ADVERTISEMENT

കോട്ടയം ∙ എസ്‍യുസിഐയുടെ ട്രേഡ് യൂണിയൻ നടത്തുന്ന ആശാ സമരത്തെ ഐഎൻടിയുസി പിന്തുണയ്ക്കില്ലെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ. തൊഴിലാളി സംഘടനകളോട് ആരോടും യാതൊന്നും ആലോചിക്കാതെയാണ് ഈ സമരം അവർ നടത്തുന്നത്. ഓണറേറിയം വർധിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ ആശമാരെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാക്കി സർക്കാർ ശമ്പളം നൽകണമെന്നാണ് ഐഎൻടിയുസിയുടെ ആവശ്യം. ഓണറേറിയം കിട്ടിയാൽ മതിയെന്ന് പറഞ്ഞ് ഏതെങ്കിലും സംഘടന സമരം ചെയ്യുമ്പോൾ ഓടിച്ചെന്ന് പിന്തുണ കൊടുക്കാൻ ഞങ്ങൾക്ക് സാധിക്കില്ല.

കോൺഗ്രസിന് രാഷ്ട്രീയമായി വരുന്ന എല്ലാ വിഷയങ്ങളും ഏറ്റെടുക്കാനുള്ള അവകാശമുണ്ട്. കോൺഗ്രസുകാരായ ആശാ വർക്കർമാരുമായി ഐഎൻടിയുസി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തും. മരണം വരെ കോൺഗ്രസിനെ ഒരാളുടെ മുന്നിലും താൻ അടിയറവ് വയ്ക്കില്ലെന്നും പിണറായി വിജയനുമായുള്ള ബന്ധത്തെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. ആശാ സമരത്തിന്റെ പശ്ചാത്തലത്തിൽ ആർ. ചന്ദ്രശേഖരൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.

∙ കോൺഗ്രസും യുഡിഎഫും പിന്തുണയ്ക്കുന്ന ആശാ സമരത്തെ ഐഎൻടിയുസി എന്തിനാണ് എതിർക്കുന്നത്?

ആശാ സമരത്തിനെതിരെ ഒരു നിലപാടും ഐഎൻടിയുസി സ്വീകരിക്കുന്നില്ല. ആ സമരം നടത്തുന്നത് എസ്‍യുസിഐയുടെ ട്രേഡ് യൂണിയനാണ്. അവർ തന്നെ തീരുമാനിച്ച് അവർ തന്നെ പ്രഖ്യാപിച്ച് അവർ തന്നെ നടത്തുന്ന സമരമാണ് അത്. ആ സമരത്തിൽ പങ്കെടുക്കാനും പിന്തുണയ്ക്കാനും ഐഎൻടിയുസി എന്ന തൊഴിലാളി സംഘടനയ്ക്ക് സാധ്യമല്ല. വേറെ യാതൊരു അകൽച്ചയുമില്ല.

ദേശീയ രാഷ്ട്രീയത്തിൽ തൊഴിൽ മേഖലയെ തന്നെ ഇല്ലാതാക്കുന്ന കാലഘട്ടത്തിൽ, എല്ലാ തൊഴിൽ യൂണിയൻ സംഘടനകളെയും ചേർത്തുപിടിച്ച് സമരങ്ങൾ നടത്തുന്നത് ഐഎൻടിയുസിയാണ്. ദേശീയ–സംസ്ഥാന തലങ്ങളിൽ അതിന്റെ അധ്യക്ഷ പദത്തിലും ഐഎൻടിയുസി ആണുള്ളത്. അതിന്റെ ഭാഗമാണ് എസ്‍യുസിഐയുടെ തൊഴിലാളി സംഘടനയും. പറയേണ്ട ബാധ്യത ഇല്ലെന്നത് ശരി തന്നെ. പക്ഷേ കൂട്ടായ്മയുടെ പേരിലെങ്കിലും ആരോടും യാതൊന്നും ആലോചിക്കാതെയാണ് ഈ സമരം അവർ നടത്തുന്നത്. എസ്‍യുസിഐ നടത്തുന്ന ഈ സമരത്തിൽ സംഘടനാപരമായി ഐഎൻടിയുസിക്ക് പിന്തുണ കൊടുക്കാൻ സാധിക്കില്ല.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരവേദിയിൽ നിരാഹാരം കിടന്ന എം.ശോഭയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നു.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരവേദിയിൽ നിരാഹാരം കിടന്ന എം.ശോഭയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നു.

∙ സമരത്തെ പിന്തുണച്ചില്ലെങ്കിലും അവരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ?

അവർ ഉയർത്തുന്ന മുദ്രാവാക്യം ഓണറേറിയം വർധിപ്പിക്കണമെന്നാണ്. ഐഎൻടിയുസി 2012 മുതൽ ഈ രാജ്യത്ത് ഉയർത്തുന്ന മുദ്രാവാക്യം ഏത് മേഖലയിലാണെങ്കിലും പദ്ധതിയിലാണെങ്കിലും ഒരു തൊഴിലാളി വൊളന്റിയർ ആയി തുടർച്ചയായി 5 വർ‌ഷം ജോലി ചെയ്താൽ ആ സേവനം ആ നാടിന് ആവശ്യമാണെന്നാണ്. ഏത് മേഖലയിലാണോ ജോലി ചെയ്യുന്നത് ആ മേഖലയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കുള്ള വേതനം കൊടുത്ത് സ്ഥിരപ്പെടുത്തണം.

പിണറായി സർക്കാർ അധികാരമേറ്റ ശേഷം കഴിഞ്ഞ 9 വർഷമായി എല്ലാ ബജറ്റിനു മുന്നോടിയായും ഇക്കാര്യം ആവശ്യപ്പെട്ട് ഐഎൻടിയുസി നിവേദനം നൽകാറുണ്ട്. അങ്ങനെയെങ്കിൽ അവർക്ക് പെൻഷനും എല്ലാ ആനുകൂല്യങ്ങളും കിട്ടും. ആ ഐഎൻടിയുസിക്ക് മുൻപിൽ ഓണറേറിയം കിട്ടിയാൽ മതിയെന്ന് പറഞ്ഞ് ഏതെങ്കിലും സംഘടന സമരം ചെയ്യുമ്പോൾ ഓടിച്ചെന്ന് പിന്തുണ കൊടുക്കാൻ ഞങ്ങൾക്ക് സാധിക്കില്ല.

∙ സമരം തുടങ്ങിയ ശേഷം പിന്തുണ ആവശ്യപ്പെട്ട് സമരക്കാർ സമീപിച്ചിരുന്നോ?

ആരും ഒരു ചർച്ചയ്ക്കും വന്നില്ല. കോൺഗ്രസിന് രാഷ്ട്രീയമായി വരുന്ന എല്ലാ വിഷയങ്ങളും ഏറ്റെടുക്കാനുള്ള അവകാശമുണ്ട്. ഇത്തരത്തിലുള്ള ജനകീയ ആവലാതികൾക്കൊപ്പം നിൽക്കാൻ എന്റെ സ്വന്തം പാർട്ടിയായ കോൺഗ്രസിന് ബാധ്യതയുണ്ട്. അവർ അത് പറയുക തന്നെ വേണം. പക്ഷേ ട്രേഡ് യൂണിയനായി റജിസ്റ്റർ ചെയ്ത് പ്രവർത്തിച്ച് വരുന്ന ഐഎൻടിയുസിക്ക് അത് സാധിക്കില്ല. ആശമാർ രക്ഷപ്പെടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അവർ സർക്കാർ ജീവനക്കാരായി മാറണം. അത് തെറ്റായ ആവശ്യമാണെന്ന് ലോകത്ത് ഒരാളും പറയില്ല.

∙ സമയം കഴി‍ഞ്ഞിട്ടില്ലല്ലോ. ഇനി അവരുമായി ചേർന്ന് ഒരു സമരത്തിന് സാധ്യതയുണ്ടോ?

അത് എനിക്ക് ഒറ്റയ്ക്ക് പറയാനാകില്ല. ഞങ്ങളുടെ ആവശ്യങ്ങളും അവരുടെ ആവശ്യങ്ങളും ചേർന്നു പോകണം. അല്ലാതെ ഓണറേറിയം എന്ന ആവശ്യത്തോട് യോജിക്കാൻ ഐഎൻടിയുസിക്ക് സാധിക്കില്ല.

∙  എസ്‍യുസിഐ സമരത്തോട് സർക്കാർ സ്വീകരിക്കുന്ന സമീപനത്തോട് യോജിപ്പുണ്ടോ?

ഒരു സമരത്തോടും സർക്കാർ ഇങ്ങനത്തെ സമീപനം സ്വീകരിക്കാൻ പാടില്ലല്ലോ.

∙ ഐഎൻടിയുസി നിലപാട് തിരുത്തണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടോ?

ഇത് ഈ സംഘടനയുടെ നിലപാടാണ്. ആർ.ചന്ദ്രശേഖരന്റെ നിലപാടല്ല. ഐഎൻടിയുസി നടത്തിയ ആശാ വർക്കർമാരുടെ പല സമരങ്ങളും ഉദ്ഘാടനം ചെയ്തിട്ടുള്ളത് രമേശ് ചെന്നിത്തലയാണ്. എല്ലാ ജില്ലകളിലും കോൺഗ്രസ് നേതാക്കളാണ് സമരത്തിന് നേതൃത്വം നൽകുന്നത്. സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവാണ്. ഇന്നലെ ഒരു സംഘടന പെട്ടെന്നൊരു മുദ്രാവാക്യവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ വന്നിരിക്കുമ്പോൾ അത് ഏറ്റെടുക്കേണ്ട സംഘടനയല്ല ഐഎൻടിയുസി.

∙ കരുണാകരൻ രൂപീകരിച്ച ഐഎൻടിയുസിയെ പിണറായി വിലാസം സംഘടനയാക്കരുത് എന്നാണ് കെ.മുരളീധരന്റെ വിമർശനം?

കെ.മുരളീധരന്റെ പിതാവ് കെ.കരുണാകരൻ ഐഎൻടിയുസിയുടെ സ്ഥാപക നേതാവാണ്. ഞാൻ എന്ന വ്യക്തി അദ്ദേഹത്തെ കാണുന്നത് ദൈവത്തെ പോലെയാണ്. കരുണാകരനെ പിന്തുണച്ചതിന് ഒരുപാട് പീഡനങ്ങൾ അനുഭവിച്ച വ്യക്തിയാണ് ഞാൻ. എനിക്ക് മുരളീധരനോട് എന്നും സ്നേഹമാണ്. സെക്രട്ടേറിയറ്റ് സമരത്തിൽ എന്തെങ്കിലും താൽപര്യമുള്ളത് കൊണ്ടാകാം അദ്ദേഹം അങ്ങനെ പറഞ്ഞത്.

∙ രാഷ്ട്രീയ വ്യാഖ്യാനങ്ങളിൽ പലപ്പോഴും ചന്ദ്രശേഖരന്റെ നിലപാടുകൾ കൂട്ടിവായിക്കുന്നത് പിണറായി വിജയനുമായുള്ള താങ്കളുടെ ബന്ധത്തെ ചുറ്റിപ്പറ്റിയാണ്. മുരളീധരൻ പറയുന്നതും അതു തന്നെയല്ലേ?

എനിക്ക് എന്റേതായ കൃത്യമായ രാഷ്ട്രീയമുണ്ട്. മരണം വരെ കോൺഗ്രസിനെ ഒരാളുടെ മുന്നിലും ഞാൻ അടിയറവ് വയ്ക്കില്ല. ഏതെങ്കിലും തിരഞ്ഞെടുപ്പ് വരുമ്പോൾ എനിക്കെതിരെ വാക്കുകളുമായി ചിലർ രംഗത്ത് വരാറുണ്ട്.

∙ കശുവണ്ടി അഴിമതി കേസുമായി ബന്ധപ്പെടുത്തിയാണ് ഈ വ്യാഖ്യാനങ്ങളെല്ലാം?

കശുവണ്ടി അഴിമതി കേസ് എന്ത് അഴിമതിയാണെന്ന് എനിക്ക് അറിയില്ല. ഞാനൊരു സർക്കാർ ഉദ്യോഗസ്ഥനല്ല. ഏതെങ്കിലും തരത്തിൽ സർക്കാർ ഉദ്യോഗസ്ഥനാണെങ്കിലെ പ്രോസിക്യൂഷന്റെ ആവശ്യമുള്ളൂ. പക്ഷേ ആർ.ചന്ദ്രശേഖരനെതിരെ പ്രോസിക്യൂഷൻ അനുമതി എന്നാണ് വാർത്തകൾ. മുൻ ഐഎൻടിയുസി പ്രസിഡന്റിന്റെ വേണ്ടപ്പെട്ട ഒരാളാണ് ഇതിനൊക്കെ പിന്നിൽ. അല്ലാതെ കോൺഗ്രസിലെ ഒരാൾക്കോ സർക്കാരിനോ യാതൊരു പരാതിയുമില്ല. കേസുമായി അവർ നടക്കട്ടെ.

∙ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശാവർക്കർമാർക്ക് വേതനം കൂട്ടാനുള്ള ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ടോ?

അതൊക്കെ നല്ല കാര്യമാണ്. ഒരു രൂപ കൂട്ടിയാലും ഞങ്ങൾ സ്വാഗതം ചെയ്യും. കാരണം അത് കിട്ടുന്നത് എസ്‍യുസിഐ ആശയ്ക്ക് മാത്രമല്ലല്ലോ.

ആശാ വർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം എന്നാവശ്യപ്പെട്ട് ഓൾ കേരള പ്രദേശ് ആശാ വർക്കേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു നടത്തിയ മാർച്ച് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.
ചിത്രം: മനോരമ
ആശാ വർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം എന്നാവശ്യപ്പെട്ട് ഓൾ കേരള പ്രദേശ് ആശാ വർക്കേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു നടത്തിയ മാർച്ച് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ

∙ ഐഎൻടിയുസി ആശമാർക്ക് വേണ്ടി ഉന്നയിക്കുന്ന ആവശ്യങ്ങളുണ്ടല്ലോ. അത് ഉയർത്തി നിങ്ങൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുമോ?

ഉടൻ ഞങ്ങൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തും.

∙ അതായത് ആശമാരുടെ സമരം ഐഎൻടിയുസി നടത്തും?

സംശയമെന്താണ് ഞങ്ങൾ നടത്തും. കോൺഗ്രസുകാരായ ആശാ വർക്കർമാരുമായി ഐഎൻടിയുസി സമരം നടത്തും.

∙ അത് അനിശ്ചിതകാല സമരമായിരിക്കുമോ?

ഏപ്രിൽ 20ന് ശേഷം ചേരുന്ന സംസ്ഥാന കമ്മിറ്റിയിലാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക.

∙ അത് നിലവിലെ സമരത്തിന് ഭീഷണിയാകില്ലേ?

ഞങ്ങളുടെ സമരം വേറെ, ഈ സമരം വേറെ. രണ്ടു സമരങ്ങളുടെയും ആവശ്യങ്ങൾ തമ്മിൽ ബന്ധമില്ലല്ലോ.

English Summary:

Asha Workers' Strike: INTUC Rejects SUCI Asha Workers' Strike, Plans Separate Protest, Says INTUC State President R.Chandrasekharan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com