ബലാല്‍സംഗ കേസിൽ സിപിഎം നേതാക്കളുടെ അറസ്റ്റ് ഉടൻ; പരാതിക്കാരിക്ക് പിന്തുണയേറുന്നു

Mail This Article
കോഴിക്കോട്∙ വടകരയില്‍ പാര്‍ട്ടി അംഗത്തെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളായ സിപിഎം നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. പരാതിക്കാരിക്കു പൂര്‍ണപിന്തുണ നല്‍കുമെന്ന് ജനാധിപത്യ മഹിള അസോസിയേഷന് വ്യക്തമാക്കി. എന്നാല്‍ അറസ്റ്റ് വൈകിച്ച് പ്രതികളെ രക്ഷപെടുത്താനാണ് പൊലീസിന്റെ ശ്രമമെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു.
ഇന്നലെയാണ് ബ്രാഞ്ച് കമ്മിറ്റി അംഗത്തെ ബലാല്‍സംഗം ചെയ്തതിന് മുളിയേരി ബ്രാഞ്ച് സെക്രട്ടറി പി.പി. ബാബുരാജ്, പതിയരക്കര മേഖല സെക്രട്ടറി ടി.പി. ലിജീഷ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. ബലാല്‍സംഗം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയാണു വകുപ്പുകള്‍. കേസെടുത്ത് ഒരു ദിവസമായിട്ടും കസ്റ്റഡിയിലെടുക്കാത്തതു പ്രതികള്‍ക്കു രക്ഷപെടാന്‍ വേണ്ടിയാണെന്ന് ആക്ഷേപമുണ്ട്.
പരാതി നല്‍കും മുൻപേ പാര്‍ട്ടി ഇക്കാര്യം അറിഞ്ഞിരുന്നുവെന്നും പരാതിക്കാരിക്കു പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും ജനാധിപത്യ മഹിള അസോസിയേഷന് അറിയിച്ചു. അസോസിയേഷന് പ്രവര്‍ത്തകര്‍ പരാതിക്കാരിയെ കാണാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ അനുവദിച്ചില്ല. പാര്‍ട്ടി ഇടപെടല്‍ കാരണമാണ് അറസ്റ്റ് വൈകുന്നതെന്നാണു കോണ്‍ഗ്രസിന്റെ ആക്ഷേപം.
English Summary: Vadakara rape case, police investigation