പ്രീപ്രൈമറി വിദ്യാഭ്യാസം രണ്ടിനു പകരം ഇനി 3 വർഷം; പ്രവേശനം മൂന്നാം വയസ്സിൽതന്നെ

Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് പ്രീപ്രൈമറി വിദ്യാഭ്യാസം 2 വർഷത്തിനു പകരം ഇനി 3 വർഷം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 2026 മുതൽ 6 വയസ്സാക്കുന്നതിനൊപ്പമായിരിക്കും മാറ്റം. ഇപ്പോൾ 3 വയസ്സിൽ പ്രീപ്രൈമറി സ്കൂളിൽ ചേരുന്ന വിദ്യാർഥികൾക്ക് അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസിൽ പ്രവേശനം ലഭിക്കുന്ന സ്ഥാനത്താണ് ഒരു വർഷം കൂടി അധികം പഠിക്കേണ്ടി വരിക. 2026 മുതലും പ്രീപ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നത് മൂന്നാം വയസ്സിൽ തന്നെയായിരിക്കും.
3 വർഷത്തെ പ്രീപ്രൈമറി പഠനത്തിനുള്ള പാഠ്യപദ്ധതി എസ്‌സിഇആർടി രൂപപ്പെടുത്തും. വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുന്നതിന് പ്രീസ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കാനുള്ള നടപടികളും ഇതിനൊപ്പം സ്വീകരിക്കുമെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. പ്രീസ്കൂൾ ആരംഭിക്കുന്നതിനുള്ള അനുമതി, മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച മാർഗരേഖയും തയാറാക്കുകയാണ്. സ്വകാര്യ പ്രീപ്രൈമറി വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ പശ്ചാത്തലത്തിലാണിത്.
പഠനം 3 വർഷമാക്കുമ്പോൾ അതിനുള്ളിൽ കുട്ടികൾ ആർജിക്കേണ്ട മികവുകൾ വ്യക്തമാക്കുന്ന പാഠ്യപദ്ധതിയാകും രൂപപ്പെടുത്തുകയെന്ന് എസ്‌സിഇആർടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ് പറഞ്ഞു. 2013 ൽ രൂപപ്പെടുത്തിയ പാഠ്യപദ്ധതി അനുസരിച്ചുള്ള ‘കളിത്തോണി’ എന്ന പാഠപുസ്തകമാണ് ഇപ്പോൾ പൊതു വിദ്യാലയങ്ങളിലെ പ്രീപ്രൈമറിയിൽ കുട്ടികൾ ഉപയോഗിക്കുന്നത്.
വേദനയിൽ വേതനം
2012 ഓഗസ്റ്റിനു മുൻപ് സർക്കാർ വിദ്യാലയങ്ങളോടു ചേർന്നുള്ള പ്രീപ്രൈമറികളിൽ നിയമിതരായ ജീവനക്കാർക്കും പിന്നീട് അവരുടെ ഒഴിവിൽ നിയമിതരായവർക്കും മാത്രമാണ് സർക്കാർ ഓണറേറിയം നൽകുന്നത്. ഈ ഗണത്തിലുള്ളത് 2851 അധ്യാപകരും 1961 ആയമാരും മാത്രം. 2012 നു ശേഷം നിയമിതരായ അയ്യായിരത്തോളം ജീവനക്കാർക്കും എയ്ഡഡ് സ്കൂളുകളോടു ചേർന്നുള്ള പ്രീപ്രൈമറികളിലെ പതിനായിരത്തിലേറെ ജീവനക്കാർക്കും പിടിഎകൾ നൽകുന്ന തുച്ഛമായ വേതനം മാത്രമാണുള്ളത്. ഓണറേറിയം 2012 മുതൽ മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയും സർക്കാർ അപ്പീൽ സമർപ്പിച്ചിരിക്കുകയാണ്. പാഠപുസ്തകമായ കളിത്തോണിയുടെ രണ്ടും മൂന്നും വോള്യം ഈ അധ്യയന വർഷം ഭൂരിപക്ഷം ജില്ലകളിലും ലഭിച്ചതുമില്ല.