പഞ്ചാരകൊല്ലിയിൽ ദൗത്യസംഘത്തിനു നേരെ കടുവാ ആക്രമണം; ആർആർടി സംഘാംഗത്തിന് പരുക്ക്

Mail This Article
മാനന്തവാടി ∙ പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിനു നേരെ കടുവാ ആക്രമണം. ഒരു ആർആർടി സംഘാംഗത്തിന് പരുക്കേറ്റു. മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് പരുക്കേറ്റത്. ഉൾക്കാട്ടിൽ വച്ചായിരുന്നു ആക്രമണം. ജയസൂര്യയുടെ കയ്യിൽ കടുവ മാന്തുകയായിരുന്നു. തറാട്ട് ഭാഗത്ത് കടുവാ തിരച്ചിലിനു ഇറങ്ങിയ സംഘാംഗമാണ് ജയസൂര്യ. സ്ഥലത്ത് കടുവയെ കണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘം ഇവിടെയെത്തിയത്. വന്യജീവി ആക്രമണമുണ്ടായതായി മന്ത്രി എ.കെ. ശശീന്ദ്രൻ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജയസൂര്യയെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റാനാണ് തീരുമാനം.
പഞ്ചാരക്കൊല്ലിയിലെ നരഭോജികടുവയെ പിടികൂടാനുള്ള തിരച്ചിൽ വനംവകുപ്പ് തുടരുകയാണ്. 80 അംഗ ആർആർടി സംഘം പ്രദേശത്ത് 8 ഗ്രൂപ്പുകളായി തിരിഞ്ഞ് കടുവയ്ക്കായി തിരച്ചിൽ നടത്തുകയാണ്. രണ്ടു കൂടുകളും 38 ക്യാമറകളും വിവിധ മേഖലകളിലായി സ്ഥാപിച്ചിട്ടുണ്ട്. പ്രദേശവാസികളിൽ ചിലർ കടുവയെ വീണ്ടും കണ്ടെന്ന് പറയുമ്പോഴും കടുവയുടെ സാന്നിധ്യം കണ്ടെത്താൻ വനംവകുപ്പിനു കഴിഞ്ഞില്ല. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്നും കടുവയ്ക്കായി തിരച്ചിൽ നടത്തും.
വനംമന്ത്രി എ.കെ. ശശീന്ദ്രന്‍റെ നേതൃത്വത്തിൽ വയനാട്ടിൽ ഇന്ന് ഉന്നതതല യോഗം ചേരും. നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടികൾ യോഗം വിലയിരുത്തും. പ്രതിഷേധ സാഹചര്യവും ചർച്ചയാകും. ജില്ലാ കലക്ടർ, പൊലീസ് മേധാവി, വിവിധ ഡിഎഫ്ഒമാർ എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുക്കും. കടുവയെ വെടിവച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് ബേസ് ക്യാംപിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ എഡിഎം സ്ഥലത്തെത്തി സർവകക്ഷിയോഗം ചേർന്നിരുന്നു.
- 2 month agoJan 27, 2025 10:59 AM IST
കടുവ ആക്രമണത്തെ തുടർന്ന് പഞ്ചാരക്കൊല്ലി, പിലാക്കാവ്, ചിക്കറ ഭാഗങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ചു.
- 2 month agoJan 27, 2025 10:29 AM IST
പഞ്ചാരക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയെ ചത്ത നിലയിലാണ് കണ്ടെത്തിയതെന്ന് വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ. കടുവയെ വെടി വച്ചിട്ടില്ലെന്നും രാത്രി അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനം അസാധ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാത്രി 12.30-ന് കടുവയെ കണ്ടെത്തിയതായി വിവരം ലഭിച്ചു. 2.30 വരെ കടുവയെ നിരീക്ഷിച്ചിരുന്നു. 6.30നാണ് കടുവയുടെ ജഡം ലഭിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒരു വീടിന്റെ അരികില്‍ നിന്നാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്. വേറൊരു കടുവയുമായി മല്ലിട്ടതിന്റെ പരുക്കുകള്‍ കടുവയുടെ ശരീരത്തിലുണ്ട്. മരണപ്പെട്ടത് ആളെക്കൊല്ലി കടുവയാണ്. അധികം പ്രായമില്ലാത്ത കടുവയാണിത്. ഏറിയാല്‍ ആറോ ഏഴോ വയസ് കാണും. മരണകാരണം മറ്റു കടുവയുമായി അടികൂടിയുണ്ടായ മുറിവുകളാണെന്ന് പ്രാഥമികമായി പറയാം. പഴക്കമുള്ള മുറിവുകളും ശരീരത്തിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ അറിയാന്‍ കഴിയൂവെന്നും ഡോ. അരുണ്‍ സക്കറിയ പറഞ്ഞു.
- 2 month agoJan 27, 2025 09:20 AM IST
കുപ്പാടിയിൽ കടുവയുടെ പോസ്റ്റ്മോർട്ടം നടത്തും
- 2 month agoJan 27, 2025 09:20 AM IST
ചില മുറിവുകൾക്ക് പഴക്കമുണ്ടെന്ന് അരുൺ സക്കറിയ
- 2 month agoJan 27, 2025 08:57 AM IST
രാത്രി 12.30ന് കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. കണ്ടെത്തിയത് 2 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ
- 2 month agoJan 27, 2025 08:57 AM IST
7 വയസ്സ് പ്രായമുള്ള പെൺകടുവയാണ് ചത്തതെന്ന് വനം വകുപ്പ്
- 2 month agoJan 27, 2025 08:11 AM IST
ബേസ് ക്യാംപിലേക്ക് കടുവയുടെ ജഡം എത്തിച്ചു.
- 2 month agoJan 27, 2025 08:11 AM IST
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെതെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫിസ്.
- 2 month agoJan 27, 2025 08:08 AM IST
കടുവ ചത്തെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫിസ് ഔദ്യോഗികമായി അറിയിച്ചു
- 2 month agoJan 27, 2025 08:03 AM IST
വനം വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ മാധ്യമങ്ങളെ കാണും
അതേസമയം, കൂടരഞ്ഞിയിൽ ഇന്നലെ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പുലിയെ തുറന്നു വിടുന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടായേക്കും. പുലി പൂർണ ആരോഗ്യവാനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡനു കൈമാറി. എന്നാൽ കടുവ ഭീതിയെ തുടർന്ന് വയനാട്ടിൽ ജനം പ്രകോപിതരായ സാഹചര്യത്തിൽ പുലിയെ തുറന്നു വിടാനുള്ള തീരുമാനം ഉടനുണ്ടാകില്ലെന്നും സൂചനയുണ്ട്.