ഇത്തവണ ആശ നൽകുമോ?; ആശാ വര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്കു വിളിച്ച് സര്‍ക്കാര്‍

Mail This Article
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നില്‍ 52 ദിവസമായി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്കു വിളിച്ച് സര്‍ക്കാര്‍. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് സമരക്കാരുമായി ചേംബറില്‍ ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി തിരിച്ചുവന്നതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശമാരെ ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്.
സിഐടിയു, ഐഎന്‍ടിയുസി നേതാക്കളെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ചര്‍ച്ച സംബന്ധിച്ച് എന്‍എച്ച്എം ഓഫിസില്‍നിന്നാണ് അറിയിപ്പു ലഭിച്ചതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. മുന്‍പ് രണ്ടു വട്ടം സര്‍ക്കാരും സമരക്കാരും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും പ്രശ്നപരിഹാരത്തിനു കളമൊരുങ്ങിയിരുന്നില്ല.
ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക എന്നീ ആവശ്യങ്ങശാണ് കേരളാ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് മുന്നോട്ടു വയ്ക്കുന്നത്. ഈ ആവശ്യങ്ങളില്‍ ഊന്നി തന്നെയാവും നാളെയും ചര്‍ച്ചയ്ക്ക് എത്തുകയെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. ചര്‍ച്ചയ്ക്കു ശേഷം വ്യക്തമായ ഉത്തരവ് വരുന്നതു വരെ സമരം തുടരുമെന്നും മിനി അറിയിച്ചു.