വിധിക്കു മുന്നിൽ കണ്നിറഞ്ഞ് സെഫി; നിർവികാരനായി തോമസ് കോട്ടൂർ

Mail This Article
തിരുവനന്തപുരം∙ ഏറെ കോളിളക്കം സൃഷ്ടിച്ച അഭയ കൊലപാതകക്കേസിൽ 28 വർഷത്തിനുശേഷം കോടതി ജീവപര്യന്തം ശിക്ഷയും പിഴയും വിധി പറഞ്ഞപ്പോൾ മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ കണ്ണുകൾ നിറഞ്ഞു. ഒന്നാംപ്രതി ഫാ.തോമസ് കോട്ടൂർ നിർവികാരനായി നിന്നു.
രാവിലെ 10 മണിയോടെ തന്നെ കോടതിപരിസരം പൊലീസിനെയും ജനങ്ങളെയും മാധ്യമങ്ങളെയും കൊണ്ട് നിറഞ്ഞു. കഴിഞ്ഞ ദിവസം കോടതിയിലെത്താതിരുന്ന, കേസിനെ സജീവമാക്കി നിർത്തിയ ജോമോൻ പുത്തൻപുരയ്ക്കൽ രാവിലെതന്നെ കോടതി നടപടികൾ കാണാൻ എത്തി. 10.15ന് പൊലീസ് വാഹനത്തിൽ തോമസ് കോട്ടൂരിനെയും സെഫിയെയും എത്തിച്ചു. ഇന്നലെ കോടതി വിധി പറയാൻ മാറ്റിവച്ചതോടെ തോമസ് കോട്ടൂരിനെ സെൻട്രൽ ജയിലിലും സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലുമാണ് പാർപ്പിച്ചിരുന്നത്. വരാന്തയിൽ കുറച്ചു നേരം നിന്നശേഷം ആദ്യം തോമസ് കോട്ടൂരും പിന്നീട് സെഫിയും കോടതി മുറിയിലേക്കു കയറി. ബന്ധുക്കളും പരിചയക്കാരും അടുത്തെത്തി ഇരുവരെയും ആശ്വസിപ്പിച്ചു. ചിലർ നെഞ്ചിൽ കൈവച്ച് പ്രാർഥിച്ചു. മറ്റു ചിലർ ഇരുവരുടേയും കയ്യിൽ മുറുകെ പിടിച്ചു.
രണ്ടുപേരും പ്രതികൂട്ടിനരികിലേക്കു മാറി നിന്നു. രണ്ടാമതാണ് അഭയകേസ് പരിഗണിച്ചത്. ആദ്യം തോമസ് കോട്ടൂരാണ് പ്രതികൂട്ടിലേക്കു കയറിയത്. പിന്നാലെ സെഫിയും കയറി. പരമാവധി ശിക്ഷ കൊടുക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്താണ് പ്രധാന പോയിന്റുകളെന്നു പറയാൻ കോടതി നിർദേശിച്ചു. പ്രോസിക്യൂഷൻ വാദം പൂർത്തിയായശേഷം പ്രതിഭാഗം അഭിഭാഷകർ തങ്ങളുടെ വാദം അവതരിപ്പിച്ചു.
തോമസ് കോട്ടൂർ രോഗിയാണെന്നും ശിക്ഷാ ഇളവ് നൽകണമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. വിചാരണ തടസപ്പെടുത്തുന്ന നടപടി പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അന്വേഷണത്തോട് സഹകരിച്ചതായും അഭിഭാഷകൻ പറഞ്ഞു. സെഫി രോഗിയാണെന്നും വയസായ മാതാപിതാക്കളുള്ള കാര്യവും അവരുടെ അഭിഭാഷകനും ചൂണ്ടിക്കാട്ടി. തുടർന്ന് ജഡ്ജി ഇരുവരോടും എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് ആരാഞ്ഞു. അഭിഭാഷകർ പറഞ്ഞ കാര്യങ്ങൾ ഇരുവരും ജഡ്ജിയുടെ അരികിലെത്തി പറഞ്ഞു.
11.25നു കോടതി താൽക്കാലികമായി പിരിഞ്ഞു. ഇരുവരും കോടതി മുറിയിലെ ബെഞ്ചിലിരുന്നു. സെഫിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. തോമസ് കോട്ടൂർ ഭാവവ്യത്യാസമില്ലാതെ ബെഞ്ചിലിരുന്നു. ചില ബന്ധുക്കൾ സെഫിയുടെ അടുത്തെത്തി പൊട്ടിക്കരഞ്ഞു. അഭിഭാഷകർ ഭാവികാര്യങ്ങൾ ചർച്ച ചെയ്തു.
11.50 ആയപ്പോൾ ജഡ്ജി വന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി 12 മിനിട്ട് ചേംബറിൽ ഇരുന്നു. 12.05ന് വിധി വായിച്ചു തുടങ്ങി. അഞ്ചു മിനിട്ടുകൊണ്ട് വിധിപ്രസ്താവം പൂർത്തിയാക്കിയപ്പോൾ ഇരുപ്രതികളും നിരാശരായി നിന്നു. ജഡ്ജി മടങ്ങിയശേഷം ഇരുവരെയും കോടതി മുറിയിൽ ഇരുത്തി. അഭിഭാഷകർ ഇരുവരുടേയും അടുത്തെത്തി സംസാരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒന്നര മണിയോടെ ഫാ. തോമസ് കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും, സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലേക്കും മാറ്റി.
English Summary: Sister Abhaya Murder Case - Court proceeding