ഡൽഹിയിൽ ഭരണമാറ്റം പ്രവചിച്ച് എക്സിറ്റ് പോളുകൾ; ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിക്ക്– പ്രധാന വാർത്തകൾ

Mail This Article
ഡൽഹിയിൽ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടന്നു. പിന്നാലെ വന്ന എക്സിറ്റ് പോളുകളിൽ തലസ്ഥാനത്ത് ഭരണമാറ്റം പ്രവചിച്ച് മിക്ക സർവേകളും. എഎപിയും ബിജെപിയും തമ്മിൽ ഇഞ്ചോടിച്ച് മത്സരം പല സർവേകളും പ്രവചിക്കുമ്പോൾ കോൺഗ്രസ് ഇത്തവണയും കാര്യമായ നേട്ടമുണ്ടാക്കില്ലെന്നാണ് പ്രവചനം.
ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഇരിട്ടി സ്വദേശി സത്യന്. കണ്ണൂരിൽ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനീഷ് എം.വി. എന്നയാളുടെ മുത്തു ലോട്ടറി ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്.
വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പൊലീസ് ആളുമാറി മർദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എസ്ഐ ജിനുവിനും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമാണ് സസ്പെൻഷൻ. ഡിഐജി അജിത ബീഗത്തിന്റേതാണ് നടപടി.
യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട 104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർ പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിലെത്തി. യുഎസ് മിലിട്ടറി സി-17 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിലാണ് ഇവരെത്തിയത്. അനധികൃത കുടിയേറ്റക്കാരിൽ 30 പേർ പഞ്ചാബിൽ നിന്നുള്ളവരാണ്. 33 പേർ ഹരിയാനയിൽ നിന്നും 33 പേർ ഗുജറാത്തിൽ നിന്നുമാണ്. മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും 3 പേർ വീതവും ചണ്ഡീഗഡിൽ നിന്നുള്ള രണ്ട് പേരും വിമാനത്തിലുണ്ടായിരുന്നു.