വാക്സീൻ ദൗർലഭ്യം; രാജസ്ഥാനിൽ പ്രതിരോധ കുത്തിവയ്പു നിർത്തിവച്ചു
Mail This Article
ജയ്പുർ∙ കോവിഡ് പ്രതിരോധ വാക്സീന്റെ ലഭ്യതയെക്കുറിച്ചു കേന്ദ്ര സംസ്ഥാന തര്‍ക്കത്തിനിടെ പിഎച്ച്സികൾ വഴിയും സിഎച്ച്സികൾ വഴിയും നടത്തിയിരുന്ന പ്രതിരോധ കുത്തിവയ്പു നിർത്തിവച്ചു രാജസ്ഥാൻ സർക്കാർ. രാജ്യത്ത് ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതല്‍ ആളുകൾക്കു പ്രതിരോധ കുത്തിവയ്പെടുത്ത സംസ്ഥാനമാണു രാജസ്ഥാൻ.
സംസ്ഥാനത്തു വാക്സീൻ ആവശ്യത്തിനു ലഭിക്കാനില്ലാത്തത് പ്രതിരോധ പ്രവർത്തനങ്ങൾ സാവധാനത്തിലാക്കിയതായി വാർത്ത വന്നതിന്റെ പിന്നാലെ സംസ്ഥാനത്തെ പഴിചാരി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. വാക്സീൻ ആവശ്യത്തിനു ലഭ്യമാക്കിയിട്ടില്ലെന്നതു തെറ്റാണെന്നും സംസ്ഥാനത്തിനു 37.61 ലക്ഷം ഡോസ് വാവാക്സീൻ ക്സിൻ നൽകിയതിൽ 24.28 ലക്ഷം മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്നുമായിരുന്നു കേന്ദ്രവാദം.
എന്നാൽ കേന്ദ്രം കള്ളക്കണക്കുകൾ നിരത്തുകയാണെന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട് കുറ്റപ്പെടുത്തി. ആകെ 31.45 ലക്ഷം ഡോസ് വാക്സീനാണു ലഭിച്ചതെന്നും അതിൽ 2.16 ലക്ഷം പട്ടാളത്തിനായുള്ളതായിരുന്നുവെന്നും ബാക്കി 29.3 ലക്ഷം മാത്രമാണു സംസ്ഥാനത്തിനു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ 1.62 ലക്ഷം യൂണിറ്റ് കേടായി. ഇതാകട്ടെ കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന 10 ശതമാനത്തിലും താഴെയാണ്. ബാക്കിയുള്ളതിൽ 23.26 യൂണിറ്റും ഉപയോഗിച്ചു കഴിഞ്ഞു. ഇതിൽ 3.6 ലക്ഷം രണ്ടാമത്തെ ഡോസ് എടുത്തവരാണ്. ബാക്കി 4.40 യൂണിറ്റ് മാത്രമാണ് അവശേഷിക്കുന്നത്. ദിവസേന രണ്ടു ലക്ഷം ഡോസാണു സംസ്ഥാനത്തു വിതരണം ചെയ്യുന്നത്. എന്നാൽ ചൊവ്വാഴ്ച 85,000 ഡോസ് മാത്രമാണു ലഭിച്ചത്. അതിനാലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയും മറ്റുമുള്ള വാക്സിനേഷൻ നിർത്തിവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് വാക്സീൻ സ്വീകരിച്ചവരിൽ 22% പേരും രാജസ്ഥാനിലാണ്. രണ്ടാം ഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ് നൽകാൻ ഒന്നരക്കോടിയോളം ഡോസ് വേണ്ടതുണ്ട്. എന്നാൽ ഒരാഴ്ചയ്ക്കുള്ളിലേ ഇനി വാക്സീൻ നൽകാനാകൂ എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഇതു പ്രശ്നം കൂടുതൽ വഷളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിനേഷന്റെ വേഗം കുറയ്ക്കാനുമാണു കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നതെന്നു സംസ്ഥാന ആരോഗ്യമന്ത്രി രഘു ശർമയും പറഞ്ഞു.
English Summary: Rajasthan stops fresh vaccinations in PHCs, CHCs