സമരം തുടങ്ങിയതു മുതൽ മുഖ്യമന്ത്രിക്ക് ആശമാരോട് കലിപ്പ്: വി.എം.സുധീരൻ

Mail This Article
വെച്ചൂച്ചിറ ∙ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങിയതു മുതൽ മുഖ്യമന്ത്രി പിണറായി വിജയന് ആശാ പ്രവർത്തകരോടു കലിപ്പാണെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം വി.എം.സുധീരൻ. ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പഞ്ചായത്ത് ഓഫിസുകൾക്കു മുന്നിൽ നടത്തിയ ധർണയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്യൂബൻ സംഘത്തെ സന്ദർശിക്കാൻ പോയ ആരോഗ്യ മന്ത്രി ആശമാരെ പറഞ്ഞു പറ്റിക്കുകയായിരുന്നു.
തൊഴിലാളി വർഗ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സർക്കാരാണു കേരളം ഭരിക്കുന്നത്. ദുരഭിമാനം വെടിഞ്ഞ് രാഷ്ട്രീയ പക്ഷപാതിത്വം മാറ്റിവച്ച് യാഥാർഥ്യ ബോധത്തോടെ സമരത്തെ കണ്ട് സർക്കാർ പരിഹാരം കാണണം. ആശ പ്രവർത്തകർക്ക് 2,000 രൂപ അധിക വേതനം നൽകാൻ വെച്ചൂച്ചിറ പഞ്ചായത്തെടുത്ത തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷനായി. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, സെക്രട്ടറി റിങ്കു ചെറിയാൻ, കെ.ജയവർമ, ടി.കെ.സാജു, ടി.കെ.സതീഷ് കെ.പണിക്കർ, അഹമ്മദ് ഷാ, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, സിബി താഴത്തില്ലത്ത്, ആരോൺ ബിജിലി പനവേലിൽ, സജി കൊട്ടയ്ക്കാട്, തോമസ് അലക്സ്, ഷാജി തോമസ്, എസ്.രമാദേവി, ഇ.വി.വർക്കി, എച്ച്.നഹാസ്, പൊന്നമ്മ ചാക്കോ, ടി.കെ.രാജൻ, പ്രസന്നകുമാരി, ജോർജ് തോമസ്, ഷൈനു മലയിൽ പ്രവീൺരാജ് രാമൻ എന്നിവർ പ്രസംഗിച്ചു. വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് അടക്കമുള്ള ഭരണസമിതിയംഗങ്ങളെ അദ്ദേഹം ആദരിച്ചു.