ടോമി, ഒരു മ്യൂസിയം!
Mail This Article
150 വർഷം പഴക്കമുള്ള അച്ചടിയന്ത്രം, 5000 ഗവേഷണ പുസ്തകങ്ങൾ, 400 വർഷം പഴക്കമുള്ള 10 കിലോ ഭാരമുള്ള ബൈബിൾ, പണ്ട് ഉണ്ടായിരുന്ന സിനിമാ ആൽബം. പെരിങ്ങാമലയിൽ ടോമി എന്ന ഇരിങ്ങാലക്കുടക്കാരൻ ഒരു പാഠപുസ്തകമാണ്, ഒരു മ്യൂസിയവും!
ടോമിയെ കണ്ടാൽ ചരിത്രം പഠിക്കാം. ഇരിങ്ങാലക്കുട സ്വദേശി പെരിങ്ങാമലയിൽ ടോമി മാത്യുവിന്റെ ശേഖരത്തിലുള്ളത് ഒരു മ്യൂസിയത്തിലേക്ക് ആവശ്യമായ വസ്തുക്കൾ. വിലമതിക്കാനാവാത്ത പുരാതന പുസ്തകങ്ങൾ, പഴയകാല ബോളിവുഡ് ചലച്ചിത്രങ്ങളുടെ ഉൾപ്പെടെ ഫിലിം ചിത്രങ്ങൾ അടങ്ങിയ ആൽബങ്ങൾ, അഞ്ഞൂറിലധികം ക്ലോക്കുകൾ, 30തരം പഴയകാല ഫോണുകൾ, 150 വർഷത്തോളം പഴക്കമുള്ള രണ്ടു പ്രിന്റിങ് മെഷീനുകൾ. 25 വർഷത്തെ തന്റെ ശേഖരങ്ങൾ ഇരിങ്ങാലക്കുട – തൃശൂർ റോഡിലെ വീടിനോടു ചേർന്നുള്ള സ്ഥാപനത്തിന്റെ മുകളിലെ നിലയിൽ ഭംഗിയായി സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ വരുന്നവർക്ക് ഒരു പുരാവസ്തു മ്യൂസിയത്തിൽ കയറിയ അവസ്ഥയാണ്.
വൻവില, ആദ്യ പ്രതികൾ
ഗവേഷണ വിദ്യാർഥികൾക്കു പഠനങ്ങൾക്ക് ഉപയോഗിക്കാവുന്ന അയ്യായിരത്തിൽപരം പുസ്തകങ്ങളാണു ടോമിയുടെ ശേഖരത്തിലുള്ളത്. 1563ൽ സെന്റ് പോളിനെക്കുറിച്ചു ലാറ്റിൽ ഭാഷയിൽ എഴുതിയ പുസ്തകമാണ് ഏറ്റവും പഴയത്. 400 വർഷം പഴക്കമുള്ള വിവിധ ബൈബിളുകൾ പലതിനും പത്തിലേറെ കിലോ ഭാരമുണ്ട്. ചരിത്രം, ഫിലോസഫി, ആർട്ട്, ഭാഷകൾ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചു വിശാലമായി പ്രതിപാദിക്കുന്ന ഒട്ടേറെ പുസ്തകങ്ങൾ ശേഖരത്തിലുണ്ട്. മിക്കതും ഫസ്റ്റ് എഡിഷൻ പുസ്തകങ്ങളാണ്. അതിനാൽ വില കേട്ടാൽ ഞെട്ടും.
‘ആലീസ് ഇൻ വണ്ടർലാൻഡ്’ എന്ന കൃതിയുടെ ആദ്യം പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ ഒന്നു ടോമിയുടെ സ്വന്തമാണ്. അതിനു ലക്ഷങ്ങൾ വിലവരുമെന്നു പറയുന്നു.
ജയിംസ് ഗ്രാന്റ് 150 വർഷം മുൻപ് എഴുതിയ ‘ഹിസ്റ്ററി ഓഫ് ഇന്ത്യ’, ടി.എ.ലോറൻസിന്റെ ‘സെവൻ പില്ലേഴ്സ് ഓഫ് വിസ്ഡം’, 1860ൽ പ്രസിദ്ധീകരിച്ച ചാൾസ് ബെല്ലിന്റെ ‘ഹിസ്റ്ററി ഓഫ് ഇന്ത്യൻ മ്യൂട്ടണി’, ജോൺ ബുനിയൻ 1842ൽ പ്രസിദ്ധീകരിച്ച ‘ദി പിൽഗ്രിംസ് പ്രോഗ്രസ്’ 1924ൽ പുറത്തിറങ്ങിയ മഹാത്മാഗാന്ധിയുടെ ‘ യങ് ഇന്ത്യ 1919–22’ തുടങ്ങി ഒട്ടേറെ വിഖ്യാതമായ പുസ്തകങ്ങളുടെ ശേഖരം ഇവിടെയുണ്ട്.
വിദേശലേലം മുതൽ ആക്രിവരെ
ഒട്ടേറെ ഭാഷകളിലെ ഡിക്‌ഷനറികളുണ്ട്. പിക്കാസോ അടക്കമുള്ള ചിത്രകാരൻമാരുടെ രചനകളെ പ്രതിപാദിക്കുന്ന പുസ്തകങ്ങളും കൂട്ടത്തിലുണ്ട്. മിക്ക പുസ്തകങ്ങളിലും മനോഹരമായ ചിത്രങ്ങളും ഉണ്ടെന്നതാണു മറ്റൊരു പ്രത്യേകത. 15 വർഷം മുൻപാണു പുസ്തകങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്. അമേരിക്ക, യുകെ തുടങ്ങി വിദേശരാജ്യങ്ങളിൽ നിന്ന് വരെ ലേലത്തിൽ ടോമി പുസ്തകങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
ഹൈദരാബാദ്, ഡൽഹി, ഷിംല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു പുസ്തകങ്ങൾ ശേഖരിക്കാറുണ്ട്. ആക്രി കടകളിൽ നിന്നു പലപ്പോഴും വില പിടിപ്പുള്ള പുസ്തകങ്ങൾ ലഭിക്കാറുണ്ടെന്നു ടോമി പറയുന്നു. പലർക്കും പുസ്തകങ്ങളുടെ മൂല്യം അറിയില്ല. വീട്ടിൽ പലയിടത്തായി സൂക്ഷിച്ചിരുന്ന പുസ്തകങ്ങൾ ഉപയോഗിച്ച് കോവിഡ് കാലത്തെ ഒഴിവു ദിവസങ്ങൾ പ്രയോജനപ്പെടുത്തി പുസ്തകങ്ങളുടെ പട്ടിക തയാറാക്കി എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിൽ ലൈബ്രറിയാക്കി മാറ്റിയിരിക്കുകയാണിപ്പോൾ. പുസ്തകങ്ങൾ ആർക്കും പഠനത്തിന് നൽകാൻ ടോമി തയാറാണ്.
ആൽബം സിനിമാക്കഥ പറയും
പുസ്തകങ്ങൾ മാത്രമല്ല അപൂർവ ചിത്രങ്ങൾ അടങ്ങിയ 30ഓളം ആൽബങ്ങളുണ്ട് ടോമിയുടെ ശേഖരത്തിൽ. 1970കളിലെ സിനിമകളുടെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ അടങ്ങിയ ചിത്രങ്ങൾ ഇവയിൽ കാണാം. അന്ന് ഓരോ സിനിമയ്ക്കും ഓരോ ആൽബങ്ങളാണ് ഉണ്ടായിരുന്നത്. അമിതാഭ് ബച്ചൻ, ശശി കപൂർ, ഹേമ മാലിനി തുടങ്ങിയവരുടെ അപൂർവ ചിത്രങ്ങൾ ഇൗ ആൽബങ്ങളിലുണ്ട്. തമിഴ്, തെലുങ്ക് സിനിമകളുടെ ആൽബങ്ങളും കൂട്ടത്തിലുണ്ട്. ഇത്തരം ആൽബങ്ങളുടെ ശേഖരം രാജ്യത്ത് തന്നെ വളരെ അപൂർവമായിരിക്കുമെന്നു ടോമി പറയുന്നു. 1967ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ‘ദൈവ ശൈൽ’, 1971ൽ അമിതാഭ് ബച്ചൻ, രാജേഷ് ഖന്ന എന്നിവർ അഭിനയിച്ച ‘ഹാതി മേരാ സാത്തി’ തുടങ്ങിയവയും കൂട്ടത്തിലുണ്ട്. പ്രശസ്ത ഫൊട്ടോഗ്രഫർ ജോർജ് വിഷിക്കൻസ് 1880ൽ എടുത്ത ലണ്ടൻ നഗരത്തിന്റെ ചിത്രങ്ങൾ അടങ്ങിയ ആൽബം, മഹാറാണി ഓഫ് ഭരത്പുർ 1925ൽ ശേഖരിച്ച ചിത്രങ്ങൾ അടങ്ങിയ ആൽബം അങ്ങനെ നീളുന്നു.
റിങ്.. റിങ് 1900
20 തരം ലാൻഡ് ഫോണുകളുണ്ട് ടോമിയുടെ ശേഖരത്തിൽ. 1900ങ്ങളിലെ ഇരട്ട സ്പീക്കറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫോണുകളാണിവ. യാത്രകൾക്കിടയിൽ പലയിടത്തു നിന്നാണു ഫോണുകൾ ശേഖരിച്ചത്.
ചരിത്രം പറയുന്ന ക്ലോക്കുകൾ
ചരിത്രത്തിലേക്കു മണിയടിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്കുകളാണു ടോമിയുടെ മറ്റൊരു ശേഖരം. വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച 400 ഓളം പുരാതന ക്ലോക്കുകളാണു മറ്റൊരു പ്രത്യേക ശേഖരം. ഇൗ ക്ലോക്കുകളാണ് ഇപ്പോൾ ലൈബ്രറി ചുമരുകളെ ആകർഷകമാക്കുന്നത്. അമേരിക്ക, യുകെ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ക്ലോക്കുകളാണു കൂടുതൽ.
അൽപം വീട്ടുകാര്യം
വിദ്യാർഥികൾക്കും മറ്റും പഠനത്തിന് ഉപകരിക്കണമെന്ന ഉദേശ്യത്തോടെയാണ് ഈ ശേഖരം ഒരുക്കിയിരിക്കുന്നതെന്ന് ടോമി പറയുന്നു.
കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ള ടോമിക്കു പിതാവ് ക്രൈസ്റ്റ് കോളജിലെ റിട്ട. കെമിസ്ട്രി അധ്യാപകനായിരുന്ന മാത്യുവിൽ നിന്നാണു പുസ്തകങ്ങളോടും പ്രണയം കൈമാറി കിട്ടിയത്. ആമ്പല്ലൂരിൽ ഗ്രേയ്സ് ഹോണ്ട എന്ന പേരിൽ വാഹന വിൽപന ശാല നടത്തുകയാണു ടോമി. അമ്മ മേരി മാത്യു, ഭാര്യ അനുജി, മക്കളായ അലൻ, അലീന എന്നിവരും അപൂർവ പുസ്തകശേഖരം ലൈബ്രറിയാക്കുന്നതിനു സഹായവുമായുണ്ട്.
ഫോൺ: 98470 66224.
English Summary: Tomy mathew's Museum