്ടായ്മകളിൽ പരിഹാരം കണ്ടെത്താമെന്നാണു വാഗ്ദാനം. ഇതിൽ സർക്കാരിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നവർക്കു പ്രത്യേക പരിശീലനം നൽകുന്നുണ്ട്.

English Summary:

Discription about Navakerala sadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com