ADVERTISEMENT

തിരുവനന്തപുരം∙ എമ്പുരാന്‍ സിനിമയ്‌‌ക്കെതിരായ ബിജെപി വിമര്‍ശനം സംഘപരിവാര്‍ അസഹിഷ്ണുതയുടെ ഭാഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. സെക്രട്ടേറിയറ്റിനു മുന്നില്‍ അങ്കണവാടി ജീവനക്കാരുടെയും ആശാ പ്രവര്‍ത്തകരുടെയും സമരവേദി സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍’, ‘എമര്‍ജന്‍സി’ പോലുള്ള സിനിമകള്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നവയായിരുന്നുവെന്നും ബിജെപി അതിനെയെല്ലാം സ്വാഗതം ചെയ്തിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.

‘‘സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് അഭിപ്രായം പറയാനില്ല. എക്കാലവും വര്‍ത്തമാനകാല രാഷ്ട്രീയം സിനിമകള്‍ ചര്‍ച്ച ചെയ്യാറുണ്ട്. അതു ചിലര്‍ക്ക് എതിരും അനുകൂലവുമാകും. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് അതെല്ലാം. തങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ മാത്രം അസഹിഷ്ണുത കാണിക്കുന്നത് ശരിയാണോയെന്ന് ബിജെപി ആലോചിക്കണം. മറ്റൊരാളുടെ അഭിപ്രായങ്ങള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പോലും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ മാനിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് ഓര്‍മിപ്പിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ് ഗഢിയുടെ കവിതക്കെതിരെ ഗുജറാത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് സുപ്രീംകോടതി റദ്ദാക്കിയത്. കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെയും സുപ്രീംകോടതി വിമര്‍ശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പോലും അനുവാദമില്ലെങ്കില്‍ മനുഷ്യ ജീവിതത്തിന് അർഥമെന്താണെന്നാണ് സുപ്രീംകോടതി ചോദിച്ചത്. ആ വിധി വന്ന പശ്ചാത്തലം ഈ സാഹചര്യത്തില്‍ കൂട്ടിവായിക്കണം. ഞാന്‍ സിനിമയുടെ പ്രമോട്ടറും എതിരാളിയുമല്ല. തങ്ങള്‍ക്ക് അനുകൂലമായി പറയുന്നവരെ വാഴ്ത്തുകയും അല്ലാത്തതിനെ വിമര്‍ശിക്കുകയും ചെയ്യുന്ന നിലപാടിനോട് യോജിപ്പില്ല.’’ – കെ.സി.വേണുഗോപാല്‍ പറഞ്ഞു. 

∙ ആശാ സമരം; ഐഎന്‍ടിയുസി എതിരെ നീങ്ങുകയല്ല വേണ്ടത്
ജനകീയ സമരങ്ങളെ പിന്തുണയ്ക്കുക എന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി. ‘‘ആര് സമരം ചെയ്യുന്നുവെന്നല്ല, അതു പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ളതാണെങ്കില്‍ അതിനു മുന്‍പില്‍ കോണ്‍ഗ്രസുണ്ടാകും. അത് ഐഎന്‍ടിയുസിയും മനസ്സിലാക്കും എന്നാണ് പ്രതീക്ഷ. പാര്‍ട്ടിയുടെ ദേശീയ നിലപാടാണ് വ്യക്തമാക്കിയത്. ഐഎന്‍ടിയുസിക്ക് ചില കാര്യങ്ങളില്‍ വ്യത്യസ്ത നിലപാട് ഉണ്ടായിരിക്കാം. പാര്‍ട്ടിയും നാടും ഒരു തീരുമാനം എടുക്കുമ്പോള്‍ അതിനെതിരെ നീങ്ങുകയല്ല വേണ്ടത്.’’ – കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. 

‘‘ആശാപ്രവര്‍ത്തകരുടെ സമരത്തോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാന്യത കാട്ടണം. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ സംശയമുണ്ട്. പാര്‍ലമെന്റില്‍ ആശാപ്രവര്‍ത്തകരുടെ വിഷയം യുഡിഎഫ് എംപിമാര്‍ നിരന്തരം ഉന്നയിക്കുകയും ചര്‍ച്ചയാക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് ആശാപ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാമെന്നു വാക്കാല്‍ കേന്ദ്ര ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. എന്നാല്‍ ആശാപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ഉപചോദ്യത്തില്‍ കൂടുതല്‍ വ്യക്തത തേടിയ തനിക്കു കൃത്യമായ മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറി. ഈ വിഷയത്തില്‍ മന്ത്രിയുടെ ചേംബറിലെത്തി കാണാന്‍ അനുമതി തേടിയിട്ടും അനുവാദം നല്‍കിയില്ല. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പുപാലിക്കാന്‍ തയാറാകണം.അതിനായുള്ള സമര്‍ദവും പോരാട്ടവും തുടരും. ആശാപ്രവര്‍ത്തകരുടെ നിയമനം, ജോലി എന്നിവ ഉള്‍പ്പെടെ ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരാണ്.’’ – കെ.സി.വേണുഗോപാൽ പറഞ്ഞു. 

‘‘കേന്ദ്ര സ്‌കീം നടപ്പാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. അതുകൊണ്ടു തന്നെ ആശാപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ ആശാപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിക്കുമ്പോള്‍ കേരളം എന്തുകൊണ്ട് തയാറാകുന്നില്ല? സംസ്ഥാനം മാതൃക കാണിക്കണം. സംസ്ഥാനം ഓണറേറിയം വര്‍ധിപ്പിച്ച ശേഷം കേന്ദ്ര വിഹിതത്തിനായി ശക്തമായ നിലപാടു സ്വീകരിക്കുമ്പോള്‍ യുഡിഎഫും അതിനായി ശക്തമായി സര്‍ക്കാരിനൊപ്പം അണിനിരക്കും. അതു ചെയ്യുന്നതിനു പകരം ആശാപ്രവര്‍ത്തകരുടെ സമരത്തെ അധിക്ഷേപിക്കുകയാണ് സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും.’’ – കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.

‘‘നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. കാലതാസമുണ്ടാകില്ല. കോണ്‍ഗ്രസും യുഡിഎഫും പൂര്‍ണ്ണ സജ്ജമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദി ആരാണെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍നിന്നു തന്നെ വ്യക്തമാണ്. അതിനു വേറെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ എഡിഎമ്മിന് മാനസിക വേദനയുണ്ടാക്കിയതാരാണെന്ന് പരാമര്‍ശിക്കുന്നുണ്ട്.’’ – കെ.സി.വേണുഗോപാല്‍ വ്യക്താക്കി.

English Summary:

K.C. Venugopal Slams BJP's Intolerance Over "Empuraan" Film: K.C. Venugopal condemns BJP's attack on the film "Empuraan" as an act of intolerance, emphasizing the importance of freedom of expression.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com