സീറ്റ് വിഭജനത്തിൽ ചർച്ച നടത്തി ആർജെഡി–ജെഡിയു നേതാക്കൾ; 16 സിറ്റിങ് സീറ്റും വേണമെന്ന കടുംപിടിത്തത്തിൽ ജെഡിയു

Mail This Article
പട്ന ∙ ബിഹാറിലെ ലോക്സഭാ സീറ്റു വിഭജന തർക്കത്തിനിടെ ആർജെഡി–ജെഡിയു നേതാക്കൾ ചർച്ച നടത്തി. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും ഉപമുഖ്യമന്ത്രി തേജസ്വി യാദവും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിലെത്തിയാണു ചർച്ച നടത്തിയത്. കൂടിക്കാഴ്ച മുക്കാൽ മണിക്കൂറോളം നീണ്ടു നിന്നു. ബിഹാറിലെ 40 ലോക്സഭാ സീറ്റുകളിൽ ജെഡിയു 16 സിറ്റിങ് സീറ്റുകളിലും മൽസരിക്കുമെന്ന കടുംപിടിത്തത്തിലാണ്.
ജെഡിയു–ആർജെഡി കക്ഷികൾ 16 സീറ്റുകളിൽ വീതം മത്സരിക്കാമെന്ന ധാരണയിലെത്തിയെങ്കിലും ഏതൊക്കെ സീറ്റുകളെന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. ജെഡിയുവിന്റെ ചില സിറ്റിങ് സീറ്റുകൾ ആർജെഡി, കോൺഗ്രസ്, ഇടതുകക്ഷികൾ ആവശ്യപ്പെട്ടെങ്കിലും നിതീഷ് വിട്ടുവീഴ്ചയ്ക്കു തയാറല്ല.
സീറ്റു വിഭജന വിഷയത്തിൽ ‘ഇന്ത്യ’ മുന്നണിയിൽ ഭിന്നതയില്ലെന്ന് തേജസ്വി യാദവ് അവകാശപ്പെട്ടു. സീറ്റു വിഭജന വിഷയത്തിൽ ഇത്ര ആകാംക്ഷയുണ്ടാകേണ്ട കാര്യമെന്താണ്? എൻഡിഎയിൽ സീറ്റു വിഭജനം കഴിഞ്ഞിട്ടുണ്ടോ? തേജസ്വി മാധ്യമ പ്രവർത്തകരോടു മറുചോദ്യം ഉന്നയിച്ചു.