ആശാ സമരം: നാളത്തെ നിയമസഭാ മാർച്ച് നിർണായകം

Mail This Article
തിരുവനന്തപുരം ∙ ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് ആശാ വർക്കർമാർ നാളെ നടത്തുന്ന നിയമസഭാ മാർച്ച് നിർണായകമാകും. പ്രതിപക്ഷത്തിന്റെ ശക്തമായ പിന്തുണ സമരത്തിനു ലഭിച്ചതും സമരം പൊളിക്കാൻ സർക്കാർ നടത്തിയ നീക്കങ്ങളുമൊക്കെ സഭയിൽ ഉയരുന്ന ദിനം കൂടിയാണു നാളെ. ഓണറേറിയത്തിൽ മാന്യമായ വർധന നടത്തി സമരക്കാരെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമിക്കുമോയെന്നും വ്യക്തമാകും.
നിയമസഭാ മാർച്ച് നടക്കുന്ന വേളയിൽ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കുമെന്നാണു വിവരം. സർക്കാർ തള്ളിക്കളഞ്ഞാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു സമര സ്ഥലത്തേക്കു നീങ്ങാനാണു സാധ്യത. നാടകീയ രംഗങ്ങളിലൂടെ സമരത്തിനു കൂടുതൽ പിന്തുണ ഉറപ്പാക്കാതെ ഇന്നു തന്നെ രമ്യമായ പരിഹാരം കാണണമെന്ന അഭിപ്രായം സർക്കാരിൽ ചിലർക്ക് ഉണ്ട്.
എസ്‌യുസിഐ (കമ്യൂണിസ്റ്റ്) ആഭിമുഖ്യമുള്ള കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണു സമരം. കോൺഗ്രസ് നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചതോടെ സമരത്തിന്റെ മുഖം മാറി.
‘സിഐടിയു സമരത്തിന് ഇറക്കിയത് തൊഴിലുറപ്പുകാരെ’
സിഐടിയുവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ആശമാരുടെ സമരമെന്നു പ്രഖ്യാപിച്ചിട്ട് അതിൽ അങ്കണവാടി ജീവനക്കാരെയും തൊഴിലുറപ്പു തൊഴിലാളികളെയുമാണ് അണിനിരത്തിയതെന്നു കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ഭാരവാഹികൾ. സിഐടിയു സമരത്തിൽ പങ്കെടുത്തവർ, തങ്ങൾ ആശ വർക്കേഴ്സ് അല്ലെന്ന് ദൃശ്യമാധ്യമപ്രവർത്തകരോടു വെളിപ്പെടുത്തിയതിന്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിലുണ്ട്. വെള്ളിയാഴ്ചയാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം നടന്നത്.