ഗ്രൂപ്പ് തിരിഞ്ഞ് മത്സരം; ഐഎൻടിയുസി ഭിന്നിപ്പ് കോൺഗ്രസിന് തലവേദന

Mail This Article
കാസർകോട് ∙ കോൺഗ്രസിനു തലവേദനയായി ഐഎൻടിയുസിയിലെ ഭിന്നിപ്പ്. എഴു വർഷങ്ങൾക്കു ശേഷം അംഗീകൃത ട്രേഡ് യൂണിയനുകളെ തിരഞ്ഞെടുക്കാൻ വൈദ്യുതി ബോർഡിൽ 28 ന് നടക്കുന്ന ഹിത പരിശോധനയിലാണ് ഐഎൻടിയുസി ഗ്രൂപ്പു തിരിഞ്ഞ് മത്സരിക്കുന്നത്. കെ.പി.ധനപാലൻ പ്രസിഡന്റും വി.സുധീർകുമാർ ജനറൽ സെക്രട്ടറിയുമായി കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ, ആർ.ചന്ദ്രശേഖരൻ പ്രസിഡന്റും പ്രദീപ് നെയ്യാറ്റിൻകര ജനറൽ സെക്രട്ടറിയുമായി പവർ വർക്കേഴ്സ് കോൺഗ്രസ് എന്നീ സംഘടനകളാണ് ഐഎൻടിയുസിയിൽ രണ്ടു ചേരിയിൽ നിൽക്കുന്നത്.
വിഘടിച്ചു നിൽക്കുന്ന ഐഎൻടിയുസി ഗ്രൂപ്പുകളെ ഒറ്റ ബാനറിനു കീഴിൽ മത്സരിപ്പിക്കാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ ചർച്ചയിലും തീരുമാനമായില്ല. ഇതോടെ ഉചിതമായ തീരുമാനമെടുക്കാൻ ഇരു വിഭാഗവും കെപിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി. കെപിസിസി വൈസ് പ്രസിഡന്റ് കെ.പി.ധനപാലൻ, സിബിക്കുട്ടി ഫ്രാൻസിസ്, കഴിവൂർ സുരേഷ്, സി.എസ്.സജീവ്, ബിജു ആറ്റിങ്ങൽ, മറു വിഭാഗത്തെ പ്രതിനിധീകരിച്ച് ഐഎൻടിയുസി പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, പ്രദീപ് നെയ്യാറ്റിൻകര, വി.വീരേന്ദ്ര കുമാർ, ആർ.എസ്. വിനോദ് മണി എന്നിവരും സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണനുമാണ് കെപിസിസി പ്രസിഡന്റ് വിളിച്ച ചർച്ചയിൽ പങ്കെടുത്തത്. ഇതിനു മുൻപ് 2015 ലാണ് ഹിതപരിശോധന നടന്നത്. വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു), യുഡിഇഎഫ് (ഐഎൻടിയുസി), വർക്കേഴ്സ് ഫെഡറേഷൻ ( എഐടിയുസി) എന്നീ സംഘടനകൾക്കാണ് കഴിഞ്ഞ തവണ അംഗീകാരം ലഭിച്ചത്. ഐഎൻടിയുസിക്ക് ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു അംഗീകാരം.

കഴിഞ്ഞ തവണ ഐഎൻടിയുസി, എസ്ടിയു എന്നിവ ഒന്നിച്ച് യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് എന്ന പേരിലാണ് ഹിതപരിശോധനയിൽ പങ്കെടുത്തത്. 24.8 ശതമാനം വോട്ടാണ് അന്നു നേടിയത്. സിഐടിയു 44ശതമാനം, എഐടിയുസി 16 ശതമാനം എന്നിങ്ങനെ വോട്ടുമായി മൂന്നു യൂണിയനുകളും അംഗീകാരം നേടി. ഇത്തവണ സിഐടിയു, എഐടിയുസി സംഘടനകൾ ഒറ്റക്കെട്ടായാണ് മത്സരിക്കുന്നത്.
ഇതേ മാതൃകയിൽ ഐഎൻടിയുസിയും മുന്നണി സംവിധാനത്തിൽ മത്സരിക്കണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. എന്നാൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് എന്ന പേരിൽത്തന്നെ മത്സരിക്കുകയാണെങ്കിൽ പവർ വർക്കേഴ്സ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രദീപ് നെയ്യാറ്റിൻകരയെ ഇതിന്റെ ജനറൽ സെക്രട്ടറിയാക്കണം എന്നാണ് ചന്ദ്രശേഖരൻ വിഭാഗം ആവശ്യപ്പെടുന്നത്. അതേസമയം പ്രധാന ഭാരവാഹിത്വം കൊടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കെ.പി.ധനപാലൻ വിഭാഗം. ഇപ്പോൾ യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് പ്രസിഡന്റ് കെ.സി.രാജനും ജനറൽ സെക്രട്ടറി കഴിവൂർ സുരേഷും ആണ്.
തൊഴിലാളികളുടെ പ്രശ്നങ്ങൾ മാനേജ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്താനും ശമ്പളക്കരാറിൽ ഒപ്പിടാനും മാനേജ്മെന്റ് വിളിച്ചു ചേർക്കുന്ന യോഗങ്ങളിൽ പങ്കെടുക്കാനും ഹിതപരിശോധനയിൽ അംഗീകാരം നേടുന്ന തൊഴിലാളി സംഘടനകൾക്കേ സാധിക്കൂ. രണ്ടു ഗ്രൂപ്പുകളായി മത്സരിച്ചാൽ ഐഎൻടിയുസിക്ക് അംഗീകാരം കിട്ടാൻ സാധ്യതയില്ലെന്ന് ഭൂരിഭാഗം പ്രവർത്തകരും പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐഎൻടിയുസി ഭാരവാഹികൾ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കണ്ട് പ്രശ്നത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.

ഐഎൻടിയുസി ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി മത്സരിക്കാനുള്ള നിർദ്ദേശം കെപിസിസി നേതൃത്വം നൽകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. ഏപ്രിൽ 19ന് വൈകിട്ട് 5 വരെയാണ് ഹിതപരിശോധനയുടെ നോമിനേഷൻ നൽകാനുള്ള സമയം. പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ 20. ചർച്ചകളിൽ ഇരു വിഭാഗവും മുന്നോട്ടു വച്ച നിർദേശങ്ങൾ കേട്ട കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം ഐഎൻടിയുസി പ്രസിഡന്റ് ആർ.ചന്ദ്രശേഖരനെ തീരുമാനം അറിയിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ പറഞ്ഞു.
English Summary: INTUC Disunity is a new headache for Congress