ശക്തമായ മഴ: പറമ്പിക്കുളം അണക്കെട്ട് തുറന്നു, 3 ഷട്ടറുകളും 5 സെ.മീ ഉയർത്തി
Mail This Article
പാലക്കാട് ∙ പറമ്പിക്കുളം അണക്കെട്ട് രാത്രി 11 ന് തുറന്നു. രാത്രി വൈകിയും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണു മൂന്നു സ്പിൽവേ ഷട്ടറുകളും തുറക്കാൻ തമിഴ്നാട് ജലവിഭവ വകുപ്പ് തീരുമാനിച്ചത്. പരമാവധി സംഭരണശേഷി 1,825 അടിയുള്ള പറമ്പിക്കുളം അണക്കെട്ടിൽ രാത്രി 10 മണിയോടെ 1824.60 അടി വെള്ളമായി. ഇതിനാൽ മൂന്നു ഷട്ടറുകളും 5 സെന്റീമീറ്റർ വീതം ഉയർത്തി.
ഷട്ടറുകള്‍ ഉയർത്തിയതോടെ സെക്കൻഡിൽ 600 ക്യുസെക്സ് വെള്ളം കുരിയാർകുറ്റി പുഴയിലൂടെ പെരിങ്ങൽകുത്ത് അണക്കെട്ടിലേക്ക് ഒഴുകിയെത്തും. അവിടെനിന്നു ചാലക്കുടി പുഴയിലേക്കാണ് ഒഴുകുക. രാത്രി ആവശ്യം വന്നാൽ 10 സെന്റീമീറ്റർ വരെ ഷട്ടറുകൾ ഉയർത്തും. അതിനിടെ, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.