മദ്യനിര്‍മാണ പ്ലാന്റ്: ഒയാസിസിനെതിരെ മിച്ചഭൂമി കേസ്?; പരിശോധനയ്ക്ക് ലാന്‍ഡ് ബോര്‍ഡ്

Mail This Article
തിരുവനന്തപുരം ∙ പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണ പ്ലാന്റ് ആരംഭിക്കാന്‍ പ്രാരംഭാനുമതി ലഭിച്ച ഒയാസിസ് കമ്പനി, ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് കൂടുതല്‍ ഭൂമി കൈവശം വയ്ക്കുന്നതിനെതിരെ സംസ്ഥാന ലാൻഡ് ബോര്‍ഡ് നടപടി ആരംഭിച്ചതായി റവന്യൂ മന്ത്രി കെ. രാജന്‍ നിയമസഭയെ അറിയിച്ചു. 1963ലെ ഭൂപരിഷ്‌കരണ നിയമപ്രകാരം സംസ്ഥാനത്ത് കമ്പനികള്‍ക്ക് 12 മുതല്‍ 15 ഏക്കര്‍ വരെ ഭൂമി കൈവശം വയ്ക്കാനാണ് അനുമതിയുള്ളത്.
എന്നാല്‍ ഒയാസിസ് കമ്പനി 23.92 ഏക്കര്‍ ഭൂമിയാണ് കൈവശം വച്ചിരിക്കുന്നത്. കമ്പനി അധികഭൂമി കൈവശം വച്ചിരിക്കുന്നതു ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഭൂവിവരം പരിശോധിച്ച് മിച്ചഭൂമി കേസ് ആരംഭിക്കാനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പാലക്കാട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കമ്പനിയുടെ കൈവശമുള്ള 9.685 ഹെക്ടര്‍ ഭൂമിയില്‍ 17.9 ഏക്കര്‍ കരഭൂമിയും 5.9 ഏക്കര്‍ നിലവുമാണ്. ഇതില്‍ 4 ഏക്കര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡാറ്റാ ബാങ്കില്‍നിന്ന് ഒഴിവാക്കണമെന്ന് കമ്പനിയെ പ്രതിനിധീകരിച്ച് ഒറ്റപ്പാലം സ്വദേശി ഗോപീകൃഷ്ണന്‍ പാലക്കാട് ആര്‍ഡിഒയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. പരിശോധനകള്‍ക്കു ശേഷം ഇതു നിരസിച്ച് ആര്‍ഡിഒ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഒയാസിസ് കമ്പനിക്ക് ഒമ്പത് ആധാരങ്ങള്‍ പ്രകാരം 23.92 ഏക്കര്‍ ഭൂമി റജിസ്റ്റര്‍ ചെയ്തു നല്‍കിയിട്ടുണ്ടെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി അറിയിച്ചിരുന്നു. ചിറ്റൂര്‍ താലൂക്കിലെ എലപ്പുള്ളി പഞ്ചായത്തില്‍ ഒയാസിസ് കമ്പനിക്കായി 24.59 ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി റജിസ്ട്രേഷന്‍ വകുപ്പ് ഭൂമി റജിസ്ട്രേഷന്‍ ചെയ്തു നല്‍കിയെന്നും റവന്യു വകുപ്പു പോക്കുവരവു ചെയ്തു കരം അടച്ചു നല്‍കിയെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.