പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന് അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Mail This Article
ന്യൂഡൽഹി∙ പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിൻ (30) അന്തരിച്ചു. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള സുരഭി, ഓവേറിയൻ കാൻസർ ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു. രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.
‘‘എന്റെ ആരോഗ്യത്തെ കുറിച്ച് നിങ്ങളെ സ്ഥിരമായി അറിയിക്കാൻ സാധിക്കുന്നില്ല. ആരോഗ്യനില വളരെ മോശമാണ്. ആരോഗ്യസ്ഥിതി സംബന്ധിച്ച് എല്ലാവരും ചോദിക്കുന്നുണ്ട്. പക്ഷേ, കൂടുതലായി ഒന്നും പറയാനില്ല. കഴിഞ്ഞ രണ്ടുമാസമായി ഞാൻ ആശുപത്രിയിൽ തന്നെയാണ്. ചികിത്സ തുടരുകയാണ്. ഈ ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്ന് അവസാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’’– സുരഭി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സുരഭിയുടെ മരണവിവരം കുടുംബാംഗങ്ങൾ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഏപ്രിൽ 18നാണ് സുരഭി മരിച്ചത്. സുരഭിയുടെ സംസ്കാരം ഏപ്രിൽ 19ന് ഗാസിയാബാദിൽ നടത്തിയതായും കുടുംബം അറിയിച്ചു. 27–ാം വയസ്സിലാണ് സുരഭിക്ക് ആദ്യം കാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം 149 സ്റ്റിച്ചുകള്‍ ഉണ്ടായിരുന്നതായും വലിയ വേദനയുണ്ടായിരുന്നതായും സുരഭി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.