‘എഎപി സർക്കാർ ജനങ്ങളുടെ ജീവൻവച്ചു കളിച്ചു; സുപ്രീം കോടതി നിർദേശവും നടപ്പാക്കിയില്ല: സിഎജി റിപ്പോർട്ട്

Mail This Article
ന്യൂഡൽഹി∙ വായുമലിനീകരണം രൂക്ഷമായ ഡൽഹിയിൽ എഎപി സർക്കാർ ജനങ്ങളുടെ ജീവൻവച്ചാണ് കളിച്ചതെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. മലിനീകരണം കുറയ്ക്കുന്നതിന് ആദ്യം ഏർപ്പെടുത്തിയിരുന്ന ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഫലം കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി രേഖ ഗുപ്ത നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.
2017നും 2020നുമിടയിൽ വായുമലിനീകരണം രൂക്ഷമായതിനെത്തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട 95 സന്ദർഭങ്ങളുണ്ടായി. എന്നാൽ, ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഉൾപ്പെടെ 8 തവണ മാത്രമാണ് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അയൽസംസ്ഥാനങ്ങളിൽനിന്നുള്ള ഡീസൽ ബസുകൾ നഗരത്തിലേക്കു കടക്കാതിരിക്കാൻ നരേലയിലും ദ്വാരകയിലും 2 ബസ് ടെർമിനൽ പണിയണമെന്ന സുപ്രീം കോടതി നിർദേശവും സർക്കാർ നടപ്പാക്കിയിട്ടില്ല. സരായ് കലേഖാൻ, കശ്മീരി ഗേറ്റ് ഐഎസ്ടിബിടികളിലേക്കു മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ഡീസൽ ബസുകൾ കൂടിയെത്തിയതോടെ നഗരത്തിലെ വായുമലിനീകരണം രൂക്ഷമാകുകയായിരുന്നെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്.
ട്രക്കുകളിൽനിന്നുള്ള മലിനീകരണം ഒഴിവാക്കാൻ പട്പട്ഗഞ്ചിലെയും തുഗ്ലക്കാബാദിലെയും കണ്ടെയ്നർ ഡിപ്പോകൾ ഡൽഹിക്കു പുറത്തേക്കു മാറ്റണമെന്ന ഉന്നതാധികാര സമിതിയുടെ നിർദേശവും പാലിച്ചിട്ടില്ല. പാർക്കിങ് സൗകര്യങ്ങളുടെ അഭാവം റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടാക്കുകയും വായുമലിനീകരണത്തിന്റെ ആക്കം കൂട്ടുകയും ചെയ്തു. പ്രധാന നിരത്തുകളിലും മറ്റും പാർക്കിങ് വിലക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശവും നടപ്പായില്ല. ഡിടിസിയുടെ ബസുകൾ കേടായി നടുറോഡിൽ കിടക്കുന്നതുമൂലം ഗതാഗതക്കുരുക്കു പതിവാണെന്നും റിപ്പോർട്ടിലുണ്ട്.
ഒരു വ്യക്തിയോ സ്ഥാപനമോ സംഘടനയോ ഒരേ പേരിൽ രണ്ടാമതൊരു വാഹനം കൂടി റജിസ്റ്റർ ചെയ്താൽ കൂടിയ നികുതിയും റജിസ്ട്രേഷൻ ഫീസും ഈടാക്കണമെന്ന നയവും ഫലപ്രദമായി നടപ്പായില്ല. വാഹനങ്ങളിൽനിന്നുള്ള മലിനീകരണം കുറയ്ക്കാൻ ജനങ്ങൾക്കിടയിൽ സർക്കാർ കാര്യമായി ബോധവൽക്കരണ പരിപാടികൾ നടത്തിയിട്ടില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്.