സിനിമാ തർക്കം: ആന്റണിക്ക് നോട്ടിസ്; സമരനീക്കം തള്ളി അമ്മ, സമരം വേണ്ടെന്ന് സംവിധായകരും

Mail This Article
കൊച്ചി ∙ നിർമാതാക്കളുടെ സംഘടനയായ ഫിലിം ചേംബറും അഭിനേതാക്കളുടെ സംഘടന അമ്മയും വ്യത്യസ്ത യോഗം ചേർന്നു തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചതോടെ സിനിമാ മേഖലയിലെ ഭിന്നത രൂക്ഷമായി. നിർമാതാവ് ആന്റണി പെരുമ്പാവൂരിന് ഫിലിം ചേംബർ കാരണം കാണിക്കൽ നോട്ടിസ് നൽകി. സമരവുമായി മുന്നോട്ടു പോകാൻ ചേംബർ തീരുമാനിച്ചു. ഇതേസമയം, സിനിമാ സമരത്തിനു പിന്തുണയില്ലെന്ന് അമ്മ പ്രഖ്യാപിച്ചു. നിർമാതാവ് ജി.സുരേഷ് കുമാറിനെതിരായ ഫെയ്സ്ബുക് പോസ്റ്റിന് ആന്റണി മറുപടി നൽകണമെന്നും പോസ്റ്റ് 7 ദിവസത്തിനകം പിൻവലിക്കണമെന്നും ചേംബർ ആവശ്യപ്പെട്ടു. സിനിമയുടെ ലാഭനഷ്ട കണക്കുകൾ ഓരോ മാസവും പുറത്തുവിടുമെന്നു സുരേഷ് കുമാർ ആവർത്തിച്ചു. ആരെയും എന്തും പറയാമെന്ന വെല്ലുവിളിയാണ് ആന്റണിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും മറുപടി കിട്ടിയ ശേഷം തുടർതീരുമാനങ്ങൾ വ്യക്തമാക്കുമെന്നും ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ്, സജി നന്ത്യാട്ട്, സിയാദ് കോക്കർ എന്നിവർ പറഞ്ഞു.
ചേംബർ യോഗത്തിനു തൊട്ടുമുൻപാണ് അമ്മ അഡ്ഹോക് കമ്മിറ്റി അംഗങ്ങളുടെയും പ്രമുഖ താരങ്ങളുടെയും യോഗം കൊച്ചിയിൽ ചേർന്നത്. നഗരത്തിലുണ്ടായിരുന്ന മോഹൻലാലും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമുൾപ്പെടെയുള്ളവരെ പെട്ടെന്നു വിളിച്ചായിരുന്നു യോഗം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സിനിമാ വ്യവസായം ചിലരുടെ പിടിവാശിമൂലം അനാവശ്യ സമരത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുകയാണെന്നു യോഗം കുറ്റപ്പെടുത്തി. അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച് ജനറൽ ബോഡി ചർച്ച ചെയ്യും. മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കുന്ന ഏതു സംഘടനയുമായും ചർച്ചയ്ക്കു തയാറാണെന്നും അമ്മ വ്യക്തമാക്കി. സമരത്തിലേക്കു പോകാതെ സിനിമയിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഡയറക്ടേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.