‘കട്ടൻചായ’ പരാമർശം 40 വർഷം മുൻപത്തേത്: ഇ.പി. ജയരാജൻ

Mail This Article
തിരുവനന്തപുരം∙ ‘കട്ടൻചായയും പരിപ്പുവടയും’ പരാമർശം താൻ 40 വർഷം മുൻപു നടത്തിയതാണെന്നും അടുത്തകാലത്തുണ്ടായതെന്ന നിലയ്ക്കു മാധ്യമങ്ങൾ ഇതു വിവാദമാക്കുകയാണെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ. കമ്യൂണിസ്റ്റുകൾ പല്ലുതേക്കരുത്, കുളിക്കരുത്, കട്ടൻചായയും പരിപ്പുവടയും കഴിച്ചിങ്ങനെ പോകണം എന്നാഗ്രഹിക്കുന്നവരുണ്ട്. കാലോചിതമായി മാറ്റങ്ങൾ വരണമെന്നുദ്ദേശിച്ചു താൻ നടത്തിയ പ്രസ്താവന പുതിയതെന്ന നിലയ്ക്കു പ്രചരിപ്പിക്കുകയാണെന്നു ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘മവാസോ’ സ്റ്റാർട്ടപ് ഫെസ്റ്റിവലിൽ ഇ.പി.ജയരാജൻ പറഞ്ഞു.
താൻ വിവാദ പ്രസ്താവനകൾ നടത്തുന്നയാളെന്നു വരുത്തിത്തീർക്കാൻ ബോധപൂർവശ്രമമുണ്ട്. സത്യം ഒരിക്കൽ പുറത്തുവരും. തന്നെ പരിചയപ്പെടാൻ വരുന്നതിനു മുൻപു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും മുസ്‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയെയും പരിചയപ്പെട്ടിരുന്നതായി ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ തന്നോടു പറഞ്ഞിരുന്നു. എന്നാൽ തന്നെ കണ്ടത് ഒന്നരവർഷത്തിനുശേഷം വിവാദമാക്കി. ഓരോ വിവാദമുണ്ടാകുമ്പോഴും താൻ മുഖ്യമന്ത്രിയെയാണു മാതൃകയാക്കുന്നത്.
അദ്ദേഹം കേട്ട ആരോപണങ്ങളുടെ കണക്കെടുത്താൽ താൻ എത്ര അകലെയാണ്. പുതിയ മന്ത്രിമാരുടെ പ്രകടനം നല്ലതാണെന്നും മന്ത്രിസ്ഥാനത്തേക്കു സിപിഎം ഒരാളെ നിശ്ചയിക്കുന്നതു നറുക്കെടുപ്പിലൂടെയല്ല, കഴിവു നോക്കിയാണെന്നും ജയരാജൻ പറഞ്ഞു. കേരളത്തിനു പണവും സാങ്കേതികവിദ്യയുമില്ല. ഇല്ലാത്തത് ഉള്ളിടത്തുനിന്നു വാങ്ങി പുരോഗതി കൈവരിക്കണം. തങ്ങളൊക്കെ മരിച്ചിട്ടു കേരളം നന്നാകാനല്ല, ജീവിച്ചിരിക്കുമ്പോൾ തന്നെ നന്നാകാനാണ് ആഗ്രഹിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.