ADVERTISEMENT

പാനൂർ (കണ്ണൂർ) ∙ ബോംബ് നി‍ർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു (26), മിഥുൻലാൽ (28) എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടനസമയത്ത് അമൽ ബാബു സ്ഥലത്തുണ്ടായിരുന്നെന്നും മിഥുൻലാലിനു ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ മിഥുൻലാൽ ബെംഗളൂരുവിലായിരുന്നു. അവിടെനിന്നാണു പിടികൂടിയത്.

കഴിഞ്ഞ ദിവസം പിടിയിലായ സായൂജിനെ സ്ഫോടനം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. മേഖലയിൽ ഇന്നലെയും വ്യാപക റെയ്ഡ് നടന്നു. പരുക്കേറ്റു ചികിത്സയിലുള്ള വിനോദ്, അശ്വന്ത് എന്നിവരെ ഇന്നു തെളിവെടുപ്പിനു കൊണ്ടുവരുമെന്നാണു വിവരം. ബോംബ് നിർമാണത്തിന്റെ മുഖ്യ സൂത്രധാരനെന്നു കരുതുന്ന ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിനു വേണ്ടി തിരച്ചിൽ തുടരുകയാണ്.

അതേസമയം, സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ സംസ്കാരച്ചടങ്ങിൽ സിപിഎം പ്രാദേശിക നേതാക്കളും കെ.പി.മോഹനൻ എംഎൽഎയും പങ്കെടുത്തു. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.െക.സുധീർകുമാർ, എൻ.അനിൽകുമാർ, ചെറുവാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം എ.അശോകൻ എന്നിവരാണു ഷെറിന്റെ വീട്ടിലെത്തിയത്. കുന്നോത്തുപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് ഷെറിന്റെ വീട്ടിൽ പോയതെന്ന നിലപാടിലാണ് എൻ.അനിൽകുമാർ. 

പാർട്ടി തള്ളിപ്പറഞ്ഞ വിഷയത്തിൽ, സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുമ്പോ‍ൾ ഉത്തരവാദപ്പെട്ടവർ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്ന് സിപിഎം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുല്ല പറഞ്ഞു. കുടുംബബന്ധങ്ങളായാലും സുഹൃദ്‌ബന്ധങ്ങളായാലും ശ്രദ്ധിക്കേണ്ടതായിരുന്നു. പോകാനിടയായ സാഹചര്യം പാർട്ടിതലത്തിൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

∙ ‘ഷെറിന്റെ വീട്ടിലേക്കു സിപിഎം നേതാക്കൾ സന്ദർശനം നടത്തിയ വിവരമറിയില്ല. ഇതിൽ പാർട്ടിക്കു ബന്ധമില്ല. ഇതിലുൾപ്പെട്ടവർ പാർട്ടി സഖാക്കളെത്തന്നെ ആക്രമിച്ച കേസിൽ പ്രതികളാണ്. പിന്നെന്തുകൊണ്ട് ഏരിയ കമ്മിറ്റി നേതാക്കൾ സന്ദർശനം നടത്തിയെന്നറിയില്ല’. – എം.വി.ഗോവിന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി 

English Summary:

Two more including DYFI leader arrested in Panoor blast case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com