യുഎസിന് മറുപടിയുമായി കാനഡ; കോട്ടയത്തെ നടുക്കി കൊലപാതകം, ‘ഉന്നതകുല’ത്തിൽ വിമർശനം – പ്രധാനവാർത്തകൾ

Mail This Article
ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് യുഎസ് കാനഡ ബന്ധം വഷളാകുന്നതായിരുന്നു ഇന്നത്തെ പ്രധാനവാർത്ത. യുഎസിന്റെ അമ്പത്തിയൊന്നാമത് സംസ്ഥാനമായാൽ കാനഡയ്ക്കുള്ള ഇറക്കുമതിത്തീരുവ ഒഴിവാക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണ് ഇന്ന് വാർത്തയിൽ ഇടം പിടിച്ചത്. കാനഡയെ യുഎസിന്റെ 51-ാം സംസ്ഥാനമാക്കാൻ ആഗ്രഹിക്കുന്നതായി ട്രംപ് നേരത്തെയും പറഞ്ഞിരുന്നു. എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങളുടെ രാജ്യം യുഎസിനൊപ്പം ആയിരുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിരിച്ചടിച്ചു. അഫ്ഗാനിസ്ഥാനിൽ യുദ്ധം നടക്കുമ്പോഴും കത്രീന കൊടുങ്കാറ്റ്, കാട്ടുതീ എന്നിവയുടെ സമയത്തുമെല്ലാം തങ്ങൾ യുഎസിനൊപ്പം നിന്നു. ഒട്ടാവയിൽ നടത്തിയ വാർത്താ സമ്മേളനത്തിലൂടെയാണ് ട്രൂഡോ യുഎസ് ജനതയോട് സംസാരിച്ചത്. അമേരിക്കയുടെ അധിക നികുതി നടപടിക്ക് കാനഡ തിരിച്ചടി നൽകിയതിനു പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം.
കോട്ടയം കാരിത്താസ് ജംക്‌ഷനു സമീപം പൊലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം കൊലപ്പെടുത്തിയതായിരുന്നു കേരളം ശ്രദ്ധിച്ച മറ്റൊരു പ്രധാനവാർത്ത. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രൈവർ മാഞ്ഞൂർ സൗത്ത് നീണ്ടൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ (27) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിബിൻ കാരിത്താസ് ജംക്‌ഷനിലെ തട്ടുകടയിൽ സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയത്താണ് പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം കടയിൽ എത്തിയത്. ഇതോടെ കടയിലുണ്ടായിരുന്ന ഉടമ ജിബിനോട് ശ്യാം എത്തിയെന്നും, പ്രശ്നം ഉണ്ടാക്കിയാൽ അകത്ത് കിടക്കുമെന്നും പറഞ്ഞു. ഇതു കേട്ട് ക്ഷുഭിതനായ പ്രതി ശ്യാമിനു നേരെ പാഞ്ഞടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
നടിയുടെ ലൈംഗിക പീഡനപരാതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും ധാര്‍മികമായി രാജിവയ്ക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജിവയ്‌ക്കേണ്ടതില്ലെന്നുമാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി ഇന്നു പ്രതികരിച്ചത്. ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ എം.മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം കടുപ്പിച്ച സാഹചര്യത്തിലാണ് വനിത കമ്മിഷൻ അധ്യക്ഷയുടെ പ്രതികരണം. എന്നാൽ മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെ എന്നും വേവലാതി വേണ്ടെന്നുമായിരുന്നു മുൻമന്ത്രി പി.കെ. ശ്രീമതിയുടെ പ്രതികരണം. കുറ്റവാളിയെന്നു കണ്ടാൽ സർക്കാർ ഒപ്പമുണ്ടാകില്ലെന്നും സർക്കാർ ഇരയ്ക്കൊപ്പം നിൽക്കുമെന്നും പി.കെ. ശ്രീമതി പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘ഉന്നതകുല ജാത’ പരാമർശത്തിൽ വിവാദം വീണ്ടും ഉയരുകയാണ്. സുരേഷ് ഗോപിക്കും ജോർജ് കുര്യനുമെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നു രംഗത്തെത്തി. ഉന്നതകുലജാതർ വേണം ആദിവാസി വകുപ്പ് മന്ത്രിയാകാനെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഏത്രത്തോളം കാലഹരണപ്പെട്ട ചിന്തയാണെന്നു തെളിയിക്കുന്നുവെന്നും ഏതു കാലത്താണ് ഇവരൊക്കെ ജീവിക്കുന്നതെന്നും സതീശൻ ചോദിച്ചു. അത്രയേറെ അപക്വമായ രീതിയിലാണ് ഇരുവരും സംസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അതിനിടെ സുരേഷ് ഗോപിയുടെ വിവാദമായ ഉന്നതകുലജാത പരാമർശം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ സിപിഐ നോട്ടിസ് നൽകി. സിപിഐ അംഗം സന്തോഷ് കുമാറാണ് ഇക്കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയത്.