കേരള രാഷ്ട്രീയത്തിന്റെ റഫറൻസ് പോയിന്റ്
Mail This Article
കെ.എം. മാണിയുമായി വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ എ.എസ്. ഉല്ലാസ് അദ്ദേഹത്തെ ഓര്‍ത്തെടുത്തപ്പോള്‍....
എവിടെ എന്ത് ‘വെളിപ്പെടുത്തൽ’ വന്നാലും ചാനലുകൾ പാലായ്ക്ക് വച്ചുപിടിക്കുന്ന പതിവുണ്ട്. ഞങ്ങൾ പത്രക്കാരും കൂടെച്ചെല്ലും. രാഷ്ട്രീയത്തിലെ എന്ത് വെളിപ്പെടുത്തലായാലും ഒരു വരിയെങ്കിലും കിട്ടും ചാനലുകൾക്ക് കൊടുക്കാൻ .മനോരമയ്ക്ക് ഇത് പോരല്ലോ മാണി സാറെ എന്ന് അടുത്തു ചെന്ന് പറയുമ്പോൾ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. എന്നിട്ട് പത്രഭാഷയിൽതന്നെ പറഞ്ഞുതരും. കുറിച്ചെടുക്കുന്ന നോട്ട്പാഡിൽ നോക്കിയാണിരിപ്പ്. പറയാത്തത് എന്തെങ്കിലും കുറിക്കുന്നുണ്ടെങ്കിൽ തിരുത്താൻ– അതായിരുന്നു കെ.എം.മാണിയുടെ ജാഗ്രത.
പുരികത്തിന്റെയും മീശയുടെയും കട്ടിയും അവയുടെ നേർത്ത വളവും മാണിസാറിന്റെ മനസിനില്ല. മനസ് നേരേ വാ നേരേ പോ ലൈനാണ്. കെഎം. മാണിയെന്ന രാഷ്ട്രീയ മാന്ത്രികൻ മടങ്ങുമ്പോൾ ഒരു കാര്യം ബാക്കി നിൽക്കും. കേരള രാഷ്ട്രീയത്തിന്റെ റഫറൻസ് പോയിന്റായ നേതാവ് എന്ന ഖ്യാതിയും ഒപ്പം കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ആൾ രൂപവുമാണ് കെ.എം.മാണി. ഇരട്ട പ്രസവിച്ച കെ.എം.മാണിയെയും പാലായെയും പിരിച്ചെഴുതാൻ പറ്റില്ല. പാലാ ജീവിച്ചിരിക്കുന്നിടത്തോളം കാലം കെ.എം. മാണിയുടെ ഓർമകളും ജീവിക്കും. ഒരു തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മടക്കം.
ഇത്രയും വർഷം ജനങ്ങളുമായി ഇടപഴകിയ നേതാവെന്ന നിലയിൽ ഗ്രൗണ്ട് റിയാലിറ്റി അദ്ദേഹത്തിന് നല്ലതുപോലെ അറിയാം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പൊതു അവലോകനത്തിന് അദ്ദേഹത്തിന്റെ അടുക്കൽ ചെന്നാൽ മതി. കേരളത്തിൽ ഏത് ഭാഗത്ത് എങ്ങനെ വോട്ട് മറിയുമെന്ന് കെഎം.മാണി എന്ന നേതാവ് പറയും. ആര് സ്ഥാനാർഥിയായിരുന്നെങ്കിൽ ജയിക്കുമായിരുന്നുവെന്നും അറിയാം. അത് ഇടതായാലും വലതായാലും എല്ലാ മണ്ഡലത്തിലെയും നേതാക്കളുടെ സാധ്യതകൾ വരെ അദ്ദേഹം പറയും.–എന്നിട്ടൊരു വാക്കു കൂടി ചേർക്കും– ഇതൊന്നും പേപ്പറിൽ കൊടുക്കരുത് കേട്ടോ….എന്നിട്ടൊരു ചിരിയും.
കെ.എം.മാണിയുടെ ചിരിയിൽ മലയാളിക്ക് ഒരു കൗതുകമുണ്ട്. ആ ചിരി സകലമാന ചാനൽ ചോദ്യങ്ങളെയും വലിച്ചെടുക്കുന്നു. ചാനൽമൈക്കുകൾക്ക് പാഴ്് വാക്കുകൊണ്ടൊരു വിവാദം ഇട്ടുകൊടുക്കാത്ത ഒരു നേതാവേ ഉണ്ടാകു. അത് കെ.എം.മാണിയായിരിക്കും. പക്ഷേ ആ ചിരി കെ.എം.മാണിസാറിന്റെ ഉള്ളിൽ നിന്നുള്ളതാണ്. ഒരു സംസ്ഥാന പാർട്ടിയെ ഒറ്റയ്ക്ക് 55 വർഷം നയിച്ചെത്തിയതിന്റെ സന്തോഷത്തിൽ നിന്നുള്ള ചിരിയുമാണത്.
ചിരിയെക്കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ മാണി സാർ പറഞ്ഞതിങ്ങനെയാണ് ‘‘അതിപ്പോൾ എന്തു ചെയ്യാനാ, സന്തോഷമായാലും സങ്കടമായാലും അതിൽ ലയിച്ചുചേരുന്ന രീതിയാണ് എന്റേത്. ചിലർ അത് കൃത്രിമമാണെന്നു പറയും. പക്ഷേ കൃത്രിമംകൊണ്ട് അരനൂറ്റാണ്ട് ജനമധ്യത്തിൽ നിൽക്കാൻ കഴിയുമോ? ഒരു ശോകഗാനം കേട്ടാൽ എനിക്ക് മ്ലാനത വരും. അത്തരം സിനിമ കണ്ടാൽ കരയും. ഭാര്യ കുട്ടിയമ്മ അതിലപ്പുറമാണ്.’’–അദ്ദേഹം പറഞ്ഞു.
അതേ കെ.എം.മാണിയുടെ രാഷ്ട്രീയ മുഖം മറ്റൊന്നാണ്. രാഷ്ട്രീയ തന്ത്രങ്ങൾ സമയോചിതമായി അമർത്തിവയ്ക്കാനും വേണ്ടുമ്പോൾ പുറത്തെടുക്കാനും കെ.എം.മാണിയെപ്പോലെ ആർക്കുകഴിയും.
അദ്ദേഹത്തിനെ കാണാൻ പോകുമ്പോൾ മിക്കപ്പോഴും വൈകിട്ട് ചായകുടി സമയത്ത് പോകുന്നതാണ് നല്ലത്. മനസു തുറന്നുള്ള രാഷ്ട്രീയം കേൾക്കാം. കേരള കോൺഗ്രസ് എന്നു വിരസമായി പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. 1932ൽ ഡിഎംകെ, 1964 ൽ കേരള കോൺഗ്രസ് ഇങ്ങനെ പ്രാദേശിക പാർട്ടികളുടെ ഒരു നിര തന്നെ ഇന്ത്യയിൽ ഉയർന്നെത്തുമെന്ന് അദ്ദേഹം ഏത് സംഭാഷത്തിലും പറയും. രാജ്യത്ത് പ്രാദേശിക പാർട്ടികളുടെ മുന്നേറ്റത്തിന്റെ ഗതിവിഗതികൾ കാണാപ്പാഠമാണ് കെ.എം. മാണിക്ക്. നിർഭാഗ്യകരമായ ഭിന്നതകളുണ്ടായി അല്ലായിരുന്നെങ്കിൽ ഇതായിരുന്നില്ല അവസ്ഥയെന്ന് ഓരോ കൂടിക്കാഴ്ചയിലും അദ്ദേഹം പറയും. ഓരോ യോജിപ്പിന്റെയും സമയത്ത് അദ്ദേഹം പറയുന്നതു കേൾക്കാം. ‘‘ ഇപ്പോൾ യോജിപ്പിന്റെ കാലമാണ് ഇനി അതിന്റെ മുന്നേറ്റം കാണാം.’’
അനന്തസാധ്യതകളുടെ ഖനനമാണ് കെ.എം.മാണിയും കൂട്ടരും കേരള രാഷ്ട്രീയത്തിൽ നടത്തിയതെന്ന് ചരിത്രം കാണിച്ചുതരും. രാഷ്ട്രീയത്തിൽ ക്യത്യമായി മുന്നോട്ടു നീങ്ങിയ നേതാവ്. കേരള രാഷ്ട്രീയത്തിന്റെ ആഴങ്ങളും ഉയരങ്ങളും കണ്ട മാണിസാറിന്റെ മരണം. കെ.എം.മാണി എന്ന രാഷ്ട്രീയ നേതാവിന്റെ ചുടുനിശ്വാസം ഉൾക്കൊള്ളുന്ന കേരള കോൺഗ്രസിന് തീരാനഷ്ടമാണ്.