അൽ ഉമ്മ സ്ഥാപകനും കോയമ്പത്തൂർ സ്ഫോടനക്കേസിലെ ഒന്നാം പ്രതിയുമായ എസ്.എ. ബാഷ അന്തരിച്ചു
Mail This Article
കോയമ്പത്തൂർ∙ അൽ–ഉമ്മ സ്ഥാപകനും കോയമ്പത്തൂർ സ്ഫോടനക്കേസിലെ ഒന്നാം പ്രതിയുമായ എസ്.എ. ബാഷ(83) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.20ഓടെയായിരുന്നു അന്ത്യം. മൂന്നു മാസങ്ങൾക്ക് പരോളിൽ ഇറങ്ങിയ ബാഷ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഉക്കടം റോസ് ഗാർഡനിലെ മകന്റെ വസതിയിലേക്ക് കൊണ്ടുവന്നു. 1998 ഫെബ്രുവരി 14 ന് വൈകിട്ട് നടന്ന സ്ഫോടന പരമ്പരയിൽ അൽ - ഉമ്മ സംഘടനയ്ക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു.
സ്ഥാപക നേതാവായ ബാഷ കേസിലെ ഒന്നാം പ്രതിയായിരുന്നു. ദീർഘകാലമായി കോയമ്പത്തൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ബാഷയ്ക്ക് പ്രായാധിക്യവും അസുഖവും കാരണമാണ് ഈ വർഷം ഏപ്രിൽ 18ന് താൽക്കാലികമായി പരോൾ നൽകിയത്. കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ തന്നെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടേണ്ടി വന്നതിനാൽ സർക്കാർ പരോൾ നീട്ടി നൽകുകയായിരുന്നു.