ഗർഭിണികളെ പരിശോധിക്കുന്ന ദൃശ്യങ്ങൾ യൂട്യൂബിലും ടെലിഗ്രാമിലും, വിഡിയോ കാണാൻ പണമടയ്ക്കണം; അന്വേഷണം

Mail This Article
അഹമ്മദാബാദ് ∙ ഗർഭകാല പരിശോധനയ്ക്കു വിധേയരായ സ്ത്രീകളുടെ സിസിടിവി ദൃശ്യങ്ങളെന്നു സംശയിക്കുന്ന വിഡിയോ പുറത്തുവന്ന സംഭവത്തിൽ അഹമ്മദാബാദ് സൈബർ ക്രൈം പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എഫ്‌ഐആറിൽ പ്രതിയുടെ പേരോ ഏതെങ്കിലും ആശുപത്രിയുടെ പേരോ പരാമർശിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിലെ പതിവ് നിരീക്ഷണത്തിനിടയിലാണ് വിഡിയോകൾ ശ്രദ്ധയിൽപ്പെട്ടതെന്ന് അഹമ്മദാബാദ് സൈബർ ക്രൈം പൊലീസ് പറഞ്ഞു. വിഡിയോ അപ്‌ലോഡ് ചെയ്ത വ്യക്തിയുടെ വിവരങ്ങൾ പങ്കുവയ്ക്കാൻ യൂട്യൂബിനോടും ടെലിഗ്രാമിനോടും ആവശ്യപ്പെട്ടതായി സൈബർ ക്രൈം ഡിസിപി ലവീന സിൻഹ അറിയിച്ചു.
അടച്ചിട്ട മുറിക്കുള്ളിൽ ഡോക്ടർമാർ ഗർഭിണികളെ പരിശോധിക്കുകയും നഴ്‌സുമാർ കുത്തിവയ്ക്കുകയും ചെയ്യുന്ന വിഡിയോകളാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ചത്. അത്തരത്തിലുളള ഏഴു വിഡിയോകളാണ് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചാനലിനു താഴെ ഒരു ടെലിഗ്രാം ഗ്രൂപ്പിന്റെ ലിങ്കും നൽകിയിട്ടുണ്ട്. ടെലിഗ്രാം ഗ്രൂപ്പിൽ അംഗങ്ങളാകുന്നവരോട് സമാനമായ വിഡിയോകൾ കാണുന്നതിന് നിശ്ചിത തുക അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തതായാണണ് വിവരം.
വിഡിയോ കാണുന്നതിനു അംഗങ്ങളെ പ്രേരിപ്പിക്കുന്നതിനു സമാനമായ വിഡിയോകളുടെ സ്‌ക്രീൻ ഗ്രാബുകളും ടെലിഗ്രാം ഗ്രൂപ്പിൽ വങ്കുവച്ചിട്ടുണ്ട്. ഗ്രൂപ്പിൽ 90ൽ അധികം അംഗങ്ങളുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വിഡിയോകൾ എടുത്തതെന്നാണ് പ്രാഥമിക നിഗമനം. വിഡിയോകൾ എവിടെ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് സൈബർ ക്രൈം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ഹാർദിക് മകാഡിയ പറഞ്ഞു.