സ്വകാര്യ സർവകലാശാലാ ബിൽ: വിയോജിച്ച് പ്രതിപക്ഷാംഗങ്ങൾ

Mail This Article
തിരുവനന്തപുരം ∙ സ്വകാര്യ സർവകലാശാലാ ബില്ലിൽ സംവരണ വ്യവസ്ഥകൾ സംബന്ധിച്ചു കൃത്യമായ വിശദീകരണമില്ലെന്നു ചൂണ്ടിക്കാട്ടി നിയമസഭാ സബ്ജക്ട് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങളുടെ വിയോജനക്കുറിപ്പ്. 40% സീറ്റ് കേരളത്തിൽ നിന്നുള്ളവർക്കു സംവരണം ചെയ്യുമെന്ന വ്യവസ്ഥ എങ്ങനെ നടപ്പാക്കുമെന്നതിൽ വ്യക്തതയില്ല. സർവകലാശാലാ സംവരണച്ചട്ടമാണു ബാധകമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും മെഡിസിൻ, അഗ്രികൾചർ, എൻജിനീയറിങ് തുടങ്ങിയ പ്രോഗ്രാമുകളുള്ള മൾട്ടിഡിസിപ്ലിനറി ക്യാംപസുകളാകാമെന്നും പറയുന്നതിനാൽ ഇതിൽ ഏതിന്റെ സംവരണച്ചട്ടമാണു ബാധകമെന്നു ബില്ലിൽ പറയുന്നില്ല. മെഡിസിനു താമസസ്ഥലത്തിന്റെ അടിസ്ഥാനത്തിൽ സംവരണം പാടില്ലെന്നു സുപ്രീം കോടതി ഈയിടെ നിരീക്ഷിച്ചിരുന്നു.
ഫീസിളവിന്റെ പരിധിയിൽ പിന്നാക്ക ന്യൂനപക്ഷ വിദ്യാർഥികളെ ഉൾപ്പെടുത്താത്തതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പട്ടിക വിഭാഗങ്ങൾക്കു ഫീസിളവുണ്ടാകുമെന്നു മാത്രമാണു ബില്ലിൽ പറയുന്നത്. ഇതിനുപുറമേ, സ്വകാര്യ സർവകലാശാലകളിലേക്കു കൂട്ടിച്ചേർക്കപ്പെടുന്ന മെഡിക്കൽ, എൻജിനീയറിങ് കോളജുകളിലെ ഫീസ് നിർണയാധികാരം സർക്കാരിനു നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടെന്നും ആബിദ് ഹുസൈൻ തങ്ങൾ, ടി.വി.ഇബ്രാഹിം, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ വിയോജനക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.