കെപിസിസി പ്രസിഡന്റ്: 2 പേരുകൾ പരിഗണനയിൽ; ഒറ്റപ്പേരിലേക്ക് എത്തിയാൽ നേതൃമാറ്റം ഈ മാസംതന്നെ

Mail This Article
ന്യൂഡൽഹി ∙ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി നേരത്തേ ഹൈക്കമാൻഡിനു കൈമാറിയതു നേതൃമാറ്റം എത്രയും വേഗം വേണമെന്ന റിപ്പോർട്ട്. കെപിസിസി അധ്യക്ഷ പദവിക്കു കെ.സുധാകരൻ യോഗ്യനെങ്കിലും അദ്ദേഹത്തെ ഇടവിട്ട് അലട്ടുന്ന ആരോഗ്യപ്രശ്നമാണു കാരണമായി ചൂണ്ടിക്കാട്ടിയത്. നേതൃമാറ്റം വേണ്ടെന്നും സുധാകരൻ തുടരട്ടെയെന്നും പരസ്യമായി അഭിപ്രായപ്പെട്ട ചില നേതാക്കളും സംഘടനയിൽ പരിഷ്കാരവും നേതൃമാറ്റവും വേണമെന്ന അഭിപ്രായമാണു ദീപ ദാസ്മുൻഷിക്കു മുന്നിൽ വച്ചത്.
തിരഞ്ഞെടുപ്പൊരുക്കം ചർച്ച ചെയ്യാൻ ഇന്നു നടക്കുന്ന കേരള നേതാക്കളുടെ യോഗത്തിന്റെ അജൻഡയിൽ നേതൃമാറ്റ വിഷയമില്ലെന്നു നേതൃത്വം ആവർത്തിച്ചു. അതേസമയം, പകരം ആരെന്ന കാര്യത്തിൽ മുതിർന്ന നേതാക്കൾക്കു യോജിപ്പിലെത്താൻ കഴിഞ്ഞാൽ മാർച്ചിൽ തന്നെ സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റത്തിനു കളമൊരുങ്ങും. ഇതിനൊപ്പം തന്നെ 10 ഡിസിസികളുടെ പുനഃസംഘടനയും നേതൃത്വത്തിന്റെ മനസ്സിലുണ്ട്. പത്തിടത്തും പേരുകളുടെ കാര്യത്തിൽ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്.
സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കു തുടക്കത്തിൽ 12 പേരുകൾ ചർച്ച ചെയ്യപ്പെട്ടെങ്കിലും 2 പേരുകളിലേക്കു നേതൃത്വം എത്തിയിട്ട് ഏറെക്കാലമായി. ഇതിലൊന്നിനോടു മുതിർന്ന നേതാക്കൾ യോജിച്ചാൽ ഹൈക്കമാൻഡിനു തീരുമാനം എളുപ്പമാകും. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നിലപാടു നിർണായകമാകുമെങ്കിലും ഒരു പേരു നിർദേശിച്ചു പക്ഷം പിടിച്ചെന്നു വരുത്താൻ അദ്ദേഹം താൽപര്യപ്പെടുന്നില്ല. പകരം സംസ്ഥാനത്തുള്ള നേതാക്കൾ യോജിപ്പിലെത്തട്ടെയെന്ന അഭിപ്രായമാണ് വേണുഗോപാലിന്. മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ അഭിപ്രായവും ഹൈക്കമാൻഡ് തേടും.
ബെളഗാവി പ്രവർത്തകസമിതിക്കിടെ കേരള വിഷയം ചർച്ച ചെയ്യാൻ സംസ്ഥാന നേതാക്കൾ പ്രത്യേകമിരുന്ന ഘട്ടത്തിൽ ദീപ ദാസ്മുൻഷി നേതൃമാറ്റ വിഷയം ഉന്നയിച്ചിരുന്നു. അനാരോഗ്യത്തെ തുടർന്നു സുധാകരന്റെ സേവനം പൂർണമായി പാർട്ടിക്കു ലഭിക്കുന്നില്ലെന്ന് പരാമർശിച്ചപ്പോൾ കോൺഗ്രസ് നേടിയ തിളക്കമുള്ള തിരഞ്ഞെടുപ്പു ജയങ്ങൾ എടുത്തു പറഞ്ഞ് സുധാകരൻ പ്രതിരോധിച്ചു.
ഇന്നത്തെ ചർച്ചയിൽ നേരിട്ട് നേതൃമാറ്റം പരാമർശിക്കാൻ ഇടയില്ലെങ്കിലും സംഘടനയെ ശക്തമാക്കാനുള്ള നടപടികളിൽ അതും പെടും. എന്നാൽ സുധാകരനെ കൂടി വിശ്വാസത്തിലെടുത്തും വേദനിപ്പിക്കാതെയും അതു ചെയ്യുകയാണ് പാർട്ടിക്കു മുന്നിലെ ദൗത്യം. ഡൽഹി ചർച്ചകളിൽനിന്നു കുറെക്കാലമായി വിട്ടുനിന്നിരുന്ന വി.എം.സുധീരനും ഇന്നത്തെ യോഗത്തിനുണ്ട്. അതേസമയം, മറ്റൊരു മുൻപ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കുന്നില്ല.