‘അവനെ ഒറ്റയ്ക്ക് അയച്ചപ്പോഴെങ്കിലും സംശയം തോന്നണമായിരുന്നു, എങ്കിൽ...’

Mail This Article
തിരുവനന്തപുരം∙ കീഴടങ്ങാൻ പൊലീസ് സ്റ്റേഷനിലേക്ക് ഓട്ടംവിളിച്ച ഓട്ടോയിൽ തന്നെയായിരുന്നു 3 മണിക്കൂർ മുൻപ് അനുജൻ അഹ്സാനെ പ്രതി അഫാൻ കുഴിമന്തിക്കടയിലേക്കും അയച്ചതും. എന്നാൽ, കടയിൽനിന്ന് അഹ്സാൻ തിരിച്ചു വീട്ടിലെത്തിയത് എങ്ങനെയെന്ന് ഓട്ടോ ഡ്രൈവർ ശ്രീജിത്തിന് അറിയില്ല. അഹ്സാനെ മിക്കവാറും ഓട്ടോയിൽ സ്കൂളിലെത്തിക്കാറുള്ള ശ്രീജിത്തിന് അവന്റെ വേർപാട് ഉൾക്കൊള്ളാനായിട്ടില്ല. ‘ആ ഉമ്മ പൊന്നുപോലെ പൊതിഞ്ഞുകൊണ്ടു നടന്ന പയ്യനായിരുന്നു, അഹ്സാൻ. ശ്വാസംമുട്ടിന്റെ അസുഖമുള്ള കുട്ടിയെ സ്കൂളിലേക്ക് അല്ലാതെ ഒരിക്കലും ഒറ്റയ്ക്കു വിടുന്നതു കണ്ടിട്ടില്ല. അവനെ ഒറ്റയ്ക്ക് ഓട്ടോയിൽ കയറ്റി അഫാൻ അയച്ചപ്പോഴെങ്കിലും എനിക്കു സംശയം തോന്നണമായിരുന്നു. എങ്കിൽ ഒരുപക്ഷേ...’ ശ്രീജിത്തിന്റെ വാക്കുകൾ മുറിഞ്ഞു...
അഫാന്റെ പേരുമലയിലെ വീട്ടിൽനിന്ന് 100 മീറ്ററിൽ താഴയേയുള്ളു ഓട്ടോ സ്റ്റാൻഡിലേക്ക്. വീട്ടിലെ പല ആവശ്യങ്ങൾക്കും ഓട്ടം പോകുന്നത് ഈ സ്റ്റാൻഡിലെ ഓട്ടോക്കാരാണ്. കൂട്ടക്കൊല നടന്ന ദിവസം ഉച്ചതിരിഞ്ഞ് 3.10നു ശ്രീജിത്തിന് അഫാന്റെ കോൾ വന്നു, ഉമ്മ ഷെമിയുടെ നമ്പറിൽനിന്ന്. ഓട്ടോ സ്റ്റാൻഡിന് അടുത്തുണ്ടെന്നും വെഞ്ഞാറമൂട് വരെ പോകണമെന്നും പറഞ്ഞു. എന്നാൽ, ചെന്നപ്പോൾ അഹ്സാൻ മാത്രമാണുണ്ടായിരുന്നത്. വെഞ്ഞാറമൂട്ടിൽ സിന്ധു തിയറ്ററിന് എതിർവശമുള്ള സഹർ മന്തിക്കടയ്ക്കു മുന്നിൽ ഇറക്കി. വണ്ടിക്കൂലി വാങ്ങി മടങ്ങി.
അഫാന്റെ അടുത്ത വിളി 6.09ന്, അതും ഉമ്മയുടെ ഫോണിൽനിന്ന്. വീടിനടുത്തേക്കു വരണമെന്നും വെഞ്ഞാറമൂട് വർക്‌ഷോപ്പിൽ പോകണമെന്നും ആവശ്യം. വീടിനു മുന്നിലെ പ്രധാന റോഡിൽ ബൈക്ക് നിർത്തിയ സ്ഥലത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബൈക്കിന്റെ പ്ലഗ് തകരാറാണെന്നും ചന്തയുടെ അടുത്തുള്ള വർക്‌ഷോപ്പിൽ വിടണമെന്നും പറഞ്ഞു. പോകുന്ന വഴി പുതിയ ബൈക്കിനെക്കുറിച്ചും മറ്റും പല കാര്യങ്ങളും ചോദിച്ചെങ്കിലും അഫാൻ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
മദ്യത്തിന്റെ മണം കിട്ടിയപ്പോൾ ശ്രീജിത്ത് കണ്ണാടിയിലൂടെ നോക്കി. ഫോണിൽ എന്തൊക്കെയോ നോക്കുകയായിരുന്നു അഫാൻ. മുഖത്തു ടെൻഷൻ ഒന്നുമില്ല. ചന്തയ്ക്കു സമീപത്തെ വർക്‌ഷോപ്പിൽ ഇറങ്ങണമെന്നു പറഞ്ഞയാൾ ഇറങ്ങിയതു പൊലീസ് സ്റ്റേഷനു സമീപം. വണ്ടിക്കൂലി വാങ്ങി ശ്രീജിത് മടങ്ങി. ഓട്ടോ സ്റ്റാൻഡിൽ നിൽക്കുമ്പോൾ അഫാൻ നേരത്തേ വിളിച്ച നമ്പറിൽനിന്നു വീണ്ടും വിളിവന്നു. വിളിച്ചതു വെഞ്ഞാറമൂട് പൊലീസ്. ‘ഈ നമ്പർ അറിയാമോ’ എന്നു ചോദിച്ചായിരുന്നു വിളി. കാര്യങ്ങൾ പറഞ്ഞു.
ഉമ്മയെയും അനുജനെയുമൊക്കെ കൊന്നെന്ന് അഫാൻ പറയുന്നുണ്ടെന്നും മാനസിക പ്രശ്നങ്ങൾ വല്ലതുമുണ്ടോയെന്ന് അറിയാമോയെന്നും പൊലീസ് ചോദിച്ചു. ഫോൺ അഫാന്റെ ഉമ്മയുടെ കയ്യിൽ കൊടുക്കാമെന്നു പറഞ്ഞു ശ്രീജിത് ഫോണുമായി അഫാന്റെ വീട്ടിലെത്തിയപ്പോൾ കണ്ടതു രണ്ടു പൊലീസുകാരെ. അപ്പോഴേക്കും അഫാൻ പറഞ്ഞതിന്റെ പൊരുളറിയാൻ സ്റ്റഷനിൽനിന്നു പൊലീസ് വീടിനു മുന്നിലെത്തിയിരുന്നു.
തന്നെ വിളിച്ചുകൊണ്ടിരുന്ന നമ്പറിന്റെ ഉടമ ആക്രമിക്കപ്പെട്ടെന്നും, മൂന്നു മണിക്കൂർ മുൻപു മന്തിക്കടയിൽ ഇറക്കിയ പതിമൂന്നുകാരൻ കൊല്ലപ്പെട്ടെന്നും അൽപം മുൻപു സ്റ്റേഷനു മുന്നിലിറക്കിയ അഫാനാണു ഇതൊക്കെ ചെയ്തതെന്നും തിരിച്ചറിഞ്ഞതോടെ ശ്രീജിത്തിന്റെ ദേഹമാകെ വിറച്ചു. ഇപ്പോഴും ആ അവസ്ഥ മറികടക്കാനായിട്ടില്ലെന്നു ശ്രീജിത് പറയുന്നു.