തിഹാർ ജയിലിൽ സുരക്ഷ ഉറപ്പു വരുത്തണം: ദീപ് സിദ്ദു ഹർജി പിൻവലിച്ചു
Mail This Article
ന്യൂഡൽഹി∙ തിഹാർ ജയിലിൽ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റിലായ നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു സമർപ്പിച്ച ഹർജി പിൻവലിച്ചു. ദീപ് സിദ്ദുവിനെ പ്രത്യേക സെല്ലിൽ പാർപ്പിക്കാൻ തീരുമാനിച്ചതിനു പിന്നാലെ ഹർജി പിൻവലിക്കുന്നതായി സിദ്ദുവിന്റെ അഭിഭാഷകൻ അഭിഷേക് ഗുപ്ത കോടതിയെ അറിയിക്കുകയായിരുന്നു. സുതാര്യവും പക്ഷപാത രഹിതവുമായ അന്വേഷണം ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയും കോടതി പരിഗണിക്കും.
കർഷക സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമ സംഭവങ്ങളിൽ നടൻ ദീപ് സിദ്ദുവിനെ ഫെബ്രുവരി 23 നാണ് 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. 7 ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നു നടനെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോഴാണു ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ചെങ്കോട്ടയിലെ അക്രമ സംഭവങ്ങളിലെ പ്രധാനപ്പെട്ട ആളാണ് ദീപ് സിദ്ദുവെന്നു പൊലീസ് പറഞ്ഞു. ജനുവരി 26ന് ഡൽഹിയിൽ ട്രാക്ടർ പരേഡിനിടെ കർഷകരും പൊലീസും ഏറ്റുമുട്ടിയതു വൻ സംഘർഷത്തിനു വഴിവച്ചു. കുറെപ്പേർ ട്രാക്ടറുകൾ ഓടിച്ച് ചെങ്കോട്ടയിലെത്തുകയും ഗുരുദ്വാരകളിൽ പറത്തുന്ന നിഷാൻ സാഹിബ് പതാക ഉയർത്തുകയും ചെയ്തു. അക്രമത്തിൽ പ്രതിഷേധക്കാരിലെ ഒരാൾ മരിച്ചു, അഞ്ഞൂറോളം പൊലീസുകാർക്കു പരുക്കേറ്റു.
English Summary: Deep Sidhu withdraws ‘security’ plea from court