കാണാതായത് 3,636 വെടിയുണ്ടകൾ; സിഎജി റിപ്പോർട്ട് തള്ളി ക്രൈംബ്രാഞ്ച്

Mail This Article
തിരുവനന്തപുരം∙ എസ്എപി ക്യാംപിൽ നിന്നും കാണാതായത് 3,636 വെടിയുണ്ടകളാണെന്ന് ക്രൈംബ്രാഞ്ച്. എഡിജിപി ടോമിൻ ജെ. തച്ചങ്കരി ഐപിഎസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. 12,061 വെടിയുണ്ടകൾ കാണാനില്ലെന്നായിരുന്നു സിഎജിയുടെ റിപ്പോർട്ട്. 3,636 വെടിയുണ്ടകളെ സംബന്ധിച്ച് വ്യക്തമായ രേഖകളില്ലെന്നും ഇക്കാര്യം സമഗ്രമായി അന്വേഷിക്കുമെന്നും തച്ചങ്കരി പറഞ്ഞു.
1,415 ഇൻസാസ് വെടിയുണ്ടകൾ ഉൾപ്പെടെ 12,061 വെടിയുണ്ടകൾ കാണാനില്ലെന്നായിരുന്നു സിഎജി റിപ്പോർട്ട്. ക്രൈംബ്രാഞ്ച് പരിശോധനയിൽ ഇൻസാസ് വെടിയുണ്ടകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. എകെ–47 തോക്കിൽ ഉപയോഗിക്കുന്ന 1,576 വെടിയുണ്ടകൾ കാണാനില്ലെന്നായിരുന്നു സിഎജി കണ്ടെത്തിയത്. ഒൻപതെണ്ണം മാത്രമെ നഷ്ടപ്പെട്ടിട്ടുള്ളൂ എന്ന് ക്രൈംബ്രാഞ്ച് പരിശോധനയിൽ വ്യക്തമായി. സെൽഫ് ലോഡിങ് റൈഫിളുകളിലെ 3,627 വെടിയുണ്ടകൾ കാണാതായി. 8,898 വെടിയുണ്ടകൾ കാണാനില്ലെന്നായിരുന്നു സിഎജി റിപ്പോർട്ട്.
1996 ജനുവരി മുതൽ 2018 ഒക്ടോബര്‍വരെ പൊലീസ് ചീഫ് സ്റ്റോറിൽനിന്നും എസ്എപി ക്യാംപിലേക്ക് നൽകിയ വെടിയുണ്ടകളാണ് പരിശോധിച്ചത്. 95,629 വെടിയുണ്ടകൾ തരംതിരിച്ച് പരിശോധിച്ചു. മറ്റു ക്യാംപുകളിലേക്കു നൽകിയ വെടിയുണ്ടകളും വരുംദിവസങ്ങളിൽ പരിശോധിക്കും. വെടിയുണ്ടകൾ നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥർക്കും മേലുദ്യോഗസ്ഥർക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു. ആർക്കും ക്ലീൻ ചിറ്റ് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ആംഡ് പൊലീസ് ബറ്റാലിയനിൽ 25 എണ്ണം 5.56 എംഎം ഇൻസാസ് റൈഫിളുകളും 12,061 കാർട്രിഡ്ജുകളും കുറവാണെന്നാണ് സിഎജി കണ്ടെത്തിയത്. ആയുധശേഖരത്തിലുള്ള കുറവ് ഉയർന്ന ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു. ആയുധങ്ങളും വെടിക്കോപ്പും നഷ്ടപ്പെട്ടത് ഗുരുതരമായ പ്രശ്നമാണെന്നും സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ട് വിവാദമായതിനെത്തുടർന്ന് സർക്കാർ ക്രൈംബ്രാഞ്ചിനെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. തോക്കുകൾ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Content Highlight: Bullet Missing, Crime Branch, CAG Report