സൈക്കിൾ സവാരിയും പെറ്റിക്കേസും...
Mail This Article
സെന്റ് ജോസഫ്സ് സ്കൂളിൽ നിന്ന് എസ്എസ്എൽസി പാസായ ശേഷം ഇന്റർമീഡിയറ്റിന് പഠിക്കാൻ എനിക്ക് അഡ്മിഷൻ കിട്ടിയത് മഹാത്മാഗാന്ധി കോളജിലായിരുന്നു. കേശവദാസപുരം എന്ന കറ്റച്ചക്കോണത്തു തുടങ്ങിയ സ്ഥാപനത്തിൽ ആർട്സ് വിഷയങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലാബ് സൗകര്യമൊക്കെ പെരുന്താന്നിയിലുള്ള കോളജിന്റെ കെട്ടിടത്തിലായിരുന്നു. അതുകൊണ്ട് ഫസ്റ്റ് ഗ്രൂപ്പുകാരും സെക്കൻഡ് ഗ്രൂപ്പുകാരും പെരുന്താന്നിയിലെ കോളജിലായിരുന്നു പഠിക്കാൻ പോയിരുന്നത്. ഫസ്റ്റ് ഗ്രൂപ്പുകാരനായതു കൊണ്ട് ഞാനും പെരുന്താന്നി കോളജിന്റെ ഭാഗമായി. ഗൗരീശപട്ടത്ത് നിന്നു നടന്നാണ് ഞാൻ പെരുന്താന്നിക്കു പോയിരുന്നത്. നാടിന്റെ പലഭാഗത്തു നിന്നു കുട്ടികൾ പഠിക്കാൻ എത്തിയിരുന്നു. ബസ് സൗകര്യമൊന്നും അധികം ഇല്ലാതിരുന്ന കാലം. മിക്കപ്പോഴും വിദ്യാർഥികൾ താമസിച്ചാണ് ക്ലാസിലെത്തുക. താമസിച്ച് വന്നതിന് കാരണം കാണിക്കാൻ പറഞ്ഞപ്പോൾ സ്ഥിരം ‘ലേറ്റ് കമറാ’യ ഒരു വിദ്യാർഥി എഴുതിയത് ‘As I am suffering from Kattachakonam please excuse me for being late... എന്നായിരുന്നു. വിദ്യാർഥി അർഥമാക്കിയത് ‘കറ്റച്ചക്കോണത്ത്് നിന്ന് വരുന്നത് ബുദ്ധിമുട്ടായതിനാൽ താമസിച്ച് വരുന്നതിന് മാപ്പു തരണം ’എന്നായിരുന്നു . ഇത് അധ്യാപകന് മനസ്സിലായി. പക്ഷേ ക്ലാസിൽ ആ കത്ത് ചർച്ചാവിഷയവും ചിരിവിഷയവുമായി എന്നത് മറക്കാനാകില്ല.'
ഇത്തരം കുഴപ്പങ്ങളിൽ നിന്നു രക്ഷപ്പെടാൻ ഭാഗ്യത്തിന് എനിക്ക് സൈക്കിളുള്ള ഒരു ചങ്ങാതിയെ കിട്ടി. പേര് കൃഷ്ണൻനായർ. ഞങ്ങൾ കൊച്ചുകൃഷ്ണൻനായർ എന്നാണ് കക്ഷിയെ വിളിച്ചിരുന്നത്. ചായക്കട രാമകൃഷ്ണപിള്ളയുടെ മകനായ അദ്ദേഹം നല്ല ഫുട്ബോൾ കളിക്കാരനുമായിരുന്നു. ജനറൽ ആശുപത്രി മുക്കിലാണ് രാമകൃഷ്ണപിള്ളയുടെ ഹോട്ടൽ. അക്കാലത്ത് അദ്ദേഹത്തിന് ഏജീസ് ഓഫിസിൽ ചെറിയ ജോലിയും ഉണ്ടായിരുന്നു. എന്നാൽ ആ ജോലിയിൽ നിന്നു ലഭിച്ചിരുന്നതിനെക്കാൾ കാശ് അദ്ദേഹം ചായക്കടയിൽ നിന്നുണ്ടാക്കി. അങ്ങനെയാണ് നാട്ടുകാരുടെ ഇടയിൽ ചായക്കട രാമകൃഷ്ണപിള്ള എന്നദ്ദേഹം അറിയപ്പെടാൻ ഇടയായത്. ജനറൽ ആശുപത്രിമുക്കിൽ ചെന്നാൽ രാമകൃഷ്ണപിള്ളയുടെ ചായക്കടയിൽ നിന്ന് ഒരു ചായ കുടിക്കുന്നത് അന്തസ്സായിട്ടാണു നാട്ടുകാർ കരുതിയിരുന്നത്. ഞങ്ങൾ കുട്ടികളും അക്കാര്യത്തിൽ വ്യത്യസ്തരായിരുന്നില്ല.
കോളജിൽ പോകുന്ന ദിവസങ്ങളിൽ ഗൗരീശപട്ടത്തെ വീട്ടിൽ നിന്നു ഞാൻ രാവിലെ ഇറങ്ങി നടക്കും. എന്നിട്ടു നേരെ കൊച്ചുകൃഷ്ണൻനായരുടെ വീട്ടിലെത്തും. അവിടെ നിന്നു ഞാനും കൃഷ്ണൻനായരും ഒരുമിച്ച് സൈക്കിളിൽ മഹാത്മാഗാന്ധി കോളജിലേക്കു പോകും. കൊച്ചുകൃഷ്ണൻനായർക്ക് സൈക്കിളിൽ നല്ല കൺട്രോൾ ഉണ്ടായിരുന്നു. എന്നെയും ഇരുത്തി ശരവേഗത്തിലൊക്കെ കക്ഷി സൈക്കിൾ ചവിട്ടും. അതാരെയെങ്കിലും കാണിച്ച് അത്ഭുതപ്പെടുത്താനൊന്നുമല്ല. കൊച്ചുകൃഷ്ണൻനായരുടെ പാടവം അറിയാമായിരുന്നത് കൊണ്ട് സൈക്കിളിന്റെ പിന്നിൽ ഇരിക്കാൻ എനിക്ക് അശേഷം മടി തോന്നിയിരുന്നുമില്ല. അക്കാലത്ത് സൈക്കിളിന്റെ പിന്നിലായാലും മുന്നിലായാലും മറ്റൊരു യാത്രക്കാരനെ കൊണ്ടു പോകുന്നത് കുറ്റമായിരുന്നു. ‘ലോഡ് ’ഇരുന്നു പോകുക എന്നാണ് അത്തരം യാത്രയെ വിശേഷിപ്പിച്ചിരുന്നത് തന്നെ. പൊലീസിനു പെറ്റിക്കേസ് അടിക്കാനുള്ള കുറ്റം തന്നെയായിരുന്നു ഇത്. കാറും ബൈക്കും ഒന്നും ഇന്നത്തെ കാലത്തെ പോലെ സുലഭമല്ലാതിരുന്ന സമയമാണല്ലോ. അന്നു സൈക്കിൾ യാത്ര തന്നെ ഒരു ‘ലക്ഷ്വറി’ യുടെ ലക്ഷണമായിരുന്നു. അപ്പോൾ പിന്നെ പൊലീസ് വിടുമോ?. രാത്രിയിൽ സൈക്കിളിൽ ലൈറ്റില്ലാതെ പോകുക, രണ്ടു കൈയും വിട്ട് സർക്കസ് കാട്ടി സൈക്കിൾ ചവിട്ടുക എന്നിവയെല്ലാം സൈക്കിളുമായി ബന്ധപ്പെട്ട ‘ഒഫൻസുകളായിരുന്നു ’. ചുരുക്കത്തിൽ എല്ലാ ദിവസവും ഞാനും കൊച്ചുകൃഷ്ണൻനായരും പെറ്റിക്കേസ് ചാർജ് ചെയ്യാവുന്ന കുറ്റമായ ‘ലോഡിരുന്ന് യാത്ര’ നടത്തിയാണു കോളജിലേക്കു പോയിരുന്നതും വന്നതും എന്നോർക്കുക.
ഒരു ദിവസം കൊച്ചുകൃഷ്ണൻനായർ നല്ല വേഗത്തിൽ സൈക്കിൾ പായിക്കുകയാണ്. അൽപം താമസിച്ച് ഇറങ്ങിയതിന്റെ പ്രായശ്ചിത്തമാണ് വേഗം കൂട്ടലിനു കാരണം. വഞ്ചിയൂർ അടുക്കാറായപ്പോഴുണ്ട് അതാ തീക്കുറ്റി തൊപ്പിയും കാക്കി യൂണിഫോമും അണിഞ്ഞ് നിൽക്കുന്നു ഒരു പൊലീസ് കോൺസ്റ്റബിൾ. ഞങ്ങൾ നല്ല വേഗം കൂട്ടി വരികയാണ്. കോൺസ്റ്റബിൾ സൈക്കിളിൽ ലോഡ് ഇരുന്നു വരുന്ന ഞങ്ങളെ കണ്ടു. ഞങ്ങൾ അടുത്തെത്താറായപ്പോൾ അയാൾ നിർത്താൻ കൈകാണിച്ചു. എനിക്കു പരിഭ്രമം തോന്നി. പക്ഷേ കൊച്ചു കൃഷ്ണൻനായർക്ക് പരിഭ്രമം ഉണ്ടായില്ല. സൈക്കിൾ ചവിട്ടി നിർത്താൻ പോകുന്ന ഭാവത്തിൽ കൊച്ചുകൃഷ്ണനായർ അൽപം വേഗം കുറച്ചു. കോൺസ്റ്റബിൾ കൈമാറ്റി. സൈക്കിൾ അയാളുടെ അടുത്തെത്തിയതും കൊച്ചുകൃഷ്ണൻനായർ പറഞ്ഞു, ‘ സോറി ഇതിൽ ഇനി ഒരാൾക്ക് കൂടി കയറാനുള്ള സ്ഥലം ഇല്ല...’ എന്ന്. ഞാനതു വ്യക്തമായി കേട്ടു. കോൺസ്റ്റബിൾ അന്തം വിട്ടു നിൽക്കുമ്പോൾ വന്നതിന്റെ ഇരട്ടി വേഗത്തിൽ സൈക്കിൾ ചവിട്ടി നീങ്ങി കൃഷ്ണൻനായർ. ഇളിഭ്യനായി നിൽക്കുന്ന കോൺസ്റ്റബിളിനെ ഒന്നു തിരിഞ്ഞു നോക്കണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ ഭയം എന്നെ പിന്തിരിപ്പിച്ചു. എങ്കിലും പിൻസീറ്റിൽ ഇരുന്ന എനിക്ക് പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. മറ്റൊരിക്കൽ ‘നല്ല തങ്ക’ സിനിമ റിലീസായ ദിവസം. ക്ലാസ് കട്ട് ചെയ്തു മാറ്റിനിക്ക് പോകാൻ ഞാനും കൃഷ്ണൻനായരും തീരുമാനിച്ചു.
ഉച്ചയ്ക്ക് ഉൗണും കഴിച്ച് ക്ലാസ് കട്ട് ചെയ്തു സൈക്കിളുമായി ഞങ്ങൾ പുറത്തു ചാടി. സിനിമയ്ക്കെത്താനുള്ള തിരക്കിൽ സൈക്കിളിൽ പതിവു പോലെ പോകുകയായിരുന്ന ഞങ്ങൾ സ്ഥലത്തെ പൊലീസ് സ്റ്റേഷന്റെ കാര്യം ഓർത്തതുമില്ല. അതിന്റെ മുന്നിൽ ഒരു കോൺസ്റ്റബിൾ നിന്നതു കണ്ടതുമില്ല. പിടിവീണു. ഞങ്ങളെ രണ്ടിനെയും അയാൾ നിഷ്കരുണം പിടിച്ച് നിർത്തി. കുറെനേരം അയാൾ ഞങ്ങളുടെ കുറ്റത്തിന്റെ തീവ്രത ഞങ്ങളെ പറഞ്ഞു മനസിലാക്കിക്കൊണ്ടിരുന്നു. ഞങ്ങളുടെ തലയിൽ അതൊന്നും കയറുന്നുണ്ടായിരുന്നില്ല. ‘നല്ലതങ്ക’ സിനിമ തുടങ്ങാറായല്ലോ എന്നതായിരുന്നു ഞങ്ങളുടെ വേവലാതി. കുറെനേരം കഴിഞ്ഞപ്പോൾ കൊച്ചുകൃഷ്ണൻനായർ കോൺസ്റ്റബിളിനോടു പറഞ്ഞു, ‘ പൊന്നു സാറെ ഒരു കാര്യം തുറന്നുപറയാം ഇൗ സൈക്കിൾ വേണമെങ്കിൽ സാറിവിടെ പണയമായി വച്ചോളു. ഞങ്ങൾ വളരെ കഷ്ടപ്പെട്ട് ക്ലാസും കട്ട് ചെയ്തിറങ്ങിയതാണു നല്ല തങ്ക കാണാൻ. ഇന്നിനിയും ഇവിടെ നിന്നാൽ അതു മുടങ്ങും. നാളെയും ഞങ്ങൾ ക്ലാസ് കട്ട് ചെയ്യേണ്ടി വരും. അതിന് ഇടവരുത്തരുത്, ഞങ്ങളെ ഇപ്രാവശ്യത്തേക്ക് വിട്ടേക്കണം...’
കൊച്ചുകൃഷ്ണൻനായരുടെ വാചകം കേട്ടു ബോധോദയം വന്നത് കൊണ്ടാണോ, അതോ സൈക്കിൾ പണയമായി തലയിലാകും എന്നു കരുതിയിട്ടാണോ എന്നറിയില്ല അൽപം കഴിഞ്ഞ് അയാൾ ഞങ്ങളെ വിട്ടയച്ചു. ഞങ്ങൾ പൊലീസ് അനുമതിയോടെ സൈക്കിളിൽ ലോഡ് ഇരുന്നു പോയി ‘നല്ലതങ്ക’ സിനിമ കാണുകയും ചെയ്തു.
(തുടരും)
Content Highlight: Madhu Mudrakal by Madhu