ആഡംബര കാറുകളുടെ ഉടമ മോന്സനല്ലെന്ന് എംവിഡി: റിപ്പോര്‍ട്ട് നല്‍കി

Mail This Article
കൊച്ചി∙ മോന്‍സന്‍ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍ കണ്ടെത്തിയ നാല് ആഡംബര വാഹനങ്ങളെക്കുറിച്ച് വിവരങ്ങളൊന്നുമില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ്. ഒരു വാഹനവും മോന്‍സന്‍റെ പേരിലുള്ളതല്ലെന്നാണ് ആദ്യഘട്ടത്തിലെ കണ്ടെത്തല്‍. ഒരേ ഷാസി നമ്പര്‍ ഉപയോഗിച്ച് രണ്ടുസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വായ്പയെടുത്ത് വന്‍ തട്ടിപ്പ് നടത്തിയ മുംബൈയിലെ ദിലീപ് ഛബ്രിയ രൂപകല്പന ചെയ്ത ഡിസി അവന്തി എന്ന കാറും മോന്‍സന്‍റെ വാഹന ശേഖരത്തില്‍പ്പെടും. പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് സമര്‍പ്പിച്ചു.
മോന്‍സന്‍ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍ കണ്ടെത്തിയ എട്ട് ആഡംബര വാഹനങ്ങളാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധിച്ചത്. ഇതില്‍ 3 വാഹനങ്ങള്‍ ഹരിയാന രജിസ്ട്രേഷനും രണ്ടെണ്ണം മഹാരാഷ്ട്ര രജിസ്ട്രേഷനും ബാക്കിയുള്ളവ തമിഴ്നാട്, ഡല്‍ഹി, മധ്യപ്രദേശ് രജിസ്ട്രേഷനിലുമുള്ളതാണെന്ന് കണ്ടെത്തി. ഇതില്‍ നാല് ആംഡബര വാഹനങ്ങളെക്കുറിച്ച് പരിവാഹന്‍ വെബ്സൈറ്റിലടക്കം വിവരങ്ങളില്ലെന്നാണ് കാക്കനാട് ആര്‍ടിഒയ്ക്ക് ലഭിച്ച റിപ്പോര്‍ട്ട്.
മധ്യപ്രദേശില്‍ രജിസ്റ്റര്‍ ചെയ്തതായി കാണിക്കുന്ന ഒരു ടോയോട്ടാ, മഹാരാഷ്ട്ര രജിസ്ട്രേഷനില്‍ ഉള്ള റേഞ്ച് റോവര്‍, ഹരിയാന രജിസ്ട്രേഷനിലുള്ള ടോയോട്ടാ എസ്റ്റിമ എന്നിവയെക്കുറിച്ചാണ് വിവരങ്ങളൊന്നും ലഭ്യമല്ലാത്തത്. രാജ്യത്തെ ആദ്യത്തെ സ്പോര്‍ട്സ് കാര്‍ എന്ന പേരില്‍ ഇറങ്ങി പിന്നീട് വന്‍ തട്ടിപ്പിന് പിടിയിലായ ദിലീപ് ഛബ്രിയ രൂപകല്പന ചെയ്ത വിവാദ വാഹനമായ ഡിസി അവന്തിയും മോന്‍സന്‍റെ വാഹനശേഖരത്തിലുണ്ട്. ഈ വാഹനം മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ളതാണെങ്കിലും വിവരങ്ങള്‍ ലഭ്യമല്ല. ഒരേ ഷാസി നമ്പര്‍ ഉപയോഗിച്ച് രണ്ട് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വന്‍ വായ്പാ തട്ടിപ്പ് നടത്തിയതിന് ഡിസി അവന്തിക്കും ദിലീപ് ഛബ്രിയയ്ക്കുമെതിരായ കേസ് മുംബൈ പൊലീസിന്‍റെ അന്വേഷണത്തിലാണുള്ളത്.
മസ്ദയുടെയും മിസ്തുബുഷിയുടെയും ഓരോ വാഹനങ്ങളാണ് രൂപമാറ്റം വരുത്തി മോന്‍സന്‍ പോര്‍ഷെയാക്കിയതെന്നും കണ്ടെത്തി. ഒരു വാഹനങ്ങളും മോന്‍സന്‍റെ പേരിലുള്ളതല്ലെന്നാണ് പ്രാഥമിക നിഗമനം. വാഹനങ്ങള്‍ പരിശോധിച്ച മോട്ടോര്‍വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍മാര്‍ ഈ വിവരങ്ങളുള്‍പ്പെടുത്തി ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. വാഹനങ്ങളുടെ വിശദാംശങ്ങള്‍ തേടി മറ്റു സംസ്ഥാനങ്ങളിലെ മോട്ടോര്‍വാഹനവകുപ്പിനെ ഉടന്‍ സമീപിക്കും. അതിന് ശേഷമാകും തുടര്‍നടപടി.
English Summary: Monson mavunkal case updates