കുട്ടികൾക്കിടയിലെ ക്രൂരമർദനം, റാഗിങ്, ലഹരിവ്യാപനം... ഭീതിദമായിരിക്കുന്നു നമ്മുടെ നാടിന്റെ അവസ്ഥ

Mail This Article
താമരശ്ശേരിയിൽ സഹപാഠികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്കൂൾ വിദ്യാർഥി ഷഹബാസിന്റെ സംസ്കാരച്ചടങ്ങ് ടിവിയിൽ കണ്ടു. ആ പാവപ്പെട്ട വിദ്യാർഥിയുടെ ശവമഞ്ചം പേറിയുള്ള യാത്ര എത്ര സങ്കടകരമാണ്. മനുഷ്യനെ പട്ടാപ്പകൽ നടുറോഡിൽ തല്ലിക്കൊല്ലുന്നതു നിസ്സാരകാര്യമായി കരുതുന്ന കാലമായിരിക്കുന്നു. പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചിട്ടു പണത്തിനു ചോദിച്ചാൽ തല്ലായി. ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചിട്ടു പണത്തിനു ചോദിച്ചാൽ തല്ലിക്കൊല്ലലായി. സ്കൂളിൽ അധ്യാപകൻ കുട്ടികളോട് എന്തെങ്കിലും ചോദിച്ചാൽ തിരിച്ചടിയായി. കുട്ടി മാത്രമല്ല രക്ഷിതാവും അധ്യാപകനെ ചോദ്യംചെയ്യുന്നു.
വളരെ പേടിപ്പിക്കുന്ന മറ്റൊരു കാര്യം കൂടി വന്നിരിക്കുന്നു – റാഗിങ്. സായിപ്പിന്റെ നാട്ടിൽനിന്നാണ് ഇതു വന്നത്. അപരിചിതമായ അന്തരീക്ഷത്തിലേക്ക് എത്തുന്ന കുട്ടികൾക്ക് പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ വേണ്ടി നടത്തിയിരുന്ന ചെറിയ കളിതമാശകൾ മാത്രമായിരുന്നു അത്. ഇന്നത് കൊലപാതകത്തിൽ എത്തിയിരിക്കുന്നു. അടുത്തകാലത്താണ് നമ്മെ ഏറെ വേദനിപ്പിച്ച് സിദ്ധാർഥന്റെ മരണം നടന്നത്. സിദ്ധാർഥന്റേതു കൊലപാതകമെന്നുതന്നെ പറയണം. സ്ഥാപനത്തിലെ വൈസ് ചാൻസലർ, റജിസ്ട്രാർ, ഡീൻ തുടങ്ങിയവരെല്ലാവരും ഈ സംഭവത്തിൽ പങ്കാളികളാണ്. തെളിവു കൊടുക്കാൻ ആരുമില്ല. ഗവണ്മെന്റ് സിദ്ധാർഥന്റെ ഭാഗത്തായിരുന്നില്ല. അന്നത്തെ ഗവർണർ ധീരമായി ഇടപെട്ടതുകൊണ്ടു മാത്രമാണു കേസുണ്ടായത്. അതിപ്പോഴും എവിടെയുമെത്തിയിട്ടില്ല. ആ പാവപ്പെട്ട അച്ഛനും അമ്മയ്ക്കും മകൻ നഷ്ടപ്പെട്ടു.
പത്തും പന്ത്രണ്ടും വയസ്സുള്ള വിദ്യാർഥികൾ സ്കൂളുകളിൽ റാഗിങ്ങിൽ ഏർപ്പെടുകയാണ്. ആർക്കും ആരെയും അടിക്കാം. മിക്കതും മാരകമായ ആക്രമണത്തിലും ചിലതു കൊലയിലും കലാശിക്കുന്നു. ഉത്തരവാദപ്പെട്ട നേതാക്കൾ വിചാരിച്ചാൽ ഇതെല്ലാം ഇല്ലാതാക്കാം. ഇവർ വിചാരിക്കുന്നില്ല എന്നതാണു സത്യം. കൊച്ചുകുട്ടികൾ വരെ മാരകായുധങ്ങളുമായി സ്കൂളിലെത്തുന്നതാണു കാണുന്നത്. പണ്ട്, അമേരിക്കയിലൊക്കെ ഇങ്ങനെ കേൾക്കുമായിരുന്നു. ആ അക്രമവാസനയെ പരിഹസിച്ചിരുന്നവരാണു നമ്മൾ. അതിനെക്കാൾ ഭീതിദമായിരിക്കുന്നു ഇപ്പോൾ നമ്മുടെ നാട്.
നമ്മെ നയിച്ച ഗാന്ധിജിയുടെ നയംതന്നെ ലഹരിവിരുദ്ധമായിരുന്നു. ഒരുകാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയും ലഹരിയെ പരമാവധി ത്യജിച്ചവരാണ്. ഇന്നും അങ്ങനെ ചെയ്യുന്നുണ്ടാകാം. പഴയ കാർക്കശ്യമുണ്ടോയെന്ന് ഉറപ്പില്ല. ഇന്ന് എങ്ങും വയലൻസാണ്. അതിനു ലഹരി കാരണമാകുന്നുണ്ടെന്നാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സാഹിത്യത്തിലും സിനിമയിലും വയലൻസുണ്ട്. ഒരുകാലത്ത് സിനിമ മനുഷ്യനെ ആശയലോകത്ത് ഉയർത്താൻ പര്യാപ്തമായിട്ടുള്ളതായിരുന്നു. ആളുകളുടെ മനസ്സിനെ അവ വിമലീകരിച്ചു. നാല് അടികൊടുത്താലേ നന്നാകൂ എന്ന ഘട്ടത്തിലേ ദുഷ്ടകഥാപാത്രങ്ങൾക്കുപോലും അടികിട്ടിയിരുന്നുള്ളൂ. ഭീതി ജനിപ്പിക്കുന്ന തരത്തിലുള്ളവയൊന്നും സിനിമയിൽ ഉണ്ടാകുമായിരുന്നില്ല. ഇന്നു ചുരുക്കം ചില സംവിധായകർ മാത്രമാണു പ്രത്യാശയ്ക്കു വകനൽകുന്നത്.
സർക്കാർ ലഹരിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും ഉപയോഗത്തിനെതിരെ കൊച്ചു സിനിമകൾ നിർമിക്കുന്നുണ്ട്. നടീനടന്മാരെ ബോധവൽക്കരണത്തിനായി ഉപയോഗിക്കുന്നുമുണ്ട്. ഇതേ സർക്കാർ തന്നെയാണു പുതിയ ലഹരിവഴികൾ തേടുന്നതും. കേരളത്തിൽ ഇപ്പോഴത്തെ വിവാദവിഷയം പാലക്കാട് എലപ്പുള്ളിയിൽ തുടങ്ങാൻ പോകുന്ന ബ്രൂവറിയാണ്. മദ്യവും ലഹരിമരുന്നുമെല്ലാം ഒരുപോലെയാണ്. ഇവ തമ്മിൽ വലിയ വ്യത്യാസമില്ല. ഇതെല്ലാം തടയേണ്ട എക്സൈസും പൊലീസും എത്ര കേസുകൾ പിടിക്കുന്നുണ്ട്? രാഷ്ട്രീയക്കാരും പൊലീസ് – എക്സൈസ് ഉദ്യോഗസ്ഥരും ലഹരിമരുന്നുവിതരണക്കാരും തമ്മിൽ വലിയ ബന്ധമുണ്ടന്നു തോന്നിക്കുന്നുണ്ട് കാലം.