കേജ്‍രിവാളിന്റെ ആഡംബര വസതിയെപ്പറ്റി അന്വേഷിക്കണമെന്ന് വിജിലൻസ്; കുരുക്കു മുറുക്കി ബിജെപി

Mail This Article
ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനു കുരുക്ക് മുറുകുന്നു. കേജ്‍രിവാളിന്റെ ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതികളിൽ കേന്ദ്ര വിജിലൻസ് കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദേശം.
40,000 സ്ക്വയർഫീറ്റിൽ 8 ഏക്കറിലായി നിർമിച്ച വസതി ആഡംബര വസ്തുക്കൾ ഉപയോഗിച്ച് നവീകരിച്ചതിലാണ് അന്വേഷണം നടക്കുക. ഡൽഹി പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.
അതേസമയം മന്ത്രിസഭാ രൂപീകരണം കഴിഞ്ഞാൽ ഉടൻ ആം ആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്. മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ ആയുഷ്മാൻ ഭാരത് പദ്ധതി ഡൽഹിയിൽ നടപ്പാക്കാനുള്ള തയാറെടുപ്പുകൾ വേണമെന്ന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
മൊഹല്ല ക്ലിനിക് ഉൾപ്പെടെ ആരോഗ്യ മേഖലയിൽ എഎപിക്കെതിരായ അഴിമതി ആരോപണങ്ങളിൽ ഉടൻ അന്വേഷണം പ്രഖ്യാപിക്കാനും നീക്കമുണ്ട്. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ ആനൂകൂല്യങ്ങൾ ഡൽഹിയിൽ 70 വയസ്സിനു മുകളിലുള്ളവർക്കു കൂടി ലഭ്യമാക്കും. 51 ലക്ഷം പേർക്ക് ആയുഷ്മാൻ കാർഡും നൽകും. പദ്ധതി ഡൽഹിയിൽ നടപ്പാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ വർഷം ബിജെപി എംപിമാർ ഹൈക്കോടതിയിൽ നൽകിയ ഹർജി തിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ പിൻവലിച്ചിരുന്നു.