കുളത്തില്‍ ആയുധമില്ല; പൊലീസിനെ കബളിപ്പിച്ച് പ്രതി രാജേന്ദ്രൻ

Mail This Article
തിരുവനന്തപുരം∙ അമ്പലമുക്കിലെ അലങ്കാര ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീത വിജയനെ (38) കൊലപ്പെടുത്തിയ കേസിൽ പൊലീസിനെ കബളിപ്പിച്ച് പ്രതി രാജേന്ദ്രൻ. കുളത്തിൽ നടത്തിയ തിരച്ചിലിൽ ആയുധം കണ്ടെത്തിയില്ല. വിനീതയെ കൊലപ്പെടുത്താനുപയോഗിച്ച ആയുധം കുളത്തിൽ ഉപേക്ഷിച്ചെന്നായിരുന്നു രാജേന്ദ്രന്റെ മൊഴി. തിരച്ചിലിൽ കുളത്തിൽനിന്ന് പ്രതിയുടെ വസ്ത്രം കണ്ടെത്തി.
കഴിഞ്ഞ ഞായറാഴ്ചയാണ് വിനീത അമ്പലമുക്ക്–കുറവൻകോണം റോഡിലെ ടാബ്‌സ് ഗ്രീൻടെക് എന്ന സ്ഥാപനത്തിൽ കുത്തേറ്റു മരിച്ചത്. ചെടിച്ചട്ടി വിൽക്കുന്ന സ്ഥലത്തു നിൽക്കുമ്പോൾ രാജേന്ദ്രൻ വിനീതയുടെ 4 പവന്റെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ചു. വിനീത എതിർത്തപ്പോൾ കത്തി കൊണ്ടു കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
2017 ൽ ആരുവാമൊഴി പൊലീസ് സ്റ്റേഷൻ പരിധിയിൽ റിട്ട. കസ്റ്റംസ് ഓഫിസറെയും ഭാര്യയെയും കവർച്ചയ്ക്കായി കൊലപ്പെടുത്തിയതുൾപ്പെടെ 4 കൊലപാതക കേസുകളിൽ പ്രതിയാണ് രാജേന്ദ്രൻ. കന്യാകുമാരി ജില്ലയിൽ തോവാള വെള്ളമഠം സ്വദേശിയായ രാജേന്ദ്രൻ കഴിഞ്ഞ ഡിസംബർ മുതൽ പേരൂർക്കടയിലെ ഒരു ഹോട്ടലിൽ ജോലി നോക്കുകയായിരുന്നു.
English Summary: Vineetha Murder: Accused Rajendran Deceive police