സ്വർഗത്തിലേക്ക് സുവർണപാലം
Mail This Article
തടാകങ്ങളുടെ നഗരമായ ശ്രീനഗർ, ഭൂമിയിലെ സ്വർഗതലസ്ഥാനം. ഓരോ വിനോദസഞ്ചാരിയും പറുദീസയെന്നു കരുതുന്ന ഈ മനോഹരനഗരത്തിലേക്ക് ഇതുവരെ ട്രെയിൻ യാത്രാ സൗകര്യമില്ലായിരുന്നു. ഇന്ത്യയുടെ വടക്കേയറ്റത്തുള്ള തലസ്ഥാനമായ ശ്രീനഗറിലേക്കു ജീവനാഡി പോലെ റെയിൽ സൗകര്യമെത്തിക്കാനുള്ള ശ്രമത്തിലെ നിർണായകഘട്ടം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണു രാജ്യം.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽപ്പാലമായ ചെനാബ് റെയിൽവേ ബ്രിജിന്റെ നിർമാണത്തിലെ സുപ്രധാന ഘട്ടമായ ഗോൾഡൻ ജോയിന്റ് എന്ന ഘടന പൂർത്തീകരിച്ചിരിക്കുന്നു. ജമ്മുവിലെ റിയാസി ജില്ലയിലുള്ള കൗരിയിലാണു പാലം. 292 കിലോമീറ്റർ നീളമുള്ള ഉധംപുർ- ശ്രീനഗർ- ബാരാമുള്ള റെയിൽവേ ലിങ്ക് പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ചെനാബ് പാലം. ഈ മേഖലയിലെ പ്രധാന നദിയായ ചെനാബിനു കുറുകെ 359 മീറ്റർ ഉയരത്തിലാണു പാലം. 1450 കോടി രൂപ ചെലവിലാണു നിർമാണം പൂർത്തീകരിച്ചത്.
നവീനവും സവിശേഷവുമായ രൂപകൽപനയുള്ള ഈ പാലത്തിന്റെ നിർമാണം നദിയുടെ ഇരുകരകളിൽ നിന്നുമാണ് തുടങ്ങിയത്. ഓരോ കരയിൽ നിന്നും 85,000 കിലോ ഭാരമുള്ള ഘടന മുന്നോട്ട്. ഓരോ ഘടനയിലും 93 ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കപ്പെട്ട നിലയിൽ.
ഈ രണ്ടു ഘടനകളും നദിയുടെ നടുക്ക് ഹൈ സ്ട്രെങ്ത് ഫങ്ഷൻ ഗ്രിപ് എന്ന ബോൾട്ടുപയോഗിച്ച് സംയോജിപ്പിച്ചു. ഗോൾഡൻ ജോയിന്റ് എന്നാണ് ഈ സംയോജന സ്ഥലത്തിന് എൻജിനീയർമാർ കൊടുത്തിരിക്കുന്ന പേര്.
ഉയരത്തിലൊരു പാലം
ഐഫൽ ടവറിനെക്കാൾ 35 മീറ്ററും കുത്തബ് മിനാറിനെക്കാൾ 287 മീറ്ററും ഉയരക്കൂടുതൽ ഈ പാലത്തിനുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ഇതുവരെ ചൈനയിലെ ബെയ്പാൻജിയാങ് നദിക്കു കുറുകെയുള്ള 275 മീറ്റർ ഉയരമുള്ള പാലമായിരുന്നു. ഇതിനെക്കാൾ 84 മീറ്റർ ഉയരത്തിലാണ് ചെനാബ് റെയിൽപ്പാലം.
ഏകദേശം 30,350 മെട്രിക് ടൺ ഉരുക്ക് 1315 മീറ്റർ നീളമുള്ള പാലത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചു. ഇതിന്റെ ആർച്ചിനു തന്നെ 10,620 മെട്രിക് ടൺ ഉരുക്കു വേണ്ടിവന്നു. 10 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 40 ഡിഗ്രി വരെയുള്ള വിവിധ താപനിലകൾ ചെറുക്കാൻ പാകത്തിലുള്ളതാണു പാലം. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ പോകുന്ന ട്രെയിനുകൾ ഉൾക്കൊള്ളാൻ പാലത്തിനു കഴിയും.120 വർഷമാണ് പാലത്തിന്റെ ആയുസ്സ്. 2004ലാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്.
സുവർണനിമിഷം
നദിയുടെ ഇരുകരകളിൽ നിന്നുമുള്ള പാലത്തിന്റെ ഘടനകൾ യോജിപ്പിക്കുന്ന പ്രക്രിയയാണു പാലത്തിന്റെ നിർമാണത്തിലെ ഏറ്റവും നിർണായകഘട്ടം. ഘടനകളിൽ വലിയ മർദം ഈ ഘട്ടത്തിലുണ്ടാകും. സുവർണനിമിഷമെന്നാണ് പാലത്തിന്റെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന എൻജിനീയർമാർ ഈ ഘട്ടത്തെ വിളിച്ചത്. ഗോൾഡൻ ജോയിന്റ് എന്ന് പാലത്തിന്റെ സംയോജന സ്ഥലത്തിനു പേരു വന്നതും ഇങ്ങനെ തന്നെ. മാസങ്ങൾക്കകം യാഥാർഥ്യമാകാൻ പോകുന്ന, കന്യാകുമാരിയിൽ നിന്നു കശ്മീരിലേക്കുള്ള റെയിൽ സർവീസ് നിർണായകമാണ് ഈ പാലം.
1947 ശേഷം ഇന്ത്യൻ റെയിൽവേ ഏറ്റെടുത്ത ഏറ്റവും വെല്ലുവിളി നിറഞ്ഞ പദ്ധതികളിലൊന്നാണ് ഉധംപുർ- ശ്രീനഗർ- ബാരമുള്ള റെയിൽവേ ലിങ്ക്. ബൃഹത്തായ രൂപകൽപനയും ദുഷ്‌കരമായ ഭൂമി ഘടനയും ഇതിന്റെ സങ്കീർണത കൂട്ടി.
ഗോൾഡൻ ജോയിന്റ് സാധ്യമായതോടെ പാലത്തിന്റെ 98% ജോലികളും പൂർത്തിയായി. മണിക്കൂറിൽ 266 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനെയും ഗ്രനേഡ് ആക്രമണങ്ങളെയും ചെറുക്കാൻ പാലത്തിനു കരുത്തുണ്ട്. 1300 തൊഴിലാളികളും 300 എൻജിനീയർമാരും അഹോരാത്രം ജോലി ചെയ്താണു ദൗത്യം പൂർത്തീകരിച്ചത്. ഉത്തര റെയിൽവേക്കാണ് ഉധംപുർ- ശ്രീനഗർ- ബാരാമുള്ള റെയിൽവേ ലിങ്കിന്റെ പ്രധാന ചുമതല. കൊങ്കൺ റെയിൽവേ, ഇർകോൺ എന്നീ കമ്പനികളും നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഭാഗമായി.
അഫ്കോൺസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ചെനാബ് റെയിൽപ്പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ഡെൻമാർക്, ഫിൻലൻഡ് ജർമനി എന്നിവടങ്ങളിൽ നിന്നുള്ള കമ്പനികൾ കൺസൽറ്റൻസി സേവനങ്ങൾ നൽകി.
പാലത്തിന്റെ സുരക്ഷയ്ക്കായി വ്യോമ നിരീക്ഷണം ഏർപ്പാടാക്കിയിട്ടുണ്ട്. കാൽനടപ്പാതകളും സൈക്കിൾ ട്രാക്കുകളും പാലത്തിലുണ്ടാകും.
കശ്മീരിലേക്കുള്ള കവാടം
പാലത്തിന്റെ ഫൗണ്ടേഷനായി എട്ടുലക്ഷം ക്യുബിക് മീറ്ററോളം ഭൂമി ഖനനം ചെയ്ത് നീക്കിയത് നിർമാണത്തിന്റെ സങ്കീർണത വെളിപ്പെടുത്തുന്നു. . ഉധംപുർ- ശ്രീനഗർ- ബാരമുള്ള റെയിൽവേലിങ്ക് പദ്ധതിയുടെ (യുഎസ്ബിആർഎൽ) ഭാഗമായി 279 കിലോമീറ്ററോളം റോഡുകളും പാലങ്ങളും പണിതു. യുഎസ്ബിആർഎൽ പദ്ധതിക്ക് 4 ഭാഗങ്ങളുണ്ട്. 25 കിലോമീറ്റർ നീളമുള്ള ഉധംപുർ- കത്ര ഭാഗം 2014 മുതൽ പ്രവർത്തിക്കുന്നുണ്ട്. രണ്ടാംഭാഗമായ കത്ര-ഖാസിഗ (148 കിലോമീറ്റർ) അടുത്ത വർഷത്തോടെ പൂർത്തീകരിക്കും. ചെനാബ് റെയിൽപ്പാലമുൾപ്പെടെ പല പാലങ്ങളും തുരങ്കങ്ങളും ഈ ഭാഗത്താണ്. ഈ റൂട്ടിൽ റെയിൽപാതകൾ അധികവും പിർ പാഞ്ചൽ പോലുള്ള തുരങ്കങ്ങളിലൂടെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഏറ്റവും ദുഷ്‌കരമായ ഭാഗവും കത്ര-ഖാസിഗയാണ്.
യുഎസ്ബിആർഎൽ പദ്ധതിയുടെ മൂന്നാം ഭാഗമായ ബാനിഹാൽ- ഖാസിഗണ്ട് (18 കിലോമീറ്റർ) 2013 ജൂണിൽ കമ്മിഷൻ ചെയ്തു. 118 കിലോമീറ്ററുള്ള നാലാം ഭാഗമായ ഖാസിഗണ്ട് -ബാരാമുള്ള ഇപ്പോൾ പ്രവർത്തന സജ്ജമാണ്. യുഎസ്ബിആർഎൽ പദ്ധതി പൂർത്തീകരിച്ചുകഴിഞ്ഞാൽ കശ്മീരിലേക്കുള്ള എപ്പോഴുമുള്ള കവാടമാകും തുറന്നുകിട്ടുക. വേനൽക്കാലത്ത് മഞ്ഞുവീഴ്ച മൂലം കശ്മീരിലേക്കുള്ള ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതി മാറാൻ ഇതു വഴിയൊരുക്കും. കശ്മീരിലെ പ്രധാന ഉൽപന്നങ്ങളായ ആപ്പിൾ തുടങ്ങിയ പഴവർഗങ്ങളുടെ ചരക്കുനീക്കത്തിന്റെ ചെലവ് കുറയ്ക്കാൻ പദ്ധതി കാരണമാകും.
മഞ്ഞുനാട്ടിലെ ട്രെയിൻ
ജമ്മുകശ്മീരിലെ ആദ്യ റെയിൽപ്പാത 1897ൽ സിയാൽക്കോട്ടിൽ നിന്നു ജമ്മുവിലേക്കു ബ്രിട്ടിഷുകാരാണു സ്ഥാപിച്ചത്. പിന്നീട് 1947ൽ വിഭജനത്തിനു ശേഷം സിയാൽക്കോട്ട് പാക്കിസ്ഥാനിലായി. ഇതോടെ റെയിൽ ഗതാഗതം മരവിച്ചു. 1975 വരെ പഞ്ചാബിലെ പത്താൻകോട്ടായിരുന്നു കശ്മീരിന് ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ. പിന്നീട് പത്താൻകോട്ടും ജമ്മുവും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാത സ്ഥാപിതമായി. 2005ൽ ജമ്മുവും ഉധംപുരും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപാതയും വന്നു.
Content Highlight: Chenab railway bridge