ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സമുദ്രനിരപ്പിൽനിന്ന് 19,340 അടി ഉയരത്തിൽ, ചുളുചുളുക്കുന്ന തണുപ്പൻ കാറ്റിൽ, വടക്കുകിഴക്കൻ ടാൻസനിയയിലെ കിളിമഞ്ചാരോ കൊടുമുടിയുടെ ഉയരങ്ങളിൽ നിൽക്കുമ്പോൾ ട്രെക്കിങ് ഗൈഡ് ഉറക്കെ വിളിച്ചുചോദിക്കും.. ‘നിങ്ങൾക്കു ക്ഷീണം തോന്നുന്നുണ്ടോ?’ എട്ടുപത്തുകിലോ ഭാരമുള്ള ബായ്ക്ക്പായ്ക്ക് തൂക്കി കിതച്ചും തളർന്നും അത്രനേരം മല താണ്ടിയ ക്ഷീണം മറന്ന് ഷബാന മറുപടി പറയും..‘ഇന്നു ക്ഷീണമില്ല.’ ‘അതെ, ഇന്നത്തെയൊരു ദിവസം തളരാതെ, പതറാതെ പിടിച്ചുനിൽക്കാൻ കഴിഞ്ഞാൽ നിങ്ങൾ വിജയിച്ചു. ഓരോ ദിവസത്തെയും അതിജീവനമാണ് നിങ്ങളുടെ വിജയത്തിന്റെ സീക്രട്ട്.’ പറയുന്നത് ഷബാന അബൂബക്കർ; അബുദാബിയിൽ താമസിക്കുന്ന ഇടപ്പള്ളിക്കാരി.

∙ മരം കയറിപ്പോലും പരിചയമില്ല

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കിളിമഞ്ചാരോയിലേക്കുള്ള സാഹസികയാത്രയ്ക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ ഷബാനയ്ക്ക് അറിയില്ലായിരുന്നു, ആ യാത്ര തന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയുംകൂടി മാറ്റിമറിക്കുമെന്ന്. കുട്ടിക്കാലത്ത് ഒരു മരം കയറി പോലും പരിചയമില്ല ഷബാനയ്ക്ക്. വിവാഹം കഴിഞ്ഞ് ഭർത്താവ് സിബി ഇസ്മയിലിനൊപ്പം അബുദാബിയിലേക്കു ചേക്കേറി ഒരു കുടുംബിനിയായി ജീവിതം തുടങ്ങിയതാണ്. വൈകാതെ രണ്ടു കുഞ്ഞുങ്ങളുടെ ഉമ്മയായി. പിന്നീട് അവിടെത്തന്നെ ജോലി കണ്ടെത്തി. ഉദ്യോഗവും കുടുംബജീവിതവും ഒരു ഞാണിന്മേൽകളി പോലെ കൊണ്ടുപോകുന്നതിനിടയിലാണ് ഓഫിസിൽനിന്ന് ഒരു അസൈൻമെന്റ് ഏൽക്കേണ്ടിവന്നത്. CLIMB (Challenge, Lead, Inspire, Motivate, Belive in yourself) എന്നൊരു ടാർഗറ്റ് ആയിരുന്നു അത്.

സ്ത്രീകൾക്ക് പ്രചോദനസന്ദേശം നൽകുന്ന എന്തു ടാസ്ക്കും ചെയ്യാം. ഷബാനയും സഹപ്രവർത്തകരും തലപുകഞ്ഞ് ആലോചിച്ചു. ഒടുവിൽ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കിളിമഞ്ചാരോ കീഴടക്കാം എന്നു തീരുമാനിച്ചു. ലോകത്തിലെ തന്നെ നാലാമത്തെ ഉയരമേറിയ കൊടുമുടിയായ കിളിമഞ്ചാരോ ഒരു നിർജീവ അഗ്നിപർവതംകൂടിയാണ് എന്നറിഞ്ഞപ്പോൾ ഷബാനയ്ക്ക് ഉള്ളൊന്നു നടുങ്ങിയെങ്കിലും കൂടെയുള്ളവരുടെ ആവേശം കണ്ടപ്പോൾ അതു പുറത്തു കാണിച്ചില്ല. വിവിധ രാജ്യങ്ങളിൽനിന്നുള്ള 15 അംഗ സംഘത്തിലെ ഏക മലയാളിയായിരുന്നു ഷബാന.

‘സ്ത്രീയെന്ന നിലയിലുള്ള എല്ലാ പരിമിതികളുമുണ്ടായിരുന്നു മുന്നിൽ. സ്ത്രീകൾ പൊതുവേ ഇത്തരം സാഹസിക യാത്രകൾക്ക് ഇറങ്ങിപ്പുറപ്പെടാറില്ലെന്ന ഓർമപ്പെടുത്തലുകളുമുണ്ടായി പലയിടത്തുനിന്നും. പക്ഷേ അത്തരം വെല്ലുവിളികളെ നേരിടാൻ തന്നെ തീരുമാനിച്ചു. പുരുഷന്മാർക്കു മാത്രമേ ഹൈക്കിങ്ങും കയാക്കിങ്ങുമൊക്കെ പറഞ്ഞിട്ടുള്ളൂ എന്നൊരു ധാരണ സമൂഹത്തിനുണ്ട്. സത്യത്തിൽ സ്ത്രീകൾ അവരുടെ സ്വകാര്യജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികൾ വച്ചുനോക്കുമ്പോൾ കിളിമഞ്ചാരോയൊക്കെ വളരെ നിസ്സാരമെന്നുപോലും ചിലപ്പോൾ തോന്നി. പിന്നെ ഇതൊക്കെ ഓരോരുത്തരുടെ ചോയ്സ് അല്ലേ? പാചകവും പാട്ടുപാടലും മാത്രമല്ല പർവതാരോഹണം പോലെയുള്ള സാഹസിക മേഖലകളിലും സ്ത്രീകൾ അവരുടെ മിടുക്ക് കാണിക്കട്ടെ.’’ഷബാനയുടെ വാക്കുകളിൽ ഇപ്പോഴും ആവേശം തുടിക്കുന്നു.

shabana-aboobacker-mount-kilimanjaro-0903
ഷബാന

∙ ഉയരവും ദൂരവും കണ്ടു ഭയക്കരുത്

2022 ഏപ്രിലിൽ ആണ് യാത്രയ്ക്കുള്ള ആലോചന തുടങ്ങിയത്. മറ്റേതെങ്കിലും യാത്രപോലെ ബാഗും റെഡിയാക്കി പെട്ടെന്ന് പോകാൻ കഴിയില്ലല്ലോ; പിന്നീടുള്ള മൂന്നു മാസം യാത്രയ്ക്കുള്ള തയാറെടുപ്പായിരുന്നു. ഏറെ കായികക്ഷമത ആവശ്യപ്പെടുന്ന യാത്രയാണ്. ശരീരവും മനസ്സും പാകപ്പെടുത്തണം. പേശികൾ ദൃഢമാക്കണം. അതിനുവേണ്ടി ജിമ്മിൽ വർക്കൗട്ട് തുടങ്ങി. ശരീരഭാരം കൂടാതെ ശ്രദ്ധിക്കണം. ഭക്ഷണനിയന്ത്രണവും വ്യായാമവും പതിവാക്കി. കിളിമഞ്ചാരോ ട്രെക്കിങ്ങിന്റെ വിജയനിരക്ക് 50 ശതമാനം മാത്രമേയുള്ളൂ എന്നത് ഷബാനയും സംഘവും നേരത്തെ മനസ്സിലുറപ്പിച്ചിരുന്നു. കയറാൻ തുടങ്ങുന്ന പകുതിപേർ മാത്രമേ ഏറ്റവും ഉയരം വരെ എത്തിച്ചേരാറുള്ളൂ. മറ്റുള്ളവർ പാതിവഴിയിൽ പിന്തിരിയുന്നതാണ് പതിവ്. എട്ടു ദിവസത്തെ അക്ഷീണ പ്രയത്നത്തിലൊടുവിലാണ് കൊടുമുടിയുടെ ഉച്ചിയിലെത്തുക.

ദിവസവും അതിരാവിലെ തുടങ്ങുന്ന ട്രെക്കിങ് രാത്രിയാണ് അവസാനിക്കുക. ബായ്ക്ക്പാക്കും തൂക്കി ഇടയ്ക്കിടെ ഓരോ കവിൾ വെള്ളം മാത്രം കുടിച്ചും എന്തെങ്കിലും കൊറിച്ചുമായിരുന്നു യാത്ര. ഓരോ ദിവസവും ഓരോ വ്യത്യസ്ത ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് കിളിമഞ്ചാരോ യാത്രക്കാർക്കു വേണ്ടി കരുതിവയ്ക്കുന്ന സർപ്രൈസ്. ചിലയിടങ്ങളിൽ മനോഹരമായ പുൽമേടുകൾ, കുറച്ചുകൂടി ഉയരത്തിലെത്തുമ്പോൾ ലാവ പൊട്ടിയുറഞ്ഞുണ്ടായ ശിലകൾ... ഹൈക്കിങ് പോൾ ഉപയോഗിച്ചാണ് കയറ്റമെങ്കിലും ചെങ്കുത്തായ പാറക്കെട്ടുകളിലൂടെ കയറേണ്ടിവരുമ്പോൾ ഗൗളിയെപ്പോലെ പാറകളിൽ അള്ളിപ്പിടിച്ചുവേണം മുന്നേറാൻ. അതീവ സാഹസികവും അപകടകരവുമാണ് ചില ഇടങ്ങൾ. രാത്രി ടെന്റിലെത്തുമ്പോഴേക്കും ക്ഷീണിച്ചു തളർന്നു വീഴുമായിരുന്നത്രേ.

പക്ഷേ, ഉയരംകൂടുന്തോറും സാഹസികത പർവതാരോഹകരെ ലഹരിപിടിപ്പിക്കാൻ തുടങ്ങുമെന്ന് ഷബാന പറയുന്നു. ‘‘മേഘങ്ങളെ തൊട്ടുതൊട്ടുനടന്ന് പിന്നീട് നാം പതുക്കെ മേഘങ്ങൾക്കും മുകളിലെത്തും. അപ്പോഴത്തെ കാഴ്ച വളരെ കൊതിപ്പിക്കുന്നതാണ്. സമുദ്രനിരപ്പിൽനിന്ന് 16,000 അടി ഉയരത്തിലെത്തിക്കഴിഞ്ഞു നോക്കുമ്പോൾ ചുറ്റും മേഘപ്പാടങ്ങൾ പൂത്തുലഞ്ഞുനിൽക്കുന്ന കാഴ്ച. അതുവരെ കണ്ട എല്ലാകാഴ്ചകളുടെയും മനോഹാരിതയെ ചെറുതാക്കിക്കളയുന്നൊരു മായാജാലമുണ്ടായിരുന്നു അതിന്.

ആവേശത്തോടെ ഞങ്ങൾ കയറ്റം തുടരുമ്പോൾ മുന്നിലെ ഗൈഡ് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടേയിരിക്കും. POLE.. POLE.. ‍‍ടാൻസനിയയിലെ സ്വഹിലി ഭാഷയിൽ അതിന്റെ അർഥം ‘പതുക്കെപ്പതുക്കെ’ എന്നാണ്. ഒരു പിഞ്ചുകുഞ്ഞ് പിച്ചവയ്ക്കുംപോലെ പതുക്കെ ഏറെ കരുതലോടെ വേണം പർവതം കയറാൻ. ആവേശം മനസ്സിൽ മാത്രം മതി. ചുവടുകൾക്കു വേഗം കൂടുമ്പോൾ എളുപ്പം തളരും. അതുകൊണ്ട് സാവധാനം കയറിയാൽ മതിയെന്ന് ഗൈഡ് ഓർമപ്പെടുത്തും. കയറ്റത്തിന്റെ ഒരു ഘട്ടത്തിലും ഷബാന തിരിഞ്ഞുനോക്കിയതേയില്ല. ഉയരത്തിലേക്ക്, ഏറ്റവും ഉയരത്തിലേക്കെത്താൻ ഇനിയെത്ര ചുവടുകൾ എന്നതു മാത്രമായിരുന്നു മനസ്സിൽ.

∙ ഓരോ ചുവടിലും ഞങ്ങൾ ഒപ്പമുണ്ട്, ഉമ്മാ...

ഒടുവിൽ സ്റ്റെല്ലാ പോയിന്റും പിന്നിട്ട് കൊടുമുടിയുടെ ഏറ്റവും ഉയരത്തിലുള്ള ഉഹുറു പീക്കിലേക്കുള്ള ട്രെക്കിങ്ങായിരുന്നു ഏറ്റവും ക്ലേശകരം. രാത്രി ഉറക്കമിളച്ച് ഹെഡ്‌ലൈറ്റിന്റെ സഹായത്തോടെ തപ്പിത്തടഞ്ഞുകയറുമ്പോൾ അതിശക്തമായ മഞ്ഞുവീഴ്ച പലപ്പോഴും വഴിമുടക്കി. എട്ടുപത്തു ലെയർ തെർമൽ വെയറുകൾ ധരിച്ചാണ് യാത്രയെങ്കിലും ശരീരത്തിലേക്ക് സൂചിമുന ആഴ്ന്നിറങ്ങുന്നതുപോലെ തണുപ്പ് തുളച്ചുകയറി. ഓക്സിജൻ ലഭ്യത 50 ശതമാനം മാത്രമായിരുന്നതിനാൽ പലപ്പോഴും മൂക്കിൽനിന്നു രക്തസ്രാവമുണ്ടാകുകയും ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്തെങ്കിലും ഷബാന മതിയാക്കിയില്ല. പതിനാലുകാരനായ മകനും ആറുവയസ്സുകാരിയായ മകളും ചേർന്നയച്ച സ്നേഹസന്ദേശത്തിലെ വരികൾ ഷബാന ഓർമിച്ചു. Mamma, every step you make.. we are always with you...

shabana-aboobacker-mount-kilimanjaro-0901
കിളിമഞ്ചാരോയ്ക്കു മുകളിൽ ദേശീയപതാകയുമായി ഷബാന

ആ വാക്കുകളായിരുന്നു അവസാനത്തെ കുതിപ്പിനുള്ള ഊർജം. ഒടുവിൽ 19340 അടി ഉയരത്തിൽ, മൈനസ് 12 ഡിഗ്രി തണുപ്പിൽ, ഉഹുറു പീക്കിൽ ഇന്ത്യൻ പതാക നാട്ടുമ്പോൾ കരഞ്ഞുപോയി ഷബാന. ആ അനുഭവം വിവരിക്കാൻ ഷബാനയ്ക്കു വാക്കുകളില്ല. ‘‘അസാധ്യമെന്നു കരുതി വേണ്ടെന്നുവയ്ക്കുന്ന എന്തെങ്കിലും ഒരു കാര്യമുണ്ടെങ്കിൽ അതു തീർച്ചയായും ചെയ്യുക. എത്ര പ്രയാസങ്ങൾ അതിനുവേണ്ടി സഹിച്ചാലും സാരമില്ല. ഒടുവിൽ അതു സാധ്യമാക്കുന്നൊരു നിമിഷമുണ്ടല്ലോ. ആ നിമിഷത്തിന്റെ ഒരു ത്രില്ലുണ്ട്. നിങ്ങളുടെ ജീവിതം മാറിമറിയും. അതുവരെയുള്ള നിങ്ങളായിരിക്കില്ല, പിന്നീടുള്ള നിങ്ങൾ...’’ ഷബാനയുടെ വാക്കുകളിൽ കിളിമഞ്ചാരോപ്പൊക്കത്തിൽ ആത്മവിശ്വാസം നിറഞ്ഞുനിൽക്കുന്നു.

Content Highlights: Mount Kilimanjaro, Shabana Aboobacker

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com