കാര്‍ പാര്‍ക്ക് ചെയ്യാമെന്ന് പറഞ്ഞ് താക്കോൽ വാങ്ങും: വണ്ടിയുമായി മുങ്ങും; പ്രതിക്കായി തിരച്ചില്‍

Mail This Article
ചെന്നൈ∙ മറീന ബീച്ചിൽ കോർപറേഷൻ ജീവനക്കാരൻ ചമഞ്ഞ് വാഹന മോഷണം. സുരക്ഷിതമായി കാർ പാർക്ക് ചെയ്യാമെന്നു സഞ്ചാരികളെ തെറ്റിദ്ധരിപ്പിച്ചാണ് മോഷണം നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണു പൊലീസ്.
12 കിലോമീറ്റർ നീളത്തിലുള്ള ചെന്നൈ മറീനാ ബീച്ചിൽ എത്തുന്ന സഞ്ചാരികൾക്കു വാഹനം എവിടെ പാർക്ക് ചെയ്യണം എന്നതിൽ ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇതു മുതലെടുത്ത് അടുത്തിടെ വാഹന മോഷണങ്ങളും വ്യാജ പാർക്കിങ് ഗ്രൗണ്ട് തട്ടിപ്പുകളും നടന്നിരുന്നു. സമാനമായി കഴിഞ്ഞ ദിവസം കന്യാകുമാരിയിൽനിന്നെത്തിയ കുടുംബത്തിന്റെ വാഹനമാണു മോഷണം പോയത്. സുമിത്ര തങ്കജ്യോതിയും കുടുംബവും വന്ന വാഹനം പാർക്കിങ് ഏരിയയിൽ നിറുത്തിയിട്ടു.
അപ്പോഴാണ് കോർപറേഷൻ ജീവനക്കാരനാണെന്നു സ്വയം പരിചയപ്പെടുത്തിയ യുവാവ്, ഡ്രൈവറിൽനിന്നു കാറിന്റെ താക്കോൽ കൈക്കലാക്കിയത്. കാർ പാർക്കിങ് ഇവിടെയല്ലെന്നും മറ്റൊരിടത്ത് ആണെന്നും പറഞ്ഞ്, പാർക്കിങ് കൂപ്പണും നൽകി കാറുമെടുത്തു സ്ഥലംവിട്ടു. കുടുംബം ബീച്ചിലേക്ക് ഇറങ്ങി. ഏറെ നേരം കഴിഞ്ഞും താക്കോൽ തിരികെ തരാൻ യുവാവ് വരാത്തതിനെ തുടർന്നാണ് ഡ്രൈവർ തിരച്ചിൽ ആരംഭിച്ചത്. എന്നാൽ കാറിന്റെ പൊടിപോലും കണ്ടെത്താനായില്ല.
തുടർന്ന് അണ്ണാ സ്ക്വയർ പൊലീസ് സ്റ്റേഷനിൽ വാഹന ഉടമ പരാതി നൽകി. ബീച്ചിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary: Chennai Marina Beach car theft