‘3 ദിവസം മുൻപും റിൻസൻ വീട്ടിലേക്ക് വിളിച്ചു, യുഎസിലേക്ക് പോയെന്ന് വിവരം; സ്വന്തം കമ്പനിയുണ്ടോയെന്ന് അറിയില്ല’
Mail This Article
മാനന്തവാടി ∙ വയനാട് സ്വദേശി റിൻസൻ ജോസിന് ലബനനിലെ പേജർ സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന വാർത്ത കേട്ട് ഞെട്ടി വീട്ടുകാരും അയൽവാസികളും. നോർവെയിൽ മികച്ച ശമ്പളത്തിൽ ജോലി ചെയ്യുന്നുവെന്ന വിവരം മാത്രമേ ബന്ധുക്കൾക്ക് അറിയൂ. നല്ല കമ്പനിയിലാണ് ജോലിയെന്നാണ് വീട്ടുകാരോടു പറഞ്ഞത്. രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ വരാറുണ്ടായിരുന്നു. കഴിഞ്ഞ നവംബറിലും റിൻസൻ നാട്ടിൽ എത്തിയിരുന്നു.
റിൻസനെക്കുറിച്ച് എല്ലാവർക്കും നല്ലത് മാത്രമേ പറയാനുള്ളുവെന്ന് അമ്മാവൻ തങ്കച്ചൻ പറഞ്ഞു. ‘‘എന്താണു സംഭവിക്കുന്നതെന്ന് അറിയില്ല. കഴിഞ്ഞ നവംബറിൽ നാട്ടിൽ വന്ന റിൻസൺ ജനുവരിയിലാണ് തിരിച്ചുപോയത്. എംബിഎ പൂർത്തിയാക്കിയശേഷമാണ് നോർവയിലേക്ക് സ്റ്റൂഡന്റ് വീസയിൽ പോയത്. അവിടെ പല ജോലികളും ചെയ്തു. നിലവിലെ ജോലി ഏറെ കഷ്ടപ്പെട്ടാണ് ലഭിച്ചതെന്ന് റിൻസൻ പറഞ്ഞിട്ടുണ്ട്. ഭാര്യയ്ക്കും ഇതേ കമ്പനിയിലാണ് ജോലി എന്നാണു പറഞ്ഞത്. മൂന്നു ദിവസം മുൻപ് വിളിച്ചിരുന്നു. എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ല. സ്വന്തമായി കമ്പനി ഉള്ള കാര്യവും അറിയില്ല. നോർവെ പൗരത്വം നേടിയ റിൻസന് അവിടെ സ്വന്തമായി വീടുണ്ട്. കമ്പനി ആവശ്യത്തിനുവേണ്ടി അമേരിക്കയിലേക്കു പോയെന്നാണ് വിവരം. ഇപ്പോൾ വിളിച്ചിട്ടു കിട്ടുന്നില്ല. ഭാര്യയുടെ ഫോൺ റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല. നോർവീജിയൻ ഭാഷ വളരെ നന്നായി റിൻസൻ കൈകാര്യം ചെയ്യും. അനധികൃതമായി എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടുന്ന ആളല്ല റിൻസൻ’’ – തങ്കച്ചൻ പറഞ്ഞു.
മാനന്തവാടി മേരി മാതാ കോളജിലും ബെംഗളൂരുവിലുമാണ് റിൻസൻ പഠിച്ചത്. കോട്ടയം സ്വദേശിയാണ് റിൻസന്റെ ഭാര്യ. ഇരട്ട സഹോദരനും മറ്റൊരു സഹോദരിയുമുണ്ട്. സഹോദരനു യുകെയിലാണ് ജോലി; സഹോദരി അയർലൻഡിലും. പിതാവ് ജോസിന് തയ്യൽ ജോലിയാണ്. പത്തു വർഷം മുൻപാണ് റിൻസൻ നോർവയിലേക്ക് പോയത്.
ലബനനിലെ പേജർ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് റിൻസന്റെ കമ്പനിയുടെ പ്രവർത്തനത്തെപ്പറ്റിയും അന്വേഷണം തുടങ്ങിയെന്ന് രാജ്യാന്തര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പേജർ വാങ്ങാൻ പണം കൈമാറിയത് റിൻസന്റെ കമ്പനി വഴിയാണെന്നാണ് അന്വേഷണ ഏജൻസികൾക്ക് വിവരം കിട്ടിയത്.
തയ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ പേരിൽ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ബിഎസി കൺസൽറ്റിങ് കെഎഫ്ടി എന്ന പേരിൽ കമ്പനി രൂപീകരിച്ചാണ് പേജറുകൾ നിർമിച്ചത്. പേജറുകൾ വാങ്ങാനുള്ള പണം മലയാളിയുടെ കമ്പനി ഹംഗറി കമ്പനിക്ക് കൈമാറിയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. നോർവെയിൽ താമസിക്കുന്ന റിൻസന്റെ കമ്പനി ബൾഗേറിയയിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. നോർവേയിലെ ഒരു കമ്പനിയിൽ റിൻസൻ ജോലി ചെയ്യുന്നുമുണ്ട്. പണം കൈമാറ്റത്തിനുള്ള നിഴൽ കമ്പനിയായി റിൻസന്റെ സ്ഥാപനം പ്രവർത്തിച്ചുവെന്നാണ് അനുമാനം. ഏതാണ്ട് 1.3 മില്യൻ പൗണ്ട് റിൻസൻ ഹംഗേറിയൻ കമ്പനിക്ക് കൈമാറിയെന്നാണ് പുറത്തു വരുന്ന വിവരം.